ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ! സിനിമാറ്റിക് വിഷനുമായി ഷവോമി 14 സിവി ജൂൺ 12ന് ഇന്ത്യയിൽ
സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് പ്രതീക്ഷ പകർന്നുകൊണ്ട് ഷവോമി ഇന്ത്യയിലെ തങ്ങളുടെ ഷവോമി 14 സീരീസിലേക്കുള്ള പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഷവോമി 14, ഷവോമി 14 അൾട്ര എന്നിവ ഉൾപ്പെടുന്ന ഷവോമി-14 സീരീസിന്റെ ഭാഗമാകാൻ പുതിയ ഷവോമി 14 സിവി ആണ് എത്തുന്നത്.
ജൂൺ 12ന് ഷവോമി 14 സിവി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഷവോമി-14 സീരീസിലെ മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെക്കാൾ വിലക്കുറവിലാണ് ഷവോമി 14 സിവി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് വിവരം. ക്യാമറ യൂണിറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സിനിമാറ്റിക് വിഷൻ അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും.

ഷവോമി 14 സിവി (Xiaomi 14 CIVI)യുടെ ലോഞ്ചിലൂടെ ഇന്ത്യയിലെ ഷവോമി സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ ഷവോമി സിവി സ്മാർട്ട്ഫോൺ എന്നതാണ് ഷവോമി 14 സിവിയെ ശ്രദ്ധേയമാക്കുന്ന ചരിത്രപരമായ പ്രത്യേകത. 2021ൽ ആണ് ഷവോമി ആദ്യമായി സിവി സീരീസ് ചൈനയിൽ ആരംഭിക്കുന്നത്.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായി മാറാൻ ഷവോമി സിവി സീരീസ് ഫോണുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയിലെ ഈ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ ഷവോമിയുടെ ലക്ഷ്യം അവിടുത്തെപ്പോലെ ഇവിടെയും ഈ സ്മാർട്ട്ഫോൺ സീരീസിലൂടെ ജനങ്ങളെ കൈയിലെടുക്കുകയെന്നതാണ്. അതിനാൽത്തന്നെ, മത്സരം ശക്തമായ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെയാണ് ഷവോമി സിവി സീരീസ് ഇറക്കുന്നത്.

ഷവോമി 14 സീരീസിലെ മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെപ്പോലെ തന്നെ ശക്തമായ ക്യാമറ സജ്ജീകരണമായിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഷവോമി 14 സിവിയുടെയും പ്രത്യേകത. ഷവോമി 14 സീരീസിലെ മറ്റ് ഫോണുകൾക്ക് സമാനമായി Leica ഒപ്റ്റിക്‌സ് സഹകരണത്തോടെയാണ് ഈ സ്മാർട്ട്ഫോണും എത്തുകയെന്ന് ഷവോമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 14 സിവിയിൽ പ്രതീക്ഷിക്കുന്നത്. അതിൽ ലെയ്‌ക സമ്മിലക്‌സ് ലെൻസുള്ള 50എംപി മെയിൻ റിയർ ക്യാമറ, 12എംപി 120° അൾട്രാ വൈഡ് ക്യാമറ, 50എംപി 25എംഎം പോർട്രെയിറ്റ് ക്യാമറ എന്നിവയും ഡ്യുവൽ 32എംപി ഫ്രണ്ട് ക്യാമറകളും ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി 14 സിവി ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി സിവി 4 പ്രോ (Xiaomi Civi 4 Pro) യുടെ റീബ്രാൻഡഡ് വേരിയന്റ് ആയിരിക്കാം എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ സിവി 4 പ്രോയുടെ ഫീച്ചറുകൾ തന്നെയാകും ഷവോമി 14 സിവിയിലും ഉണ്ടാകുക.

ഷവോമി 14 സിവിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റ് ആണ് ഷവോമി 14 സിവിയിൽ ഉണ്ടാകുക. അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ എഫ്6-ലൂടെ ഈ ചിപ്സെറ്റ് ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 12GB LPPDDR5x റാമും 512GB വരെ UFS 4.0 സ്റ്റോറേജും ഷവോമി-14 സിവിയിൽ ഉണ്ടാകും.
120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും പിന്തുണയ്‌ക്കുന്ന 1.5K റെസല്യൂഷനോടുകൂടിയ 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാകും ഷവോമി 14 സിവിയിൽ ഉണ്ടാകുക. കൂടാതെ സ്‌ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഉണ്ട്. ഒരു മെറ്റൽ ഫ്രെയിമാണ് ഈ ഫോണിനുണ്ടാകുക.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് പിന്തുണ എന്നിവയും ഈ ഫോണിൽ പ്രതീക്ഷിക്കുന്നു. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഷവോമി 14 സിവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് ഫോണിന്റെ പ്രവർത്തനം.

ലോഞ്ചിന് ശേഷം എംഐ ഔദ്യോഗി വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമെ ഫ്ലിപ്പ്കാർട്ട് വഴിയും ഷവോമി-14 സിവി ലഭ്യമാകും. ഈ ഫോണിന്റെ വില സംബന്ധിച്ച സൂചനകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഷവോമി 14യുടെ വില 69,999 രൂപയും ഷവോമി 14 അൾട്രയുടെ വില 99,999 രൂപയുമാണ്. ഇതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഷവോമി-14 സിവി എത്തുക.
ചൈനയിൽ മാർച്ചിൽ ലോഞ്ച് ചെയ്ത ഷവോമി സിവി 4 പ്രോയുടെ റീബ്രാൻഡ് പതിപ്പായിട്ടാണ് ഷവോമി 14 സിവി എത്തുക. ചൈനയിൽ സിവി 4 പ്രോയുടെ വില 2999 യുവാൻ ( ഏകദേശം 34,390 രൂപ) ആയിരുന്നു. ഇന്ത്യയിൽ ടാക്സുകളും മറ്റും ചേർക്കുമ്പോൾ ഷവോമി 14 സിവിയുടെ വില സിവി പ്രോയുടെ വിലയെക്കാൾ ഏറെ ഉയരും.


Click it and Unblock the Notifications








