അടിമുടി ആവേശം! ZIESS ക്യാമറകളുമായി വിവോ X200T ജനുവരി 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
വിവോ സ്മാർട്ട്ഫോൺ ആരാധകരെയും ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയെ മൊത്തത്തിലും ആവശേഭരിതമാക്കാൻ ഒരു ഉശിരൻ സ്മാർട്ട്ഫോൺ അടുത്തയാഴ്ച ഇന്ത്യയിലെത്താൻ പോകുന്നു. വിവോയുടെ X200 സീരീസിന്റെ ഭാഗമായി വിവോ X200T (vivo X200T) ജനുവരി 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നതിന് മുന്നോടിയായി ഇതിനകം ടീസറുകൾ വിവോ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ലോഞ്ച് തിയതി പ്രഖ്യാപിച്ചതോടെ സ്മാർട്ട്ഫോൺ ആരാധകരുടെ ആവേശവും ഒപ്പം ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. ZIESS പിന്തുണയുള്ള ക്യാമറ സജ്ജീകരണം അടക്കം ഈ വരാൻ പോകുന്ന ഫോണിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ് കരുത്തിൽ ആണ് ഈ വിവോ X സീരീസ് ഫോൺ എത്തുന്നത് എന്നും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ് ഒഎസ് 6 ൽ ആണ് ഇത് പ്രവർത്തിക്കുകയെന്നും വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തെപ്പറ്റിയും വിവോ വെളിപ്പെടുത്തിയിട്ടുണ്ട്.

ട്രിപ്പിൾ 50MP ക്യാമറകൾ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് വിവോ X200T -യിൽ ഉണ്ടാകുക. അതിൽ IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ), JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് സെൻസർ (f/2.0 അപ്പേർച്ചർ), IMX882 സെൻസറുള്ള 50MP ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ), 70mm ഫോക്കൽ ലെങ്ത് എന്നിവ ഉണ്ട് എന്ന് വിവോ സ്ഥിരീകരിച്ചു.
വിവോ X200T റിയർ ക്യാമറകളെല്ലാം ZIESS പിന്തുണയോടെയാണ് എത്തുന്നത്. കൂടാതെ ഫോണിന് 100x വരെ ഹൈപ്പർസൂം ഉണ്ടെന്ന് വിവോ പറഞ്ഞു. പൊടി- ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുക എന്ന വിവരവും ഔദ്യോഗിക വെബ്സൈറ്റിലെ X200T -യുടെ പേജിൽ വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.

സീസൈഡ് ലിലാക്ക്, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ X200T ലഭ്യമാകുക. ജനുവരി 27ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ വിവോ X200T വാങ്ങാൻ ലഭ്യമാകും എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
വിവോ X200T 5ജിയുടെ മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, 6.67 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED ഡിസ്പ്ലേ, 32MP ഫ്രണ്ട് ക്യാമറ, 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 6200mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഇതിലുണ്ടാകും.
3D അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, eSIM പിന്തുണ എന്നിവയും വിവോ X200T -യിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വില സംബന്ധിച്ച് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയത് ഇതിന്റെ 12ജിബി + 256ജിബി മോഡൽ 59,999 രൂപ വിലയിലും 12ജിബി + 512ജിബി മോഡൽ 69,999 രൂപ വിലയിലും ആയിരിക്കും ഇന്ത്യയിൽ എത്തുക എന്നാണ്.

വിവോയുടെ പ്രീമിയം മോഡലുകളായ വിവോ X300, വിവോ X300 പ്രോ എന്നിവ അടങ്ങുന്ന വിവോ X300 സീരീസ് അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഈ പ്രീമിയം മോഡലുകളുടെ തൊട്ട് താഴെയുള്ള വിവോ സ്മാർട്ട്ഫോൺ ഓപ്ഷൻ എന്ന നിലയിലാകും വിവോ X200T എത്തുക.


Click it and Unblock the Notifications








