സാംസങ്ങിന്റെ ആദ്യ ട്രൈഫോൾഡ് സ്മാർട്ട്ഫോൺ വരുന്നു; ഇന്ത്യയിൽ കിട്ടുമോ?
സാംസങ് തങ്ങളുടെ ആദ്യത്തെ മൂന്ന് മടക്ക് സ്മാർട്ട്ഫോൺ ( triple-folding phone) അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി ഇതിനകം തന്നെ റിപ്പോർട്ടുകൾ വന്നതും പലർക്കും അറിയാവുന്നതുമാണ്. എന്നാൽ ഇപ്പോൾ ഇതിന്റെ വരവിൽ ഒരു ട്വിസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിൾ-ഫോൾഡിംഗ് ഫോണായ സാംസങ് ഗാലക്സി Z ട്രൈഫോൾഡ് (Samsung Galaxy Z Tri-Fold) ചൈനയിലും ദക്ഷിണ കൊറിയയിലും മാത്രമേ അവതരിപ്പിക്കൂ എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാൽ രണ്ട് രാജ്യങ്ങളിൽ മാത്രമായി ഈ ഫോൺ അവതരിപ്പിക്കാനുള്ള തീരുമാനം സാംസങ് ഇപ്പോൾ പുനരാലോചിക്കുന്നതായി സൂചന.
കൂടുതൽ വിപണികളിൽ ട്രൈഫോൾഡ് അവതരിപ്പിക്കാൻ സാംസങ് ആലോചിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് സാംസങ്ങിന്റെ പരിഗണനാ ലിസ്റ്റിലുള്ളത് എന്നത് വ്യക്തമായിട്ടില്ല. അതിനാൽത്തന്നെ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കും പുറമേ മറ്റ് ചില വിപണികളിലും ഗാലക്സി Z ട്രൈഫോൾഡ് ലോഞ്ച് ചെയ്യാൻ സാംസങ് ആലോചിക്കുന്നതായി സാംമൊബൈൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ഒരു വിപണി യുഎഇ ആകാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ സാംസങ് പ്രതികരിച്ചിട്ടില്ല.
അതേസമയം യുഎഇയിൽ അവതരിപ്പിച്ചാൽ നിരവധി ഇന്ത്യക്കാർക്കും സാംസങ്ങിന്റെ ആദ്യ ട്രൈഫോൾഡ് സ്മാർട്ട്ഫോൺ എങ്ങനെയുണ്ട് എന്ന് തുടക്കത്തിൽ തന്നെ വാങ്ങി പരീക്ഷിക്കാനാകും. ഇസഡ് ട്രൈഫോൾഡ് എന്നത് ഈ വരാൻ പോകുന്ന ഹാൻഡ്‌സെറ്റിന്റെ താൽക്കാലിക പേരാണ്. ലോഞ്ചിന് മുമ്പ് സാംസങ് ചിലപ്പോൾ ഈ പേര് മാറ്റിയേക്കാം.
സാംസങ് ഗാലക്സി Z ട്രൈഫോൾഡിന്റെ ഫീച്ചറുകൾ അധികം പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഇതിൽ 10 ഇഞ്ച് OLED ഇന്നർ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ്. സ്‌ക്രീനിന്റെ രണ്ട് അറ്റങ്ങൾ അകത്തേക്ക് മടക്കാനാകും. കവർ ഡിസ്‌പ്ലേ 6.5 ഇഞ്ച് യൂണിറ്റായിരിക്കും എന്നിങ്ങനെയുള്ള വിവരങ്ങളും ലീക്കായിട്ടുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും സാംസങ് ഗാലക്സി Z ട്രൈഫോൾഡ് എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതായത് നിലവിലുള്ള സാംസങ്ങിന്റെ ഏറ്റവും പ്രീമിയം മോഡലായ എസ് 25 അൾട്രയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചിപ്‌സെറ്റ് കരുത്ത് തന്നെ ഈ ട്രൈഫോൾഡ് ഫോണിലും ഉണ്ടായേക്കാം എന്ന് ലീക്ക് റിപ്പോട്ടുകൾ പറയുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ റിയർ പാനലിൽ 200MP മെയിൻ ക്യാമറയും അൾട്രാവൈഡും ടെലിഫോട്ടോയും ഗാലക്സി Z ട്രൈഫോൾഡിൽ ഉണ്ടായിരിക്കും. മൂന്നായി മടക്കാവുന്ന ഈ ഫോണിന്റെ ബാറ്ററിയും മൂന്ന് ഭാഗങ്ങളായി വേർതിരിക്കും എന്നാണ് സൂചന. ഇത് കൂടുതൽ ബാറ്ററി ശേഷി അവതരിപ്പിക്കാൻ സഹായിക്കും എന്ന് അടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് റിപ്പോർട്ട് പറയുന്നു.
ഈ വർഷം സെപ് റ്റംബറിൽ തങ്ങളുടെ ട്രൈഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് സാംസങ് ആദ്യം പദ്ധതിയിട്ടതെന്നും എന്നാൽ പിന്നീട് ലോഞ്ച് ഡിസംബറിലേക്ക് മാറ്റിയെന്നും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. അതിനർഥം ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ആദ്യ സാംസങ് ഗാലക്സി ട്രൈഫോൾഡ് ഫോൺ എത്തും. വരാൻ പോകുന്ന ഈ ഫോണിന്റെ വിലയും സാംസങ് വെളിപ്പെടുത്തിയിട്ടില്ല.
പക്ഷേ ഏകദേശം 3,000 ഡോളർ (ഏകദേശം 2,64,000 രൂപ) വില ഈ ട്രൈഫോൾഡ് ഫോണിന് പ്രതീക്ഷിക്കുന്നു. സാംസങ്ങിന്റെ ആദ്യ ട്രൈഫോൾഡ് ഫോൺ ആണ് വരാൻ പോകുന്നത് എങ്കിലും ഇതിനകം തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ ട്രൈഫോൾഡ് ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ വമ്പനായ ഹുവാവേ ഇതിനകം തന്നെ ട്രിപ്പിൾ ഫോൾഡ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications








