ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിനേക്കുറിച്ച് അറിയേണ്ടതെല്ലാം
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഷവോമി 12 സീരീസ് വിപണിയിൽ എത്തിയത്. ലൈനപ്പിൽ മൂന്ന് ഉപകരണങ്ങൾ വരുമെന്ന് സൂചനകൾ ഉണ്ടായിരുന്നിട്ടും രണ്ട് ഡിവൈസുകൾ മാത്രമാണ് വെളിച്ചം കണ്ടത്. ലൈനപ്പിലെ മൂന്നാമത്തെ ഡിവൈസ് ഷവോമി 12 അൾട്ര ആണെന്ന് പറയപ്പെടുന്നു. പുതിയ ഡിവൈസിനേക്കുറിച്ച് ധാരാളം റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ഷവോമി 12 അൾട്ര സ്മാർട്ട്ഫോൺ ഷവോമിയുടെ മുൻനിര എംഐ 11 അൾട്ര സ്മാർട്ട്ഫോണിന് പകരമായിട്ടാകും വിപണിയിൽ എത്തുക.

പുതിയ സ്മാർട്ട്ഫോണിനെ സംബന്ധിച്ച് ഷവോമി ഇത് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിൽ ക്വാൽകോമിന്റെ മുൻനിര സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ഉണ്ടാകുമെന്ന് സൂചന നൽകുന്നു. ക്യാമറയിലും ചാർജിങ് ഫീച്ചറുകളിലും പുതിയ ഡിവൈസുകളിൽ മാറ്റങ്ങൾ ഉണ്ടാകും. ഹൈപ്പർചാർജിങ് ഫീച്ചറും വരാനിരിക്കുന്ന ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഷവോമി 12 അൾട്ര പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഷവോമി 12 അൾട്ര സ്മാർട്ട്ഫോൺ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. എന്നാലും സ്മാർട്ട്ഫോണിന്റെ ലോഞ്ച് തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലോഞ്ച് തീയതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. 120 വാട്ട് ചാർജിങ് ഫീച്ചർ ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. 4,860 എംഎഎച്ച് ബാറ്ററിയും 50 വാട്ട് വയർലെസ് ചാർജിങ് ഫീച്ചറും ഷവോമി 12 അൾട്രയിൽ കാണുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷവോമി 12 അൾട്രയിലെ ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഷവോമി 12 പ്രോ മോഡലിനേക്കാൾ മുമ്പിലാണ്.

ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയേക്കുറിച്ചും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഉയർന്ന റിഫ്രഷ് റേറ്റുള്ള 1440p സാംസങ് ഡിസ്പ്ലേയാണ് ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഷവോമി 12 പ്രോ മോഡലിൽ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് ആണ് ഉള്ളത്. അതിനാൽ തന്നെ വരാനിരിക്കുന്ന മോഡലിലും ഉയർന്ന റിഫ്രഷ് റേറ്റ് കാണാൻ ആണ് സാധ്യത. ഷവോമി എംഐ 11 അൾട്രയിലെ അതേ ക്യാമറ സംവിധാനമാണ് ഷവോമി 12 അൾട്രയിലും കാണാൻ സാധ്യത. 50 മെഗാ പിക്സൽ പ്രൈമറി സെൻസറും 48 മെഗാ പിക്സൽ അൾട്ര വൈഡ് ലെൻസും 48 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസും ഷവോമി 12 അൾട്രയിൽ കണ്ടേക്കാം.

പുറത്ത് വന്ന റെൻഡറുകൾ അനുസരിച്ച് വലിയ വൃത്താകൃതിയുള്ള ക്യമറ മൊഡ്യൂളാവും ഡിവൈസിൽ ഉണ്ടാകുക. ക്യാമറ ഐലൻഡിൽ ഒന്നിലധികം ക്യാമറകൾ അടുക്കി വച്ചിരിക്കുന്നു. മധ്യഭാഗത്ത് വലിയ പ്രൈമറി സെൻസറും കാണാം. പ്രധാന ക്യാമറയ്ക്ക് താഴെ ആയിട്ടാണ് ടെലിഫോട്ടോ ലെൻസ് പ്ലേസ് ചെയ്തിരിക്കുന്നത്. മുകളിൽ ഒരു ടോഫ് (ടൈം ഓഫ് ഫ്ലൈറ്റ്) സെൻസർ അല്ലെങ്കിൽ 2x-3x റേഞ്ചുള്ള ഒരു ചെറിയ ടെലിഫോട്ടോ ഉണ്ടായിരിക്കാം. ഇടത് വശത്ത് മറ്റൊരു സെൻസർ സ്ഥാപിച്ചിട്ടുണ്ട്, അത് ഒരു അൾട്രാ വൈഡ് ക്യാമറയാണ്. ബാക്കിയുള്ള കട്ട്ഔട്ടുകളിൽ എൽഇഡി ഫ്ലാഷ്, ലൈറ്റ് സെൻസർ, പിഡിഎഎഫ് എന്നിവയ്ക്കാണ് സാധ്യത. മുൻവശത്ത്, കുറഞ്ഞ ബെസലുകളും കേന്ദ്രീകൃതമായ പഞ്ച് ഹോൾ ക്യാമറയും കാണാൻ കഴിയും.

ഷവോമി 12 അൾട്ര ലോഞ്ച് തീയതിയും വിലയും
ഷവോമി 12 അൾട്ര ലോഞ്ച് ചെയ്യുന്നതിനേക്കുറിച്ച് കമ്പനി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഷവോമി 12 അൾട്രയുടെ ലോഞ്ചിങ് മാർച്ചിലോ ഏപ്രിലിലോ നടന്നേക്കുമെന്ന് ചില ടിപ്സ്റ്റേഴ്സ് വിശ്വസിക്കുന്നു. എന്നാൽ തന്നെയും സ്മാർട്ട്ഫോണിന്റെ ലോഞ്ച് സംബന്ധിച്ച് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിന്റെ വിലയേക്കുറിച്ച് സംസാരിക്കാൻ ഉള്ള സമയം ആയിട്ടില്ലെന്നതാണ് യാഥാർഥ്യം.ഷവോമി 12 അൾട്ര ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കും. അതിനാൽ തന്നെ വിലയും ആ രീതിയിലാകും. ഷവോമി എംഐ 11 അൾട്ര മോഡലിന് 69,999 രൂപയ്ക്കാണ് ഇന്ത്യയിൽ വിലയിട്ടിരുന്നത്. സമാനമായ റേഞ്ചിലോ അല്ലെങ്കിൽ അൽപ്പം ഉയർന്നതോ ആയ വില ഷവോമി 12 അൾട്രയ്ക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications