ഇന്ത്യയിലെത്തുന്ന ആദ്യ 1 ഇഞ്ച് ക്യാമറ ഫോൺ; പേരും പെരുമയുമായി ഷവോമി 13 പ്രോ! വരവിന് നാൾ കുറിച്ചു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. നിലവിൽ വിപണിയിലുള്ള ഒരുപാട് സൂപ്പർതാര സ്മാർട്ട്ഫോണുകൾക്ക് ഭീഷണി ഉയർത്തുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തീയതി കുറിച്ചിരിക്കുകയാണ് ഷവോമിയിപ്പോൾ. വേറിട്ട സവിശേഷതകളുമായി കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്ന ഷവോമി 13 സീരിസിലെ സ്മാർട്ട്ഫോണുകൾ ആണ് ആ സൂപ്പർതാരങ്ങൾ. ഷവോമി 13 (Xiaomi 13 ) , ഷവോമി 13 പ്രോ(Xiaomi 13 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഷവോമി 13 സീരീസിൽ ഉള്ളത്. ഫെബ്രുവരി 26 ന് ആണ് ഈ സ്മാർട്ട്ഫോണുകളുടെ ആഗോള ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയെന്ന വിപണി
ഷവോമിയുടെ ഏറ്റവും വലിയ സ്വാധീനമേഖലകളിൽ ഒന്നാണ് ഇന്ത്യ. ആ പ്രാധാന്യം മനസിലാക്കിക്കൊണ്ടുതന്നെയാകാം ആഗോള വിപണിയിൽ പുറത്തിറക്കുന്ന അതേ ദിവസം തന്നെ ഇന്ത്യയിലും ഷവോമിയുടെ 13 സീരീസിലെ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യും. എന്നാൽ മുൻ പതിവുകൾ വച്ച് നോക്കിയാൽ സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയ ഷവോമി 13 പ്രോ മോഡലാകും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. ഷവോമി 13 പ്രോയുടെ ഈ വരവോടെ ഇന്ത്യയിലെ ആദ്യ 1 ഇഞ്ച് ക്യാമറ ഫോൺ എന്ന പെരുമ ഷവോമിക്ക് സ്വന്തമാകും. ലെയ്ക്ക കരുത്തോടെ ഇന്ത്യയിലെത്തുന്ന ആദ്യ ഷവോമി സ്മാർട്ട്ഫോൺ എന്ന പെരുമയും ഷവോമി 13 പ്രോ തന്റെ പേരിൽ കുറിക്കും.

5ജി തരംഗത്തിന്റെ മുൻനിരയിലേക്ക്...
ഇന്ത്യയിലെ ഇപ്പോഴത്തെ 5ജി സ്മാർട്ട്ഫോൺ തരംഗത്തിന്റെ ഭാഗമാകാൻ കച്ചകെട്ടിത്തന്നെയാണ് ഷവോമി 13 പ്രോയുടെ വരവ്. 1440p റെസല്യൂഷനോട് കൂടിയ 6.73-ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേ ആണ് ഷവോമി 13 പ്രോയിൽ ഉണ്ടാകുക. കോർണിങ് ഗൊറില്ല വിക്ടസ് സംരക്ഷണം, 120Hz റിഫ്രഷ് റേറ്റ്, 86.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 1Hz മുതൽ 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള LTPO പാനൽ എന്നീ സവിശേഷതകളെല്ലാം ഷവോമി 13 പ്രോയിൽ ഉണ്ടാകും. കേന്ദ്രീകൃത പഞ്ച് ഹോൾ ഡിസ്പ്ലേയിൽ 32 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
ക്യാമറ ഗംഭീരമായിരിക്കും
ഷവോമി 13 പ്രോയിലെ ക്യാമറ വിഭാഗം ഏറെ മികച്ചതാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്. ഈ മൂന്ന് ക്യാമറകളും 50 എംപിയാണ് എന്നതാണ് ഒരു സവിശേഷത. 50 മെഗാ പിക്സൽ 1-ഇഞ്ച് വൈഡ് ആംഗിൾ ലെൻസ് (f/1.9, 23mm) ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയവും ആകർഷകവുമായ ഘടകം. ഈ ക്യാമറ വിഭാഗത്തെ നയിക്കുന്നതും ഈ 50 എംപി 1-ഇഞ്ച് വൈഡ് ആംഗിൾ ലെൻസ് ആണ്. 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2, 14mm), 3.2x ഒപ്റ്റിക്കൽ സൂം പിന്തുണയ്‌ക്കുള്ള പിന്തുണ 50MP ടെലിഫോട്ടോ ലെൻസ് (f/2.0, 75mm) എന്നിവയാണ് ഇതോടൊപ്പമെത്തുന്ന മറ്റ് ക്യാമറ സെൻസറുകൾ. ബാക്ക് ക്യാമറകളോട് കിടപിടിക്കാൻ ശേഷിയുള്ള 32 എംപി സെൽഫി ക്യാമറയും മികച്ചതുതന്നെയാകും.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്
പ്രവർത്തന മികവിന്റെ കാര്യത്തിലേക്ക് വന്നാൽ ഏറെ മികച്ച സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് ഷവോമി 13 പ്രോയിൽ ഉണ്ടാകുക. 512 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും (UFS 4.0 അടിസ്ഥാനമാക്കി) 12 ജിബി വരെ റാമും ഒപ്പമുണ്ടാകും. 8 ജിബി റാമിനൊപ്പം 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വേരിയന്റും അത് കൂടാതെ 8 ജിബി റാമുള്ള ഷവോമി 13 പ്രോയുടെ 256 ജിബി വേരിയന്റും കമ്പനി പുറത്തിറക്കും. 5,000 എംഎഎച്ച് ബാറ്ററി, 10വാട്ട് റിവേഴ്സ് വയർലെസ് ചാർജിങ്ങിനൊപ്പം 120വാട്ട് ഫാസ്റ്റ് വയർഡ് ചാർജിങ്ങും 50വാട്ട് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കും.
വിലയിലും ഞെട്ടിക്കും...
5ജി, ബ്ലൂടൂത്ത് 5.3, എൻഎഫ്സി കണക്ടിവിറ്റി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 14 ഉപയോഗിച്ചാകും ഷവോമി 13 പ്രോ എത്തുക. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഷവോമി ഇതുവരെ ഇന്ത്യയിൽ പുറത്തിറക്കിയതിൽവച്ച് ഏറ്റവും വിലയുള്ള സ്മാർട്ട്ഫോണുകളുടെ നിരയിൽ ആയിരിക്കും ഷവോമി 13 പ്രോയുടെ സ്ഥാനം. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐക്യൂ 11, വൺപ്ലസ് 11 എന്നീ സ്മാർട്ട്ഫോണുകളുടെ വിലയെ കടത്തിവെട്ടി 65,000 രൂപ വിലയിലാകും കമ്പനി ഷവോമി 13 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്.


Click it and Unblock the Notifications








