V കഴിഞ്ഞില്ലേ, ഇനി Y! സ്റ്റൈലൻ ലുക്കിൽ മിഡ്-റേഞ്ച് സെഗ്‌മെന്റ് കീഴടക്കാൻ വിവോ Y51 പ്രോ എത്തുന്നു
വിവോ ഇന്ത്യയിൽ തങ്ങളുടെ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. അടുത്തിടെ വിവോയുടെ V സീരീസിലെ പുതിയ മോഡലുകളായ വിവോ V70 5G, വിവോ V70 എലൈറ്റ് 5G എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഈ V70 സീരീസിന്റെ ലോഞ്ചിന് പിന്നാലെ വിവോ അടുത്ത ഫോൺ ഇറക്കാൻ പോകുന്നത് Y സീരീസിൽ ആണ് എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. വിവോ Y51 പ്രോ (Vivo Y51 Pro) എന്ന പുതിയ മോഡലാണ് ഇന്ത്യൻ വിപണിയിലേക്ക് എത്താൻ പോകുന്നത്.
ലോഞ്ച് അടുത്തു എന്ന സൂചന നൽകിക്കൊണ്ട് അടുത്തിടെ ബിഐഎസ് വെബ്‌സൈറ്റിലും ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷനിലും വിവോ Y51 പ്രോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാടെ ടിപ്സ്റ്റർ സഞ്ജു ചൗധരിയെ ഉദ്ധരിച്ചുകൊണ്ട് 91മൊബൈൽസ് ഈ ഫോണിന്റെ ചില ഫീച്ചറുകൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ വിവോ ഫോണിന്റെ ഡിസൈനും പ്രധാന ഫീച്ചറുകളും വെളിപ്പെടുത്തുന്ന പ്രമോഷണൽ മെറ്റീരിയലുകൾ ഇതിൽ ഉൾപ്പെടുന്നു.

മിഡ്-റേഞ്ച് സെഗ്‌മെന്റിലാണ് വിവോ Y-സീരീസ് ഫോണുകൾ എത്താറുള്ളത്. സ്റ്റൈലിഷ് ഡിസൈനും വിശ്വസനീയമായ ഹാർഡ്‌വെയറും ഉള്ള സ്മാർട്ട്ഫോൺ ഓപ്ഷനുകൾ ഈ സെഗ്മെന്റിൽ Y സീരീസിലൂടെ വിവോ വാഗ്ദാനം ചെയ്യുന്നു. ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്ന ഡീറ്റെയിൽസ് പറയുന്നത് വിവോ Y51 പ്രോ ഇന്ത്യയിൽ 25,000 രൂപയിൽ താഴെ വിലയിലാകും എത്തുക എന്നാണ്.
എന്നാൽ 25000 രൂപയിൽ താഴെ വിലിൽ എന്ന് പറയുമ്പോൾ അത് അന്തിമ വിലയാണോ അതോ ഓഫറുൾ സഹിതമുള്ള വില ആണോ എന്ന് വ്യക്തമല്ല. എന്തായാലും ലോഞ്ചിന് ശേഷം 2500 രൂപ ഡിസ്കൗണ്ട് വിവോ Y51 പ്രോയ്ക്ക് ഉണ്ടാകും എന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങൾ 91മൊബൈൽസ് പുറത്തുവിട്ടിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യമെടുത്താൽ, 2025 അവസാനത്തോടെ പ്രഖ്യാപിച്ച പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ ചിപ്സെറ്റ് ആണ് വിവോ Y51 പ്രോയ്ക്ക് കരുത്ത് പകരുക എന്നാണ് റിപ്പോർട്ട്. ഇത് ഗെയിമിംഗിനും മികച്ച പവർ എഫിഷ്യൻസിക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ Y51 പ്രോയിൽ സുഗമമായ പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.
7,200mAh ബാറ്ററിയും വിവോ Y51 പ്രോയിൽ ഉണ്ടാകും. ഇത് ഒരു ദിവസമോ അതിൽ കൂടുതലോ ഫോൺ ഉപയോഗിക്കാൻ കഴിയും വിധമുള്ള ബാറ്ററി ശേഷിയാണ്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69 റേറ്റിംഗുകളും വിവോ Y51 പ്രോയിൽ ഉണ്ട് എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y51 പ്രോയിൽ ഉണ്ടാകുക. അതിൽ 50MP AI വൈഡ് ക്യാമറ ഉൾപ്പെടുന്നതായും ഇത് 4K വീഡിയോ റെക്കോർഡിങ് സഹിതമാണ് എത്തുകയെന്നും പുറത്തുവന്ന ചിത്രം സൂചിപ്പിക്കുന്നുണ്ട്. നിരവധി എഐ ഫീച്ചറുകൾ, പ്രൈവറ്റ് സ്പേസ് എന്നിവയും ഈ വിവോ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ഉപയോഗിച്ചാണ് വിവോ Y51 പ്രോ 5ജി എത്തുക. ഡിസൈന്റെ കാര്യമെടുത്താൽ പുറത്തുവന്ന ചിത്രത്തിൽ ചുവപ്പ് നിറത്തിലാണ് ഈ ഫോൺ കാണുന്നത്, മറ്റ് കളർ ഓപ്ഷനുകൾ ഉണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. ലുക്കിന്റെ കാര്യത്തിൽ ഫ്ലാറ്റ് എഡ്ജ്, എൽഇഡി റിങ് എന്നിവ സഹിതമെത്തുന്ന വിവോ Y51 പ്രോയ്ക്ക് വിവോയുടെ തന്നെ വി70 സീരീസിനോട് സാമ്യം തോന്നിക്കുന്നുണ്ട്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാനാകും.


Click it and Unblock the Notifications








