ഒരു ബാറ്ററി വീരഗാഥ! 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസ്; ഇന്ത്യയിൽ വൻ ട്വിസ്റ്റ്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ Y സീരീസിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വിവോ Y സീരീസിൽ Y300, Y300i എന്നീ മോഡലുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ സീരീസിലേക്ക് ഒരു മോഡൽ കൂടി എത്താൻ പോകുന്നു എന്ന് വിവോ തന്നെ അറിയിച്ചിട്ടുണ്ട്. വിവോ Y300 പ്രോ+ (vivo Y300 Pro+) എന്നാണ് ഈ വരാൻ പോകുന്ന ഫോണിന്റെ പേര്. മാർച്ച് 31ന് ഇത് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് വിവോ പ്രോഡക്റ്റ് വൈസ് പ്രസിഡന്റ് ഒയാങ് വീഫെങ് സ്ഥിരീകരിച്ചു.
വിവോ Y300 പ്രോ+ മോഡലിനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ ബാറ്ററി ശേഷിയാണ്. 7300mAh അൾട്രാ-തിൻ ബ്ലൂ ഓഷ്യൻ ബാറ്ററിയാണ് ഇതിലുണ്ടാകുക. Y സീരീസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണാണ് ഇതെന്നും, എന്തിനേറെ, വിവോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണെന്നും ബാറ്ററി മെറ്റീരിയൽ വ്യവസായത്തിലെ സമ്പൂർണ്ണ പ്രീമിയം ഫ്ലാഗ്ഷിപ്പ് ബാറ്ററി മെറ്റീരിയലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

7300mAh ബാറ്ററിക്ക് ഒപ്പം 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയും വിവോ Y300 പ്രോ പ്ലസ് മോഡലിൽ ഉണ്ട് എന്ന് കമ്പനി സ്ഥീരീകരിച്ചിട്ടുണ്ട്. കൂടാതെ മികച്ച പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് ആണ് ഇതിൽ നൽകുന്നത്. മുൻ റിപ്പോർട്ടുകൾ പ്രകാരം, വിവോ Y300 പ്രോ+ മോഡലിൽ 12GB+ 512GB വരെ റാം+ സ്റ്റോറേജ് സൗകര്യവും ഉണ്ടാകും.
എന്നാൽ ചൈനയിലെ വിവോ Y300 പ്രോ പ്ലസിന്റെ വരവ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുമായും ബന്ധപ്പെടാൻ സാധ്യതയുണ്ട്. കാരണം ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു വാർത്തകൂടിയുണ്ട്. ഐക്യൂ Z10 സീരീസ് ഏപ്രിൽ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി അറിയിച്ചിരുന്നു. അതിന്റെ പ്രധാന പ്രത്യേകതയായി പറഞ്ഞിരിക്കുന്നതും 7300mAh ബാറ്ററിയാണ് ഐക്യൂ Z10 5ജിയിൽ ഉണ്ടാകുക എന്നാണ്.
ട്വിസ്റ്റ് എന്തെന്നാൽ, ചൈനയിൽ മാർച്ച് 31ന് ലോഞ്ച് ചെയ്യുന്ന വിവോ Y300 പ്രോ പ്ലസ് തന്നെയാകും ഒരുപക്ഷേ ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ എത്തുക. എന്തായാലും ഇന്ത്യയിൽ ഇതുവരെ ഒരു സ്മാർട്ട്ഫോണും വാഗ്ദാനം ചെയ്തിട്ടില്ലാത്ത 7300mAh ബാറ്ററി ശേഷി ആദ്യം അവതരിപ്പിക്കുക ഐക്യൂ Z10 മോഡലാകും.
6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് FHD+ 120Hz AMOLED ഡിസ്‌പ്ലേ, OIS ഉള്ള 50MP സോണി IMX882 മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ എന്നിവ ഐക്യൂ Z10 5ജിയിൽ ഉണ്ടാകും എന്ന് നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഐക്യൂ ഫോണിൽ ഉണ്ടാകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനകം ലഭ്യമായ ഫീച്ചറുകൾ പരിശോധിച്ചാൽ വരാൻ പോകുന്ന വിവോ Y300 പ്രോ പ്ലസ് മോഡലും ഐക്യൂ Z10 മോഡലും തമ്മിൽ സാമ്യതകൾ ഏറെയാണ്. 30000 രൂപയിൽ താഴെ വിലയിലാണ് ഈ ഐക്യൂ ഫോൺ ഇന്ത്യയിൽ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.
മാർച്ച് 31ന് ചൈനയിൽ വിവോ Y300 പ്രോ പ്ലസ് ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയും അതിനെ ആകാംക്ഷയോടെ ഉറ്റുനോക്കും. കാരണം ഇതേ ഫോൺ തന്നെയാകും പേര് മാറി ഐക്യൂ Z10 എന്ന പേരിൽ ഇന്ത്യയിൽ എത്തുക എന്നതിന് സാധ്യതകൾ ഏറെയാണ്. അതിനാൽ വരാൻ പോകുന്ന ഐക്യൂ Z10 ഫീച്ചറുകൾ നേരത്തെ അറിയാൻ ഇതുവഴി സാധിക്കും. ബാറ്ററി ശേഷിയല്ലാതെ ഐക്യൂ Z10ന്റെ ഫീച്ചറുകളൊന്നും കമ്പനി ഇതുവരെ കാര്യമായി വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








