വിവോയുടെ ചിന്നക്കുട്ടി, ചെല്ലക്കുട്ടി, തങ്കക്കട്ടി...! 5000 രൂപ ഡിസ്കൗണ്ടുമായി വിവോ X200T വിൽപ്പന തുടങ്ങി
വിവോ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ X സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ X200T (vivo X200T) മോഡൽ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകും. വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ അണിനിരക്കുന്ന വിവോ X സീരീസിൽ എത്തുന്നു എങ്കിലും പ്രീമിയം മോഡലുകളുടെ അൽപ്പം വില കുറഞ്ഞ വേരിയന്റായി, പുതിയ X300 സീരീസ് മോഡലുകൾക്ക് താഴെയായിട്ടാണ് X200T യുടെ സ്ഥാനം.
വിവോ X200 സീരീസിന്റെ ഭാഗമായിട്ടാണ് X200T പരിഗണിക്കപ്പെടുന്നത്. പുതിയ വിവോ X300, X300 പ്രോ മോഡലുകളുടെ ലോഞ്ചിന് ശേഷമാണ് ഈ X200T എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. X300 മോഡലുകൾ വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ കഴിയുന്ന ഓപ്ഷനായി വിവോ X200T പ്രീമിയം ലെവൽ ഫീച്ചറുകളുമായിട്ടാണ് എത്തിയിരിക്കുന്നത്.

വിവോ X200T 5ജിയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 12GB + 512GB മോഡലിന് 69,999 രൂപയുമാണ് വില. വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ലോഞ്ച് ഓഫറുകൾ സഹിതമാണ് വിവോ X200T ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓൺലൈൻ പർച്ചേസിൽ 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അല്ലെങ്കിൽ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ഈ ഫോണിന് വിവോ സ്റ്റോറിൽ ലഭ്യമാകും.
ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വിവോ X200T അടിസ്ഥാന മോഡൽ 54999 രൂപ വിലയിലും ടോപ് മോഡൽ 64999 രൂപ വിലയിലും വാങ്ങാനാകും. 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറന്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. സീസൈഡ് ലിലാക്ക്, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം പ്രീമിയം മോഡലുകൾക്ക് താഴെയായി എത്തിയിരിക്കുന്ന വിവോ X200T ഒരു തങ്കക്കട്ടിയാണ്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഈ ഫോണിൽ ലഭ്യമാകുന്നു എന്നതാണ് ഈ ഫോണിനെ ആരാധകരുടെ ചെല്ലക്കുട്ടിയാക്കുന്നത്. 4500mm² VC കൂളിംഗ് സജ്ജീകരണം, ZIESS പിന്തുണയുള്ള ക്യാമറ സജ്ജീകരണം എന്നിവയെല്ലാം ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ ഡൈമെൻസിറ്റി 9400+ 3nm പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. ZEISS പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ), LED ഫ്ലാഷ്, വരെ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലടങ്ങുന്നു.
1/3.44″ ISOCELL KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) വിവോ X200T മോഡലിലുണ്ട്. 6.67-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED സ്ക്രീൻ, 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഇമ്മോർട്ടാലിസ്-G925 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവ ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 6200mAh ബാറ്ററിയാണ് വിവോ ഈ മോഡലിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ ആണ് പ്രവർത്തനം. 5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 160.1×74.29×7.99mm വലിപ്പവും 203 ഗ്രാം (സീസൈഡ് ലിലാക്ക്) / 205 ഗ്രാം (സ്റ്റെല്ലാർ ബ്ലാക്ക്) ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications


