എന്തുകൊണ്ടാണ് ഐഫോണിന് ഇത്ര ഡിമാന്റ്?; മറ്റുഫോണുകളിൽ നിന്ന് ഐഫോണിനെ വ്യത്യസ്തമാക്കുന്നത് ഇതെല്ലാമാണ്
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഫോണുകളിൽ ഒന്നാണ് ഐഫോണുകൾ. എന്തുകൊണ്ടാണ് ഐഫോണിന് ഇത്രക്ക് ഡിമാന്റ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് പലരുടെയും ജീവിത നിലവാരത്തിന്റെ ഭാഗമായി മാറാൻ തന്നെ ഐഫോണുകൾക്ക് സാധിച്ചിട്ടുണ്ട്. മറ്റ് ഫോണുകളിൽ നിന്ന് ഐ ഫോണിനെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാമാണെന്ന് നമ്മുക്ക് പരിശോധിക്കാം.
ആപ്പിളും മറ്റ് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യസങ്ങളിൽ ഒന്നാണ് ആൻഡ്രോയിഡും ഐഒഎസും എന്നത്. ആൻഡ്രോയിഡിനെ അപേക്ഷിച്ച് ഐഒഎസ് മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട്. ഇതിലെ ബയോണിക് ചിപ്പ് ആണ് ഫോണിന്റെ പെർഫോമൻസ് മികച്ച രീതിയിൽ ആക്കാൻ സഹായിക്കുന്നത്. സ്നാപ്ഡ്രാഗൺ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ആപ്പിളിന്റെ ചിപ്പിനെ പിന്നിലാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയം ആണ്.

ഐഒഎസ് വളരെ ലളിതവും യുണിക്കുമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡ് പല കമ്പനികളുമായി പല സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമ്പോൾ അവയിൽ എല്ലാത്തിലും തന്നെ പല തരത്തിലുള്ള ഫീച്ചറുകളാണ് ഉള്ളത്. ആയതിനാൽ തന്നെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കിടയിൽ തന്നെ ഇതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം. എന്നാൽ ആപ്പിൾ ഇവിടെ യുണിക്ക് ആയി നിൽക്കുന്നു. എല്ലാ ആപ്പിൾ ഉപഭോക്താക്കളും ആപ്പിളിന്റെ ഉത്പന്നങ്ങളിൽ ബോധവാന്മാരായിരിക്കും.
മറ്റൊരു പ്രധാന വ്യത്യാസമാണ് സോഫ്റ്റുവെയർ അപ്ഡേറ്റുകൾ. ഐഒഎസ് നേരിട്ടുള്ള അപ്ഡേറ്റുകളാണ് ആപ്പിൾ ഉത്പന്നങ്ങൾക്ക് നൽകുന്നത്. അതേസമയം ആൻഡ്രോയിഡ് അതിന്റെ പിക്‌സൽ സീരീസിലേക്ക് മാത്രമാണ് നേരിട്ടുള്ള അപ്‌ഡേറ്റുകൾ റിലീസ് ചെയ്യുന്നത്. എന്നാൽ പല അപ്ഡേറ്റുകളും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താറില്ല എന്നും പരിതാകൾ ഉയരാറുണ്ട്. വിവിധ ബ്രാൻഡുകൾ ആൻഡ്രോയിഡ് ഉപയോഗിക്കുന്നതിനാൽ പലപ്പോഴും സമയം വൈകിയാണ് അപ്ഡേറ്റുകൾ നടക്കാറ്.

