ഫോട്ടോയെടുക്കാൻ പുതിയ ആൾ എത്തി, ആള് പ്രോ ആണ്! വിവോ Y200 പ്രോ 5ജി ഇന്ത്യയിൽ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇന്ന് ആഹ്ലാദത്തിന്റെ ദിനമാണ്. ഇന്ന് ഏതാണ്ട് ഒരേ വിലയിൽ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗെയിമിങ്ങിനോട് താൽപര്യമുള്ളവർക്ക് ആഹ്ലാദം പകർന്നുകൊണ്ട് ഇൻഫിനിക്സ് GT 20 Pro ആദ്യം ലോഞ്ച് ചെയ്തു. അതിനു പിന്നാലെ ഒരു കിടിലൻ വിവോഫോണും എത്തിയിട്ടുണ്ട്.
വിവോയുടെ Y സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ Y200 പ്രോ 5ജി (Vivo Y200 Pro 5G) ആണ് ഇന്ത്യയിൽ പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലുളള ഒരു കിടിലൻ സ്മാർട്ട്ഫോണാണ് ഇത് എന്നാണ് ഫീച്ചറുകൾ വ്യക്തമാക്കുന്നത്.

സെഗ്‌മെൻ്റിലെ ഏറ്റവും സ്ലിം ആയിട്ടുള്ള 3D കർവ് ഡിസ്‌പ്ലേയാണ് ഈ സ്‌മാർട്ട്‌ഫോണിനുള്ളതെന്ന് വിവോ അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ ആൻ്റി ഷേക്ക് ക്യാമറയാണ് സ്മാർട്ട്ഫോണിൻ്റെ പ്രധാന ഹൈലൈറ്റ്. ഒറ്റ റാം, സ്റ്റോറേജ് ഓപ്ഷനിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.
വിവോ Y200 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും "കുഷ്യനിംഗ് സ്ട്രക്ചറും" ഇതിലുണ്ട്. ഇത് ഫോണിന്റെ ഈട് വർദ്ധിപ്പിക്കുകയും വീഴ്ചകളിൽ സ്ക്രീൻ തകരുന്നത് കുറയ്ക്കുകയും ചെയ്യും.

അഡ്രിനോ 619 GPU ഉള്ള 6nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റാണ് ഈ വിവോ ഫോണിന്റെ കരുത്ത്. 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതോടൊപ്പം എത്തുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യമുണ്ട്.
ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലുള്ള 64 മെഗാപിക്സൽ ആൻ്റി-ഷേക്ക് ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് വിവോ Y200 പ്രോ 5ജിയുടേത്. എഫ്/1.79 അപ്പേർച്ചറുള്ള 64എംപി മെയിൻ ക്യാമറ കൂടാതെ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി പോർട്രെയ്റ്റ് ക്യാമറയാണ് ഇതിലെത്തുന്നത്.
എൽഇഡി ഫ്ലാഷ്, ഓറ എൽഇഡി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. സെൽഫി പ്രേമികൾക്കായി വിവോ f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറ നോച്ചിനുള്ളിൽ നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ജിപിഎസ്/ GLONASS/ Beidou, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് വിവോ Y200 പ്രോ 5ജി അവതരിപ്പിക്കുന്നത്. നാല് വർഷത്തെ ബാറ്ററി ഹെൽത്ത് ഈ ഫോണിന് ഉറപ്പാണെന്ന് വിവോ പറയുന്നു. സിൽക്ക് ഗ്രീൻ, സിൽക്ക് ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. വിവോ Y200 പ്രോ 5ജിയുടെ സിംഗിൾ 8GB+ 128GB മോഡലിന് 24,999 രൂപയാണ് വില.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രേറ്റർ നോയിഡയിലെ സൗകര്യത്തിലാണ് സ്മാർട്ട്‌ഫോൺ നിർമ്മിച്ചതെന്ന് വിവോ പറയുന്നു. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകൾ, വിവോയുടെ പങ്കാളിയായ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഇന്ന് മുതൽ തന്നെ ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാണ്. വിൽപ്പന ആരംഭം എന്ന നിലയിൽ ആകർഷകമായ ഓഫറുകളും ഉണ്ട്.

ഫെഡറൽ ബാങ്ക്, എസ്‌ബിഐ കാർഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് ഈ സ്‌മാർട്ട്‌ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2500 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. ഇതിലൂടെ വില 22,499 രൂപയായി കുറയ്ക്കാം. ഇതുകൂടാതെ ദിവസവും 45 രൂപ വച്ച് അടച്ച് വിവോ Y200 പ്രോ 5G വാങ്ങാനുള്ള സൗകര്യവും ഉണ്ട്.


Click it and Unblock the Notifications








