ഡിസംബർ 2ന് ഇന്ത്യയിലെത്തുന്ന വമ്പൻ വിവോ സ്മാർട്ട്ഫോൺ! 200MP ക്യാമറ, ഡൈമെൻസിറ്റി 9500 ചിപ് കരുത്ത്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നു. ഡിസംബർ 2ന് വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവിധ പ്രീമിയം മോഡലുകൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. എന്നാൽ, ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ആണ് വിവോ X300 സീരീസിന്റേത്. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്.
എക്സ് 300 സീരീസിലെ രണ്ട് മോഡലുകളിലും വിവോ 200MP ക്യാമറ സജ്ജീകരണം ഒരുക്കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 3nm പ്രൊസസർ ആണ് വിവോ X300 സീരീസിന്റെ പെർഫോമൻസിന് കരുത്തുപകരുന്ന ശക്തികേന്ദ്രം. ഈ സീരീസിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോൺ സ്വാഭാവികമായും പ്രോ മോഡലാണ്. എന്നാൽ വില അൽപ്പം കുറയുമെങ്കിലും പ്രീമിയം ഫീച്ചറുകൾ X300-ൽ കാര്യമായി കുറയില്ല.

ഇതിനകം ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകൾ എന്ന നിലയിൽ വിവോ X300 ഫീച്ചറുകൾ സംബന്ധിച്ച ഒരു ധാരണ നമുക്ക് മുന്നിൽ ലഭ്യമാണ്. എന്നാൽ ഇവയുടെ ഇന്ത്യയിലെ വില എന്തായിരിക്കും എന്നതാണ് ഇനി പ്രധാനമായും അറിയാനുള്ളത്. അടുത്തിടെ ലോഞ്ച് ചെയ്ത പ്രീമിയം മോഡലുകളെല്ലാം മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് എത്തിയിരിക്കുന്നത്.
ചിപ്പുകളുടെ ക്ഷാമവും വില വർധനവും മൂലം സ്മാർട്ട്ഫോണുകളുടെ വില ഉയരാൻ തുടങ്ങിയിരിക്കുന്നു എന്ന് പുതിയ പ്രീമിയം മോഡലുകളുടെ ലോഞ്ച് വില വ്യക്തമാക്കുന്നു. വിവോ X300 സീരീസ് മോഡലുകളും മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിൽ തന്നെ എത്താനാണ് സാധ്യത. ആഗോളതലത്തിൽ വിവോ X300 6GB + 512GB മോഡലിന് 1,049 യൂറോ (ഏകദേശം 1,07,655 രൂപ) ആയിരുന്നു വില.

അതേപോലെ വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,399 യൂറോ (ഏകദേശം 1,43,575 രൂപ) ആയിരുന്നു ആഗോള തലത്തിൽ വില. പ്രീമിയം മോഡൽ എന്ന നിലയിൽ മികച്ച പെർഫോമൻസിനൊപ്പം ശക്തമായ ക്യാമറ ഫീച്ചറുകളും ഈ ഫോണുകളിലുണ്ട്. വിവോ X300 സീരീസിന്റെ മുഖ്യ ആകർഷണം 200MP ക്യാമറ അടങ്ങുന്ന ഫോട്ടോഗ്രഫി സജ്ജീകരണങ്ങളാണ്.
വിവോ X300 ന് 1/1.4″ സാംസങ് എച്ച്പിബി സെൻസറുള്ള 200MP മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ടെലിമാക്രോയോടുകൂടിയ 50MP 1/1.95″ എൽവൈടി 602 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. X300 പ്രോയിൽ 50MP 1/1.28″ LYT828 മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും 1/1.4″ സാംസങ് HPB സെൻസർ സഹിതം 200MP ടെലിഫോട്ടോ ക്യാമറയുമുണ്ട്.
സെൽഫി, വീഡിയോകോളുകൾ എന്നിവയ്ക്കായി X300 സീരീസിൽ വിവോ 50MP ഫ്രണ്ട് ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. X300 പ്രോ മോഡലിനൊപ്പം ഫോട്ടോഗ്രാഫർ കിറ്റും വിവോ പുറത്തിറക്കുന്നുണ്ട്. ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഇന്ത്യൻ മോഡലുകൾ ഇതിനകം ലോഞ്ച് ചെയ്ത മോഡലുകളിൽ വ്യത്യസ്തമായേക്കാം. ചൈനീസ് വേരിയന്റിൽ X300 മോഡലിൽ 6040mAh ബാറ്ററിയും X300 പ്രോയിൽ 6510mAh ബാറ്ററിയുമാണ് ഉണ്ടായിരുന്നത്.

ആഗോളതലത്തിൽ ലോഞ്ച് ചെയ്ത X300-ൽ 5360mAh ബാറ്ററിയും പ്രോ മോഡലിൽ 5440mAh ബാറ്ററിയുമാണ് ഉണ്ടായിരുന്നത്. X300 സമ്മിറ്റ് റെഡ്, ഫാന്റം ബ്ലാക്ക്, മിസ്റ്റ് ബ്ലൂ കളർ ഓപ്ഷനുകളിലും X300 പ്രോ മോഡൽ ഡ്യൂൺ ബ്രൗൺ, ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനുകളിലും ആണ് ഇന്ത്യയിൽ എത്തുക.
ഡിസംബർ 2ലെ ലോഞ്ചിന് ശേഷം വിവോ ഇന്ത്യ ഇസ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ X300 സീരീസ് വിവോ ഫോണുകൾ വാങ്ങാം. ശക്തൻ ക്യാമറ സജ്ജീകരണം സഹിതം ഒരു പ്രീമിയം മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾ ഡിസംബർ 2 വരെ കാത്തിരിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








