വിവോ ഇഷ്ടം, ഈ വില കഷ്ടം! ശ്രദ്ധിക്കുക, വിവോ Y സീരീസിലെ ഈ മോഡലിന് വില കൂടി
വിവോയുടെ സ്മാർട്ട്ഫോണുകൾ ഇഷ്ടമുള്ള നിരവധി ആളുകൾ ഇന്ത്യയിലുണ്ട്. V, Y, X മോഡലുകൾക്കെല്ലാം അതിന്റേതായ പ്രാധാന്യവും ആരാധകരും ഉണ്ട്. എന്നാൽ 2026 ആരംഭിച്ചതോടെ വിവോയുടെ സ്മാർട്ട്ഫോണുകൾക്കും വില വർധന ബാധകമായിത്തുടങ്ങിയിരിക്കുന്നു. 2026 ന് മുൻപ് തന്നെ ചില മോഡലുകളുടെ വില കൂടിയിരുന്നു. എന്നാൽ 2026 എത്തിയതോടെ കൂടുതൽ വിവോ ഫോണുകളുടെ വില കൂടിയിട്ടുണ്ട്. അത്തരത്തിൽ 2026ൽ പുതിയ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് വിവോ Y31 5ജി (vivo Y31 5G). ഇന്ത്യയിൽ 15000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ട ഒരു സ്മാർട്ട്ഫോൺ ആണ് ഇത്.
നാല് മാസം മുൻപാണ് വിവോ Y31 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,499 രൂപയുമായിരുന്നു വില. ചില ഘട്ടങ്ങളിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 13999 രൂപ വിലയിൽപ്പോലും ഈ ഫോൺ വാങ്ങാൻ ലഭ്യമായിരുന്നു.

എന്നാൽ നിലവിൽ വിവോ Y31 5ജിയുടെ അടിസ്ഥാന മോഡൽ 16999 രൂപ വിലയിലാണ് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് വിലയിൽ 2000 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 1000 രൂപ ഇളവ് നേടാൻ അവസരമുണ്ട്, എങ്കിൽപ്പോലും 15999 രൂപ നൽകേണ്ടിവരുന്നു.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും ലോഞ്ച് വിലയെക്കാൾ കൂടിയ വില നൽകി വേണം വിവോ Y31 5ജി വാങ്ങാൻ. ഇത് വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ തിരിച്ചടിയാണ്. എന്നാൽ നിലവിൽ ചിപ് വില വർധനവിനെ തുടർന്ന് സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിക്കുന്നുണ്ട് എന്ന യാഥാർഥ്യം കണക്കിലെടുത്താൽ ഈ വില വർധന ക്ഷമിക്കാനാകും.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് വിവോ Y31 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8), 0.08MP സെക്കൻഡറി ക്യാമറ (f/3.0), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 120Hz റിഫ്രഷ് റേറ്റുള്ള 6.68″ HD+ LCD സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഗാർഡിയൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററിയാണ് വിവോ Y31 5ജിയിൽ നൽകിയിരിക്കുന്നത്. ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഈടിനായി MIL-STD-810H സർട്ടിഫിക്കേഷൻ, IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-സി 2.0, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








