ZEISS ഒപ്റ്റിക്‌സും പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്; X200T ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ച് വിവോ
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് X200T (vivo X200T) എന്ന മോഡലിന്റെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ച് വിവോ. വിവോയുടെ X200 സീരീസിന്റെ ഭാഗമായിട്ടാണ് ഈ പുതിയ മോഡൽ ലോഞ്ച് ചെയ്യുക. കമിങ് സൂൺ എന്ന കുറിപ്പോടെ വിവോ X200T യുടെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നു. X200 FE -യിൽ കണ്ടതുപോലെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ZEISS ഒപ്റ്റിക്‌സും വരാൻ പോകുന്ന ഈ വിവോ X സീരീസ് ഫോണിലും ഉണ്ട് എന്ന് ടീസർ സ്ഥിരീകരിക്കുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചു, എന്നതിനപ്പുറം X200T യുടെ മറ്റ് ഫീച്ചറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുറത്തുവന്ന ടീസർ നൽകുന്ന സൂചന പ്രകാരം X200FE മോഡലിന്റേതിൽ നിന്ന് വ്യത്യസ്തമായ ക്യാമറ ഡെക്കോയാണ് X200T മോഡലിൽ ഉള്ളത്. FE മോഡലിൽ ക്യാപ്സ്യൂൾ രൂപത്തിലുള്ള റിയർ ക്യാമറ സജ്ജീകരണമാണ്.

വിവോ X200T ടീസറിൽ കാണുന്നത് അടുത്തിടെ പുറത്തിറങ്ങിയ X300 സീരീസ് മോഡലുകളിലേത് പോലെയുള്ള, വൃത്താകൃതിയിലുള്ള റിയർ ക്യാമറ സജ്ജീകരണമാണ്. ഫ്ലിപ്പ്കാർട്ടിലെ റിപ്പബ്ലിക് ഡേ സെയിലിനോട് അനുബന്ധിച്ച് ഈ വിവോ ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. അതിനാൽ അടുത്ത ആഴ്ച X200T യുടെ ലോഞ്ച് പ്രതീക്ഷിക്കാം.
വിവോയുടെ ഫ്ലാഗ്ഷിപ്പ് X200 മോഡലിനും കോംപാക്റ്റ് X200FE മോഡലിന്റെയും ഒരു മിക്സ് ആയിരിക്കും X200T എന്നാണ് ഇതിനകം പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് X300 സീരീസിനെക്കാളും X200 നെക്കാളും താങ്ങാനാവുന്ന വിലയുള്ള ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ സ്മാർട്ട്‌ഫോൺ മോഡലായിട്ടായിരിക്കും X200T എത്തുക എന്നാണ് റിപ്പോർട്ട്.
കമ്പനി ഔദ്യോഗികമായി ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ വരാൻ പോകുന്ന ഈ ഫോണിലെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്ന് ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്. അവ എന്താണ് എന്ന് കൂടി പരിചയപ്പെടാം. 6.67-ഇഞ്ച് (2800×1260 പിക്‌സലുകൾ) 1.5K 120Hz AMOLED ഡിസ്‌പ്ലേ X200T മോഡലിൽ ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ് കരുത്തിലായിരിക്കും ഈ വിവോ ഫോൺ എത്തുക. OIS ഉള്ള 50MP സോണി LYTIA LYT-702 മെയിൻ സെൻസർ, സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ വൈഡ് ക്യാമറ, LYT-600 സെൻസറുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ X200T മോഡലിൽ പ്രതീക്ഷിക്കുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഈ വിവോ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 6200mAh ബാറ്ററിയാകും ഇതിൽ ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP68 + IP69 റേറ്റിങ്ങും ഇതിൽ ഉണ്ടാകും.
X200 FE-യിൽ ഇല്ലാതിരുന്ന 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും eSIM പിന്തുണയും വരാൻ പോകുന്ന X200T മോഡലിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ ആണ് ഈ ഫോൺ എത്തുകയെന്നും 5 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും വിവോ ഈ ഫോണിന് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാൻ കഴിയും.


Click it and Unblock the Notifications








