X300 പ്രോയെക്കാൾ ശക്തൻ എന്ന് പറയുമ്പോൾ എന്തായിരിക്കും ഒരു റേഞ്ച്; കൊതിപ്പിച്ച് വിവോ X300 അൾട്ര
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലാകെ ആവേശം ഉയർത്തിയ ഒരു ലോഞ്ച് ആയിരുന്നു വിവോ X300 സീരീസിലെ X300 പ്രോ മോഡലിന്റേത്. മികച്ച ക്യാമറ സജ്ജീകരണങ്ങൾ സഹിതം എത്തിയ ഈ പ്രീമിയം ഫോൺ വിൽപ്പന തുടങ്ങിയ ശേഷം നല്ല പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒപ്പമെത്തിയ മറ്റ് പ്രീമിയം മോഡലുകളെക്കാൾ ഒരുപടി മുന്നിൽ ജനപ്രീതി നേടാൻ വിവോ X300 പ്രോയ്ക്ക് ഇന്ത്യയിൽ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള വിവോ X300 പ്രോയെ കടത്തിവെട്ടുന്ന ഒരു ഫോൺ വിവോ X300 സീരീസിൽ തന്നെ ഇന്ത്യയിലേക്ക് എത്താൻ പോകുന്നു എന്ന് പറയുമ്പോൾ അതിന്റെ ഒരു റേഞ്ച് എന്തായിരിക്കുമെന്ന് ഊഹിച്ച് നോക്കുക!
വിവോ X300 സീരീസിൽ പുതിയ വിവോ X300 മാക്സ് മോഡലിനൊപ്പം വിവോ X300 അൾട്ര (Vivo X300 Ultra) മോഡൽ ചൈനയിൽ ലോഞ്ചിന് ഒരുങ്ങുകയാണ്, സ്പ്രിങ് ഫെസ്റ്റിവലിന് ശേഷം ഈ ഫോണുകൾ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ട്, മാർച്ച് 3ന് ആണ് സ്പ്രിങ് ഫെസ്റ്റിവൽ അവസാനിക്കുക. അതിന് ശേഷം വിവോ X300 സീരീസിലെ പുതിയ മോഡലുകൾ അവതരിപ്പിക്കും.

ഇതിൽ ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വിവോ X300 അൾട്ര ഇന്ത്യയിലും ലോഞ്ച് ചെയ്തേക്കും എന്ന ഒരു ടിപ്സ്റ്ററുടെ വെളിപ്പെടുത്തലാണ്. ചൈനയിലെ ലോഞ്ചിന് ശേഷം വിവോ എക്സ് 300 അൾട്ര ആഗോളതലത്തിലും ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുമെന്ന് ടിപ്‌സ്റ്റർ ഗാഡ്‌ജെറ്റ്‌സ്ഡാറ്റ (അഥവാ ഡെബയോൺ റോയ്) അവകാശപ്പെടുന്നു.
ലോഞ്ച് ഡീറ്റെയിൽസിനൊപ്പം വിവോ എക്സ് 300 അൾട്രയുടെ പ്രധാന ഫീച്ചറുകളും ടിപ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ലോഞ്ച് ചെയ്ത വിവോ X300 പ്രോ മോഡലിനെക്കാൾ വളരെ ശക്തനാണ് വരാൻ പോകുന്ന X300 അൾട്ര എന്ന് ഈ ഡീറ്റെയിൽസ് പറയുന്നു. ലേറ്റെസ്റ്റ് സാംസങ് അൾട്ര മോഡലിനോടും ആപ്പിൾ ഐഫോൺ പ്രോ മാക്സ് മോഡലിനോടും കിടപിടിക്കാൻ തക്ക ശേഷി ഈ വിവോ അൾട്ര മോഡലിന് ഉണ്ടെന്നാണ് വിലയിരുത്തലുകൾ വന്നിരിക്കുന്നത്.

ഇതിനകം എത്തിയ വിവോ X300 പ്രോയിലുള്ള ഫീച്ചറുകൾ ആയിരിക്കില്ല X300 അൾട്രയിൽ ഉണ്ടാകുകയെന്ന് ടിപ്സ്റ്റർ പറയുന്നു. X300 പ്രോയ്ക്ക് കരുത്തുപകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആയിരുന്നു, അതിന്റെ എതിരാളിയായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് അൾട്ര മോഡലിന് കരുത്ത് പകരുന്നതെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു.
ആപ്പിളിന്റെ A19 പ്രോ ചിപ്‌സെറ്റിനെ ഉൾപ്പെടെ മറികടക്കുന്ന, ബെഞ്ച്മാർക്ക് സ്കോറുകളിലും ദൈനംദിന ഉപയോഗത്തിൽ മികച്ച പെർഫോമൻസിലും ഒന്നാമതുള്ള ചിപ്സെറ്റ് ആണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ 6.82-ഇഞ്ച് 2K LTPO OLED സ്ക്രീൻ ആയിരിക്കും X300 അൾട്രയിൽ ഉണ്ടാകുക. IP69 റേറ്റിങ്ങും അൾട്ര മോഡലിലുണ്ട് എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു.
പെർഫോമൻസിന്റെ കാര്യത്തിലെന്നപോലെ ബാറ്ററി ശേഷിയുടെ കാര്യത്തിലും X300 പ്രോയെക്കാൾ മുന്നിലായിരിക്കും X300 അൾട്ര എന്നാണ് ടിപ്സ്റ്റർ പറയുന്നത്. 7,000mAh ബാറ്ററിയാണ് X300 അൾട്രയിലുള്ളത് എന്നാണ് സൂചന, 6510mAh ബാറ്ററിയാണ് പ്രോ മോഡലിലുള്ളത്. 100W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയും X300 അൾട്ര മോഡലിന് ഉണ്ടാകും.

X300 പ്രോയെ ശ്രദ്ധേയമാക്കുന്നത് അതിലെ ക്യാമറ സജ്ജീകരണമാണ്, X300 അൾട്രയിൽ അതിനെക്കാൾ ശക്തമായ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കുന്നുണ്ട്. സാംസങ് ഗാലക്‌സി എസ് 25 അൾട്രയുടെ മെയിൻ ക്യാമറയ്ക്ക് അനുസൃതമായി, ബെറ്റർ ഡീറ്റെയിൽസിനായി അപ്‌ഗ്രേഡ് ചെയ്‌ത 200MP പ്രൈമറി സെൻസറുള്ള ക്വാഡ്-റിയർ ക്യാമറ സജ്ജീകരണം X300 അൾട്രയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ എക്സ് 300 അൾട്രയിൽ 50MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടാകുക എന്നാണ് സൂചന. നിലവിൽ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ. കൂടുതൽ ഡീറ്റെയിൽസ് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തുന്നതോടെ അറിയാൻ കഴിയും. അടുത്ത മാസം ഇത് ചൈനയിൽ ലോഞ്ച് ചെയ്യുന്നതോടെ ലീക്ക് റിപ്പോർട്ടുകൾ സത്യമായിരുന്നോ എന്നതിൽ ഒരു തീരുമാനമാകും, അതോടൊപ്പം X300 അൾട്ര എന്താണ് എന്ന് യഥാർഥത്തിൽ വെളിപ്പെടുകയും ചെയ്യും, കാത്തിരിക്കാം.


Click it and Unblock the Notifications








