ചാത്തൻ ചൈനീസ് ഫോണല്ല, ഇത് ഷവോമിയുടെ ലോകം കൊതിക്കുന്ന അൾട്ര മോഡൽ!
സ്മാർട്ട്ഫോൺ ആരാധരുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കുന്ന പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഷവോമിയുടെ അടുത്ത പ്രീമിയം സ്മാർട്ട്ഫോണായ ഷവോമി 14 അൾട്ര ഫെബ്രുവരി 22ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. തുടർന്ന് ഫെബ്രുവരി 25ന് MWC 2024 ഇവൻ്റിൽ ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും.
കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച ഷവോമി 14 (Xiaomi 14) സീരീസിലെ മറ്റ് ഫോണുകളും ഇതോടൊപ്പം മൊബൈൽ വേൾഡ് കോൺഗ്രസ് ഇവന്റിൽ വച്ച് ആഗോളതലത്തിൽ അവതരിപ്പിക്കും. സമഗ്രമായി നവീകരിച്ച പുതിയ ക്യാമറ ഡിസൈനാണ് ഷനോമി 14 അൾട്രയിൽ ഉള്ളതെന്ന് ഷവോമി പറഞ്ഞു.

നൂതനവും മികച്ചതുമായ മൈക്രോ-കർവ്ഡ് സ്‌ക്രീനാണ് ഷവോമി 14 അൾട്രയിൽ ഉപയോഗിക്കുന്നത്. ഇതിന് കൂടുതൽ മനോഹരവും ഒതുക്കമുള്ളതുമായ രൂപകൽപ്പനയാണ് ഉള്ളത്. പൂർണ്ണമായും പൊതിഞ്ഞ മെറ്റൽ ഫ്രെയിമാണ് ഫോണിൻ്റെ സവിശേഷത. കൂടുതൽ പരിഷ്കൃതമായ ക്ലാസിക് ക്യാമറ റിംഗ് ഡിസൈനും ഈ സ്മാർട്ട്ഫോണിൽ അവതരിപ്പിക്കുമെന്ന് ഷവോമി പറയുന്നു.
ലോഞ്ചിന് ഒരുങ്ങുന്ന ഷവോമി 14 അൾട്രയുടെ പൂർണ്ണമായ സവിശേഷതകളും പ്രസ്സ് ചിത്രങ്ങളും ഈ ആഴ്ച ആദ്യംതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത വ്യാഴാഴ്ച ചൈനീസ് സമയം 7PM-ന് (4:30 PM IST) ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇതിനകം വന്ന ആദ്യ സെറ്റ് റെൻഡറുകൾ, ഷവോമി 14 അൾട്രയിൽ 50MP ട്രിപ്പിൾ റിയർ ക്യാമറ ഉള്ളതായി വെളിപ്പെടുത്തി.

ഷവോമി 14 അൾട്രയിലെ പ്രധാന ക്യാമറയ്ക്ക് f/1.6 അപ്പേർച്ചർ, അൾട്രാ വൈഡിന് f/1.8 അപ്പേർച്ചർ, പെരിസ്‌കോപ്പ് ക്യാമറകൾക്ക് f/3.0 അപ്പേർച്ചർ എന്നിവ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എല്ലാ ക്യാമറകൾക്കും 50MP സെൻസർ ഉണ്ടായിരിക്കും എന്നാണ് വിവരം. ഈ ക്യാമറകളുടെ കൃത്യമായ സെൻസർ ഡീറ്റെയിൽസ് ലഭ്യമല്ല.
എന്നാൽ ഷവോമി 14 അൾട്രയുടെ പ്രധാന ക്യാമറയ്‌ക്കായി സോണി ലിറ്റിയ LYT-900 സെൻസറും മറ്റ് മൂന്ന് ക്യാമറകൾക്കായി സോണി IMX858 സെൻസറും ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നേരത്തെ ചില ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഈ സ്മാർട്ട്ഫോണിന് 220 ഗ്രാം ഭാരമുണ്ടാകും എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഷവോമി 13 അൾട്രായുടെ 227 ഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷവോമി 14 അൾട്രയ്ക്ക് ഭാരം നേരിയതോതിൽ കൂടുതലാണ്. ഇത് ഷവോമി 14 അൾട്രയിൽ വലിയ 5300mAh ബാറ്ററി ഉള്ളതിനാലാണ് എന്നും പറയപ്പെടുന്നുണ്ട്. IP68 വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ് സർട്ടിഫിക്കേഷൻ ഷവോമി 14 അൾട്രയിൽ ഉണ്ടാകും.

3000 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസുള്ള 6.73″ 2K OLED LTPO സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, 16GB വരെ റാം, 90W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് വയർലെസ് റീചാർജിംഗ് എന്നിവയാണ് ഷവോമി 14 അൾട്രയുടെ പ്രധാന സവിശേഷതകളുടെ ലിസ്റ്റിലുള്ളത്.
വീഗൻ ലെതർ ബാക്കും അലുമിനിയം ഫ്രെയിമും ഫോണിലുണ്ടെന്ന് പറയപ്പെടുന്നു, എന്നാൽ ഷവോമി 14 പ്രോ പോലെ തന്നെ ടൈറ്റാനിയം ഫ്രെയിമോടുകൂടിയ പ്രത്യേക ലിമിറ്റഡ് എഡിഷൻ ഉണ്ടാകും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ എന്നിവയുമുണ്ടാകും.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4,Galileo, GLONASS, ജിപിഎസ് (L1 + L5), നാവിക്, യുഎസ്ബി ടൈപ്പ് സി 3.2 Gen 1, NFC തുടങ്ങിയ ഫീച്ചറുകളും ഷവോമി 14 അൾട്രയിലുണ്ടാകും. ഇതിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.


Click it and Unblock the Notifications








