പുത്തൻ S25 അൾട്ര തകർന്നാൽ കാശെത്ര പൊട്ടും? വാങ്ങിയവരും വാങ്ങാൻ പോകുന്നവരും അറിയേണ്ട റിപ്പെയർ ചെലവ്
സ്മാർട്ട് ഫോൺ വിപണിയിലെ കടുത്ത എതിരാളികളാണ് സാംസങും ആപ്പിളും. ആപ്പിളിന്റെ ഐഫോൺ സീരീസിനോട് കടുത്ത മത്സര സ്വഭാവമാണ് സാംസങ് ഗാലക്സി എസ് സീരീസ് ഫോണുകൾ എപ്പോഴും പ്രകടിപ്പിക്കാറുള്ളത്. അതിൽത്തന്നെ ഗാലക്സി എസ് സീരീസ് അൾട്ര മോഡൽ ആണ് ഐഫോണുകൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്താറുള്ളത്. ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസ് കഴിഞ്ഞ മാസം ലോഞ്ച് ചെയ്തു. ഇത് ഇപ്പോൾ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. സാംസങ് ആയാലും ആപ്പിളായാലും പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വൻ വിലയാണ് ഈടാക്കുന്നത്. ഇത്രയും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന ഫോണുകളാണെങ്കിലും ഇവ താഴെ വീഴുകയും കേടുപാടുകൾ പറ്റുകയും ചെയ്യുക സ്വാഭാവികമാണ്.
പ്രീമിയം സ്മാർട്ട്ഫോണുകൾ ആയതിനാൽ തന്നെ ഗാലക്സി എസ്25 സീരീസ്, ആപ്പിൾ ഐഫോൺ 16 സീരീസ് എന്നിവ തകർന്നാൽ നന്നാക്കിയെടുക്കുകയെന്നത് അൽപ്പം ചെലവേറിയ കാര്യമാണ്. ഏറ്റവും പുതിയ ഗാലക്സി എസ്25 അൾട്രയിൽ ഏവരും ഉറ്റുനോക്കുന്ന ഈ സമയത്ത്, എസ്25 അൾട്ര താഴെ വീണ് തകർന്നാൽ നന്നാക്കാൻ എന്ത് ചെലവ് വരും എന്നുകൂടി അറിഞ്ഞിരിക്കാം, ഒപ്പം ഐഫോൺ റിപ്പയറിങ്ങിന്റെ ചെലവ് എത്രയാണ് എന്നും നോക്കാം.

സാംസങ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗാലക്‌സി എസ് 25 സീരീസിന്റെ സ്പെയർ പാർട്‌സ് വിലകൾ പരസ്യമാക്കിയിട്ടുണ്ട്. s25 അൾട്രയുടെ സ്‌ക്രീൻ പൊട്ടിയാൽ പുതിയതിന് 11,950 രൂപയാവും. ടൈറ്റാനിയം ഫ്രെയിമിനും ബാക്ക് പാനലിനും യഥാക്രമം 6,740 രൂപയും 2,700 രൂപയുമാണ് വില. ബാറ്ററി മാറണമെങ്കിൽ അതിന് 2,440 രൂപയാണ് ഈടാക്കുക.
മദർ ബോർഡിന് കംപ്ലൈൻറ് വന്നാൽ പണിപാലും വെള്ളത്തിൽ കിട്ടും. കാരണം ഗാലക്‌സി എസ് 25 അൾട്രയുടെ 256 ജിബി വേരിയന്റിന്റെ മദർബോർഡിന് 37,150 രൂപ മുതലാണ് വില ആരംഭിക്കുക. തീർന്നില്ല കാര്യങ്ങൾ, 512GB വേരിയന്റാണെങ്കിൽ 40,610 രൂപയും 1TB വേരിയൻറാണെങ്കിൽ 46,060 രൂപയും നൽകേണ്ടി വരും.
സാംസങ് ഗാലക്സി S25 പ്ലസ് മോഡലിന്റെ കാര്യത്തിലേക്ക് വന്നാൽ സ്‌ക്രീൻ മാറ്റാൻ 8,400 രൂപയാവും. ടൈറ്റാനിയം ഫ്രെയിമിന് 3,460 രൂപ നൽകണം. ഇതിന്റെ ബാക്ക് പാനൽ റീപ്ലേസ് ചെയ്യണമെങ്കിൽ 2,410 രൂപയാണ് ചെലവാകുക. ഗാലക്‌സി എസ് 25 പ്ലസിന്റെ ബാറ്ററി മാറണമെങ്കിൽ 2,410 രൂപ നൽകേണ്ടിവരും.
അതേപോലെ, ഏറ്റവുമധികം ആളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന മറ്റൊരു മോഡലായ ഗാലക്സി S25ന്റെ സ്‌ക്രീനിന് 6,150 രൂപയാണ് വില. ടൈറ്റാനിയം ഫ്രെയിമിന് 3,610 രൂപയും ബായ്ക്ക് പാനലിന് 2,610 രൂപയും നൽകേണ്ടി വരും. ഇതിന്റെ ബാറ്ററി റീപ്ലേസ് ചെയ്യാൻ 2,470 രൂപയാണ് ചെലവ്. അതായത്, ഗാലക്സി എസ് 25 അൾട്രയുടെ ബാറ്ററിയേക്കാൾ ഇതിന് വില കൂടുതലാണ്.
ഇനി ഗാലക്സി എസ്25 പ്ലസ്, എസ്25 എന്നിവയുടെ മദർ ബോർഡുകളാണ് മാറേണ്ടി വരുന്നത് എങ്കിൽ, ഗാലക്‌സി എസ് 25 പ്ലസിന്റെ 256 ജിബി, 512 ജിബി മദർബോർഡുകൾക്ക് യഥാക്രമം 28,630 രൂപയും 31,970 രൂപയുമാണ് വില. എസ്25 മോഡലിന്റെ 128 ജിബി മദർബോർഡിന് 27,380 രൂപയും 256 ജിബി, 512 ജിബി വേരിയന്റുകൾക്ക് യഥാക്രമം 28,240 രൂപയും 29,760 രൂപയും നൽകണം.
ഗാലക്സി എസ്25 അൾട്രയുടെ റിപ്പയറിങ് ചെലവും ആപ്പിളിന്റെ ഐഫോൺ 16 പ്രോ മാക്‌സ് റിപ്പയറിങ് ചെലവും താരതമ്യം ചെയ്താൽ ഐഫോണിനാണ് ചെലവ് കൂടുതൽ. ഐഫോൺ 16 പ്രോ മാക്‌സിന്റെ സ്‌ക്രീൻ റീപ്ലേസ് ചെയ്യാൻ 37,900 രൂപയാണ് വില. ഇത് ഗാലക്‌സി എസ് 25 അൾട്രയുടെ വിലയുടെ മൂന്നിരട്ടിയാണ്. ഐഫോൺ 16-ന്റെ സ്‌ക്രീൻ റീപ്ലേസ് ചെയ്യുന്നതിന് 25,500 രൂപ ചിലവാകും, ഇതും എസ് 25 സീരീസിന്റെ ചെലവിനേക്കാൾ വളരെ കൂടുതലാണ്.


Click it and Unblock the Notifications








