നെനച്ച വണ്ടി വന്താച്ച്, ഒന്നല്ല രണ്ട്! വിവോ X200 സീരീസ് ഇന്ത്യയിൽ, അഴകായി 200MP ക്യാമറ
ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ട് പൂക്കൾ പോലെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വിവോ X200 സീരീസിൽ ( vivo X200 Series) രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ കടന്നുവന്നിരിക്കുന്നു. വിവോയുടെ X100 സീരീസിന്റെ പിൻഗാമിയായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ X200 സീരീസിൽ വിവോ X200 (vivo X200), വിവോ X200 പ്രോ (vivo X200 Pro) എന്നീ സ്മാർട്ട്ഫോണുകളാണ് ഉൾപ്പെടുന്നത്. ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ X200 സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടായിരുന്നു. എന്നാൽ നവംബറിൽ ആഗോളതലത്തിൽ വിവോ ഈ രണ്ട് മോഡലുകൾ മാത്രമാണ് പുറത്തിറക്കിയത്.
കിടിലൻ പെർഫോമൻസ്, മികച്ച ക്യാമറ, ബാറ്ററി ഫീച്ചറുകൾ സഹിതമാണ് വിവോ X200 സീരീസ് എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്സെറ്റ് ആണ് വിവോ X200, വിവോ X200 പ്രോ എന്നിവയുടെ കരുത്ത്. ക്യാമറകളുടെയും ബാറ്ററിയുടെയും കാര്യത്തിലാണ് ഈ രണ്ട് ഫോണുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.

വിവോ എക്സ്200, X200 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2800 x 1260 പിക്സൽ) LTPS AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് X200 മോഡലിൽ ഉള്ളത്. അതേസമയം X200 പ്രോ മോഡലിൽ 0.1Hz-120Hz അഡാപ്റ്റീവ് ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800 x 1260 പിക്സൽ) സ്‌ക്രീനാണുള്ളത്.
Immortalis-G925 GPU സഹിതം എത്തുന്ന ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm പ്രൊസസർ ആണ് ഇരുഫോണുകളുടെയും കരുത്ത്. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിൽ 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയാണ് ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ്200 സീരീസ് വാഗ്ദാനം ചെയ്യുന്നത്. അതിൽ മെയിൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയും ഇരുമോഡലുകളിലും സമാനമാണ്. എന്നാൽ പ്രോ മോഡലിൽ ടെലിഫോട്ടോ ക്യാമറ അൽപ്പം കൂടിയതാണ്. അതേസമയം ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ രണ്ട് മോഡലുകളും ഒരുപോലെ തന്നെയാണ്.
വിവോ X200-ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP 1/1.28 ഇഞ്ച് Sony LYT-818 മെയിൻ ക്യാമറ, 1/1.27 ഇഞ്ച് സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി IMX882 ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
വിവോ X200 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP 1/1.28 ഇഞ്ച് Sony LYT-818 മെയിൻ ക്യാമറ, 1/1.27 ഇഞ്ച് സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയ്ക്ക് പുറമേ 200MP സാംസങ് HP9 Zeiss APOടെലിഫോട്ടോ സെൻസർ (f/2.67 അപ്പേർച്ചർ, ടെലിമാക്രോ, 3.7x ഒപ്റ്റിക്കൽ സൂം എന്നിവ സഹിതം) ഇടംപിടിച്ചിരിക്കുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഇതിലും നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് വിവോ എക്സ്200 സീരീസിന്റെ പ്രവർത്തനം. 5G SA/NSA, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS,: L1+L5 NavIC: L5, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി, IP68 + IP69 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്.
ബാറ്ററിയുടെയും ചാർജിങ്ങിന്റെയും കാര്യത്തിലും വിവോ എക്സ്200 സീരീസ് മോഡലുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. X200-ൽ 5,800mAh ബാറ്ററിയാണുള്ളത്, അതേസമയം X200 പ്രോയ്ക്ക് 6,000mAh ബാറ്ററിയുണ്ട്. രണ്ട് ഫോണുകൾക്കും 90W വയർഡ് ചാർജിംഗ് ഉണ്ട്, പ്രോ മോഡലിൽ 30W വയർലെസ് ചാർജിംഗ് പിന്തുണ കൂടി അധികമായി ഉണ്ട്.
വിലയും ലഭ്യതയും: വിവോ X200 ന്റെ 12GB + 256GB മോഡലിന് 65999 രൂപയും 16GB + 512GB മോഡലിന് 71,999 രൂപയും ആണ് വില. നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. വിവോ X200 പ്രോയുടെ 16GB + 512GB മോഡലിന് 94,999 രൂപയാണ് വില. ടൈറ്റാനിയം ഗ്രേ, കോസ്‌മോസ് ബ്ലാക്ക് നിറങ്ങളിൽ ഇത് എത്തുന്നു.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ ഈ മോഡലുകൾക്ക് ലഭ്യമാണ്. ഓൺലൈൻ പർച്ചേസുകൾക്ക് ബാങ്ക് ഓഫറായി 9500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഡിസംബർ 19 മുതൽ വിവോ X200, വിവോ X200 പ്രോ എന്നിവയുടെ വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications