നിൽക്ക്, ഇത് വന്നിട്ട് മതി ഇനി തീരുമാനമെടുക്കൽ! വിവോ X200 FE ഇന്ത്യയിലേക്ക് വരുന്നു
വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്ന ഒരുപറ്റം ആരാധകർ ഇന്ത്യയിലുണ്ട്. മികച്ച ക്യാമറ ഫീച്ചറുകളും ശക്തമായ പെർഫോമൻസും കൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തുന്നതിൽ വിജയിച്ച വിവോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസിലെ ഏറ്റവും പുതിയ കണ്ണികൾ വിവോ X200 സീരീസ് മോഡലുകളാണ്. ഇതിനകം രണ്ട് മോഡലുകളാണ് വിവോ X200 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വിവോ X200, വിവോ X200 പ്രോ എന്നിവയാണ് അവ. എന്നാൽ ചൈനയിൽ ഇവ കൂടാതെ വിവോ X200 അൾട്ര ഉൾപ്പെടെയുള്ള വേറെയും മോഡലുകൾ ഈ സീരീസിൽ പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ ഒരു വിവോ X200 മിനി മോഡൽ ലോഞ്ച് ചെയ്യും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് നടന്നില്ല. എന്നാലിപ്പോൾ ഇന്ത്യയിലെ വിവോ X200 സീരീസ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത എത്തിയിട്ടുണ്ട്. വിവോ X200 ഫാൻ എഡിഷൻ (vivo X200 FE) ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും എന്നതാണ് ആ വാർത്ത.

വിവോ X200 സീരീസിലെ പുതിയ സ്മാർട്ട്‌ഫോണായി വിവോ X200 FE 2025 ജൂലൈയിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ പറയുന്നു. പക്ഷേ, മീഡിയടെക് ഡിമെൻസിറ്റ് 9400 ചിപ്സെറ്റ് കരുത്തിലാണ് X200 സീരീസിലെ ഫോണുകൾ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. എന്നാൽ വരാൻ പോകുന്ന ഫാൻ എഡിഷനിൽ ഡിമെൻസിറ്റി 9300+ ചിപ്പ്, അല്ലെങ്കിൽ അടുത്ത ആഴ്ച ചൈനയിൽ അവതരിപ്പിക്കുന്ന ഡിമെൻസിറ്റി 9400e ചിപ്‌സെറ്റാകും ഉണ്ടാകുക.
വരാൻ പോകുന്ന വിവോ X200 FE മോഡലിൽ 50MP IMX921 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 50MP സോണി IMX882 3X ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ എന്നിവ ഉണ്ടാകും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. വിവോ X200 സീരീസിലെ മറ്റ് മോഡലുകളിൽ ഉള്ളതിന് സമാനമായി IP68 + IP69 റേറ്റിങ്ങും പുതിയ ഫോണിൽ പ്രതീക്ഷിക്കുന്നു.

6500mAh ബാറ്ററി സഹിതമാകും ഈ ഫാൻ എഡിഷൻ മോഡൽ എത്തുകയെന്നും മറ്റ് മോഡലുകളിലേത് പോലെ 90W ഫാസ്റ്റ് ചാർജിംഗ് ഈ ഫോണിലും ഉണ്ടാകുമെന്നും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. വിവോ X200 സീരീസിന്റെ വില കുറഞ്ഞ മോഡൽ എന്ന നിലയിൽ ഉപയോക്താക്കൾക്ക് പരിഗണിക്കാൻ ലക്ഷ്യമിട്ടാണ് വിവോ X200 FE എത്തുക.
വിവോ X200 പ്രോയുടെ 16GB + 512GB അടിസ്ഥാന വേരിയന്റ് നിലവിൽ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 94,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 7000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും നോ കോസ്റ്റ് ഇഎംഐ ഉൾപ്പെടെയുള്ള മറ്റ് ഓഫറുകളും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേപോലെ വിവോ X200 മോഡലിന്റെ 12GB + 256GB വേരിയന്റ് ഇപ്പോൾ 65,999 രൂപ വിലയിൽ ആണ് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് വിവോ X200 ന്റെ 12GB + 256GB മോഡലിന് 65999 രൂപയും 16GB + 512GB മോഡലിന് 71,999 രൂപയും ആയിരുന്നു വില.

ഇപ്പോൾ ഈ മോഡലിന് 5500 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 60499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇനി വരാൻ പോകുന്ന വിവോ x200 FE മോഡലിന്റെ കാര്യമെടുത്താൽ 12GB + 256GB, 16GB + 512GB മോഡലുകൾ 50,000 മുതൽ 60,000 രൂപ വരെ വിലകളിൽ ലഭ്യമാകുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.


Click it and Unblock the Notifications








