കൈയോടെ വാങ്ങിയാൽ മതിയാരുന്നു! ഈ വിവോ 5G ഫോണിന് 1000 രൂപ വില കൂടി, ഡിസ്കൗണ്ടിൽ 2000 രൂപ വില കുറയും
ചിപ്പുകളുടെ ക്ഷാമവും വിലവർധനവും കണക്കിലെടുത്ത് സ്മാർട്ട്ഫോണുകളുടെ വില കൂടും എന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയതായി ലോഞ്ച് ചെയ്യപ്പെടുന്ന പല മോഡലുകളും മുൻ മോഡലുകളെക്കാൾ വളരെ ഉയർന്ന വിലയിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ 15 5ജി. ഐക്യൂ 15 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയാണ് വില. ലോഞ്ച് ഓഫറുകൾ സഹിതം തുടക്കത്തിൽ 64,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. എന്നാൽ കഴിഞ്ഞ വർഷം ഐക്യൂ 13 54999 രൂപ വിലയിലാണ് എത്തിയത്.
അതായത് 8000 രൂപ ഡിസ്കൗണ്ട് ഉണ്ടായിട്ടുകൂടി ഐക്യൂ 15 വാങ്ങണമെങ്കിൽ കഴിഞ്ഞ വർഷത്തെക്കാൾ ഏതാണ്ട് 10000 രൂപയോളം കൂടുതൽ നൽകണം. പുതിയ സ്മാർട്ട്ഫോണുകൾ ഉയർന്ന വിലയിൽ എത്തുന്നത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. എന്നാൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ ചിലതിനും ഇപ്പോൾ വില ഉയർന്നിരിക്കുന്നു എന്നതാണ് വസ്തുത.

വിവോ ഈ വർഷം ജൂണിൽ തങ്ങളുടെ Y400 പ്രോ മോഡലും ഓഗസ്റ്റിൽ Y400 5ജിയും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എന്നാൽ ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായതിനെക്കാൾ ഉയർന്ന വിലയിലാണ് ഈ രണ്ട് മോഡലുകളും ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകൾ സഹിതം ഇത് തുടക്കത്തിൽ 22499 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 25999 രൂപ വിലയിലാണ്.

അതായത് ലോഞ്ച് സമയത്ത് കണ്ടതിനെക്കാൾ 1000 രൂപ കൂടിയ വിലയിലാണ് നിലവിൽ ഈ Y400 പ്രോ എല്ലാ പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 23999 രൂപ വിലയിൽ അടിസ്ഥാന മോഡൽ ഇപ്പോൾ സ്വന്തമാക്കാനാകും. ലോഞ്ച് ചെയ്ത സമയത്തെ വില വച്ച് നോക്കിയാൽ ഇവിടെ 1000 രൂപ വിലക്കുറവ് ലഭ്യമായിട്ടുണ്ട് എന്ന് ഉപയോക്താവിന് ആശ്വസിക്കാം.
എന്നാൽ Y400 പ്രോ 5ജി ലഭ്യമാകുന്ന ഏറ്റവും മികച്ച വിലയാണോ ഇപ്പോഴത്തേത് എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാം. പക്ഷേ 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് ഇത്. 2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് വിവോ Y400 പ്രോ 5ജിയുടെ കരുത്ത്.
സോണി IMX 882 സെൻസർ, OIS, f/1.79 അപ്പേർച്ചർ എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസറും ഓറ ലൈറ്റും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED, മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