മറ്റൊരു വ്യത്യാസമാണ് ആപ്പിളിന്റെ ഇക്കോസിസ്റ്റം. തങ്ങളുടേതായ ഒരു ഇക്കോസിസ്റ്റം നിർമ്മിച്ച ആദ്യ ബാൻഡാണ് ആപ്പിൾ. ഒരു ഉപഭോക്താവ് ഒരു ആപ്പിൾ ഉത്പന്നം വാങ്ങിച്ചാൽ പിന്നീട് അതിന് അനുബന്ധമായി ആപ്പിളിന്റെ തന്നെ മറ്റ് ഉത്പന്നങ്ങൾ വാങ്ങേണ്ടിവരും. ഇത്തരത്തിൽ ഒരു ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിൽ ആപ്പിൾ വിജയിച്ചിട്ടുണ്ട്. മാത്രമല്ല ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഇക്കോസിസ്റ്റത്തിൽ നിന്ന് പുറത്തുവരുക എന്നത് പ്രയാസമാണ്.
സുരക്ഷിതത്വമാണ് ആപ്പിൾ നൽകുന്ന മറ്റൊരു പ്രധാന ഫീച്ചർ. ആപ്പിളിന് പ്രത്യേകമായി ഒരു ഇക്കോസിസ്റ്റം ഉണ്ടെന്ന് ആദ്യം സൂചിപ്പിച്ചിരുന്നല്ലോ ഇത് തികച്ചും അടച്ച ഒരു സിസ്റ്റം ആണ് ആയതിനാൽ ഗൂഗിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാക്കർമാർക്ക് ഐഒഎസ് ആക്രമിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടാണ്. മാത്രമല്ല സ്ഥിരതയാർന്ന സോഫ്റ്റുവെയർ അപ്ഡേറ്റുകൾ ഐഒഎസ് സംവിധാനത്തിന്റെ ശക്തി വർധിപ്പിക്കുന്നു.
മികച്ച ക്യാമറ ക്ലാരിറ്റിയും ആപ്പിൾ ഉത്പന്നത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. സാസംങ് എസ് 23 അൾട്ര പോലത്തെ ചുരുക്കം ചില ഫോണുകളെ ഒഴിച്ചുനിർത്തിയാൽ ആപ്പിളിന്റെ ക്യാമറ ക്ലാരിറ്റിയെ വെല്ലാൻ മറ്റ് ഫോണുകൾക്ക് സാധിക്കില്ല. പ്രോഫഷണൽ ക്യാമറകളോട് കിടപിടിക്കും വിധത്തിലാണ് ആപ്പിളിന്റെ മൊബൈൽ ക്യാമറകളുടെ ക്ലാരിറ്റി. മാത്രമല്ല നൈറ്റ് മോഡ്, അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നീ സവിശേഷതകളും ക്യാമറയുടെ മാറ്റ് കൂട്ടുന്നു.
ആപ്പിളിന് ബോട്ടുവെയറുകൾ ഇല്ല എന്നതും കമ്പനിയുടെ സവിശേഷതയാണ്. ഒരു ആൻഡ്രോയിഡ് ഫോൺ വാങ്ങുമ്പോൾ അതിൽ പ്രീ ഇൻസ്റ്റാൾ ചെയ്ത നിരവധി ആപ്പുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇവ നിങ്ങൾക്ക് ഉപയോഗിക്കാൻ താൽപര്യം ഇല്ലെങ്കിൽ നിങ്ങളുടെ സ്റ്റോറേജ് കുറക്കുന്നതാണ്. എന്നാൽ അടുത്തകാലത്ത് മാത്രമാണ് ആപ്പിൾ പ്രീ ഇൻസ്റ്റാൾ ആപ്പുകൾ കൊണ്ടുവന്നത്. എന്നാൽ ഇവ പ്രവർത്തനരഹിതമാക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് ഐമാക്കുമായി ഐഫോൺ ബന്ധിപ്പിക്കാം എന്നതും ആപ്പിളിന്റെ പ്രത്യേകതയാണ്. ഇതിലൂടെ നിങ്ങൾക്ക് ഐമാകിലൂടെയും ഫോൺചെയ്യാം മെസ്സേജ് ചെയ്യാം തുടങ്ങി ഫോണിൽ ചെയ്യുന്നത് എല്ലാം ചെയ്യാൻ സാധിക്കും. ഇക്കാര്യങ്ങൾ എല്ലാം തന്നെയാണ് മറ്റ് ഫോണുകളിൽ നിന്ന് ഐഫോണിനെ വ്യത്യസ്തമാക്കുന്നത് ഇതുമൂലം തന്നെയാണ് ഐഫോണിന് ആവശ്യക്കാർ വർധിക്കുന്നതും.


Click it and Unblock the Notifications







