7300mAh ബാറ്ററിയുള്ള വിവോ ഫോൺ വരുന്നത് ഒറ്റയ്ക്കല്ല, വിവോ Y300t കൂടെയുണ്ട്
വിവോയുടെ Y സീരീസിലേക്ക് വിവോ Y300 പ്രോ പ്ലസ് മോഡൽ മാർച്ച് 31ന് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് രണ്ട് ദിവസം മുൻപ് കമ്പനി സ്ഥിരീകരിച്ചിരുന്നു. ലോഞ്ചിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു പുതിയ വിവരം കൂടി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. വിവോ Y300 പ്രോ പ്ലസ് വരുന്നത് ഒറ്റയ്ക്കല്ല, ഒപ്പം വിവോ Y300t (vivo Y300t) എന്ന ഒരു മോഡൽ കൂടി ഉണ്ടാകും എന്നതാണ് അത്. 7300mAh ബാറ്ററി ശേഷി സഹിതമാണ് വിവോ Y300 പ്രോ പ്ലസ് 5ജി വരുന്നത് എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.
7300mAh ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്നതിനാൽത്തന്നെ വിവോ Y300 പ്രോ പ്ലസ് 5ജിയുടെ വരവ് ഇതിനകം വൻ ചർച്ചയായിക്കഴിഞ്ഞു. ഏപ്രിൽ 11ന് ഐക്യൂ Z10 മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതിൽ 7300mAh ബാറ്ററിയാണ് ഉള്ളത് എന്ന വിവരവും ലോഞ്ച് തിയതിയോടൊപ്പം തന്നെ ഐക്യൂ വെളിപ്പെടുത്തിയിരുന്നു.

ഈ രണ്ട് ലോഞ്ചുകളുടെയും വിവരങ്ങൾ കൂട്ടിവായിക്കുമ്പോൾ മാർച്ച് 31ന് ചൈനയിൽ ലോഞ്ച് ചെയ്യുന്ന വിവോ Y300 പ്രോ പ്ലസ് 5ജിതന്നെയാണ് ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ Z10 എന്ന് മനസിലാക്കാനാകും. ഇപ്പോൾ വിവോ Y300t മോഡലിന്റെ വരവിനൊപ്പം മറ്റൊരു കാര്യം കൂടി വെളിപ്പെട്ടിട്ടുണ്ട്. ഏപ്രിലിൽ വിവോ Y300t ഇന്ത്യയിൽ ഐക്യൂ Z10x ആയി അവതരിപ്പിക്കും എന്നതാണത്.
അതിനാൽത്തന്നെ മാർച്ച് 31ന് ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഈ രണ്ട് വിവോ Y സീരീസ് ഫോണുകളും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ലോഞ്ച് തിയതി വെളിപ്പെടുത്തിയെങ്കിലും വിവോ Y300tയുടെ ഫീച്ചറുകൾ വിവോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഈ വിവോ ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് എത്തുക എന്നാണ്.

വിവോ Y300t സ്മാർട്ട്ഫോണിൽ 6.72 ഇഞ്ച് FHD+ 120Hz LCD സ്‌ക്രീൻ, 400% വോളിയം ബൂസ്റ്റ് മോഡ്, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവ ഉണ്ടായിരിക്കും എന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. Y300 പ്രോ പ്ലസ് മോഡലിന് താഴെ നിൽക്കുന്ന മോഡലാണ് ഇത് എന്ന് ഈ ലീക്ക് റിപ്പോർട്ട് ഫീച്ചറുകൾ സൂചിപ്പിക്കുന്നു.
വിവോ Y300t മോഡലിന്റെ ക്യാമറ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല, 50MP + 2MP അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഇതിൽ ഉണ്ടാകുക എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇവയ്ക്ക് അകമ്പടിയായി ഓറ ലൈറ്റും ഉണ്ട്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ കളർ ഓപ്ഷനുകളിലാകും ഈ ഫോൺ എത്തുക.
സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഈ ഫോണിൽ ഉണ്ടാകും. 8.09mm കനവും 204g ഭാരവും ഈ ഫോണിന് ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് നിലവിൽ ലഭ്യമായിട്ടില്ല. അതേസമയം ഇതോടൊപ്പം അവതരിക്കുന്ന വിവോ Y300 പ്രോ പ്ലസിന്റെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്.
ചൈന ടെലികോം പ്രോഡക്ട് ലൈബ്രറിയിൽ V2456A എന്ന മോഡൽ നമ്പറിൽ വിവോ Y300 പ്രോ പ്ലസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അങ്ങനെയാണ് ഇതിലെ ഫീച്ചറുകളെക്കുറിച്ച് സൂചന ലഭിച്ചത്. സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പ് ആണ് Y300 പ്രോ പ്ലസ് മോഡലിൽ ഉണ്ടാകുക. ഇത് 8GB/ 12GB റാമും 128GB/ 256GB സ്റ്റോറേജ് ഓപ്ഷനുകളും സഹിതമാകും എത്തുക.

6.77 ഇഞ്ച് FHD+ 120Hz OLED സ്‌ക്രീനും, 50MP + 2MP ഡ്യുവൽ റിയർ ക്യാമറകളും, 32MP ഫ്രണ്ട് ക്യാമറയും സ്ഥിരീകരിക്കുന്നു. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇതിലെ 7300mAh ബാറ്ററി എത്തുക. വിവോ Y300 പ്രോ പ്ലസ് 5ജിയുടെ 8GB+ 128GB മോഡൽ 1,799 യുവാൻ (ഏകദേശം 21,260 രൂപ) പ്രാരംഭ വിലയിൽ എത്തുമെന്ന് ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








