ഇത് ലെജൻഡ്സിന് വേണ്ടി! ഏറെ കാത്തിരിക്കുന്ന ഷവോമി 14 സീരീസ് ചൈന വിട്ട് ഇന്ത്യയിലേക്ക്, തിയതി പ്രഖ്യാപിച്ചു
സ്മാർട്ട്ഫോൺ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഷവോമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ഒടുവിൽ ചൈനയ്ക്ക് പുറത്ത് ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ബാഴ്‌സലോണയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC 2024) ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഫെബ്രുവരി 25 ഞായറാഴ്ച ഷവോമി (Xiaomi 14 series) സീരീസിൻ്റെ ആഗോള ലോഞ്ച് നടക്കും.
ഷവോമി 14, ഷവോമി 14 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഷവോമി 14 സീരീസിൽ കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. എന്നാൽ ആഗോള തലത്തിലേക്ക് എത്തുമ്പോൾ പ്രോ മോഡൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ, ഷവോമി 14-ന് ഒപ്പം ഷവോമി 14 അൾട്രയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഷവോമി 14 സീരീസിന്റെ ലോഞ്ചിന് മുന്നോടിയായി കമ്പനി ഒരു ടീസർ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലാൻഡിംഗ് പേജ് "ഒരു പുതിയ തലമുറ ലെയ്‌ക ഒപ്‌റ്റിക്‌സ്, പുതിയ ഉയരങ്ങളിലെത്തുന്നു" എന്ന് പറയുന്നുണ്ട്, ഇത് മിക്കവാറും ഷവോമി 14 അൾട്രയുടെ പ്രധാന ക്യാമറയിലെ വിശാലമായ വേരിയബിൾ അപ്പർച്ചറാണ് എന്നാണ് കരുതപ്പെടുന്നത്.
ഷവോമി 13 അൾട്രയുടെ f/1.9 - f/4.0 സ്റ്റോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗതയേറിയ f/1.6-f/4.0 വേരിയബിൾ അപ്പർച്ചർ സജ്ജീകരിച്ചിരിക്കുന്ന സോണി LYT-900 മെയിൻ സെൻസറുള്ള നാല് 50MP ക്യാമറകൾ ഷവോമി 14 അൾട്രയിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമി 14 സീരീസിനൊപ്പം ഷവോമി പാഡ് 7 ആൻഡ്രോയിഡ് ടാബ്‌ലെറ്റും ലോഞ്ചിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ഉൾപ്പെടെ ലോഞ്ച് ചെയ്യുന്നതിനാൽ ഷവോമി 14 സീരീസിലെ ക്യാമറകൾ മികച്ചതാക്കാൻ ഷവോമി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിന്റെ ഭാഗമായി ക്യാമറ ടെക്നോളജി രംഗത്ത അതികായരായ ലെയ്ക്കയുമായുള്ള സഹകരണം ഷവോമി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ലെയ്ക്കയുമായുള്ള സഹകരണത്തിന്റെ ടീസറും കഴിഞ്ഞ ആഴ്ച ഷവോമി പുറത്തുവിട്ടു.
നിലവിലെ ഏറ്റവും കരുത്തുള്ള സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആദ്യമായി അവതരിപ്പിച്ച സ്മാർട്ട്ഫോൺ സീരീസ് ഷവോമി 14 സീരീസ് ആണ്. കരുത്ത ചിപ്സെറ്റിനൊപ്പം എത്തുന്ന മികച്ച ക്യാമറ യൂണിറ്റ് ആയിരിക്കും ഇന്ത്യയിലെത്തുന്ന ഷവോമി 14 സീരീസിന്റെ ഹൈലൈറ്റ് എന്ന് കരുതപ്പെടുന്നു.
6.36 ഇഞ്ച് 1.5K C8 LTPO OLED ഡിസ്‌പ്ലേ, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം എന്നിവയോടെയാണ് ഷവോമി 14 ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്. 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 50W വയർലെസ് ചാർജിംഗ് പിന്തുണയും സഹിതമെത്തുന്ന 4,610mAh ബാറ്ററിയാണ് ഷവോമി 14യുടെ മറ്റൊരു നേട്ടം.

ചൈനയിൽ പുറത്തിറങ്ങിയ മോഡലിനെക്കാൾ ഒട്ടേറെ നവീകരണങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിൽ നടത്തിയിട്ടുണ്ടെന്നും അതിനാൽത്തന്നെ വില അൽപ്പം ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഷവോമി 14 അൾട്ര മോഡൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി പിന്തുണയോടും ഒരു ടൈറ്റാനിയം ഫ്രെയിമോടും കൂടി എത്തിയേക്കാമെന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.
ഷവോമി 14 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വിജയത്തില വില ഒരു നിർണായക ഘടകമാകും എന്നാണ് കരുതപ്പെടുന്നത്. ഷവോമിയുടെ ഈ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഐക്യൂ, വൺപ്ലസ്, സാംസങ്, വിവോ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളോടാണ് ഏറ്റുമുട്ടേണ്ടത്. ഈ ബ്രാൻഡുകളുടെയെല്ലാം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഫോൺ ഇന്ത്യയിൽ ഇതിനകം എത്തിക്കഴിഞ്ഞു.


Click it and Unblock the Notifications








