ഇതാണ് യഥാർഥ ഇരട്ടച്ചങ്കൻ! ഐഫോൺ, സാംസങ് പ്രീമിയം ഫോണുകളുടെ എതിരാളി, ഷവോമി 14 അൾട്ര ഇന്ത്യയിൽ
രാജ്യത്തെ സ്മാർട്ട്ഫോൺ ആരാധകർക്ക് സർപ്രൈസായി ഷവോമി 14 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഷവോമിയുടെ നിലവിലെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിലെ, ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ് ഷവോമി 14 അൾട്ര (Xiaomi 14 Ultra). മാർച്ച് 7ന് ഷവോമി 14 ലോഞ്ച് ഇന്ത്യയിൽ നിശ്ചയിച്ചിരുന്നു.
ഷവോമി 14 ലോഞ്ചിന് പിന്നാലെ ഷവോമി 14 അൾട്രയും കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയായിരുന്നു. സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്24 അൾട്ര, ഐഫോൺ 15 സീരീസിലെ പ്രോ മോഡലുകൾ എന്നിവയോട് കിടപിടിക്കുന്ന ഫീച്ചറുകളുമായിട്ടാണ് ഷവോമി 14 അൾട്ര ഇന്ത്യയിലും ലോഞ്ച് ചെയ്തിരിക്കുന്നത്.

മികച്ച ക്യാമറ യൂണിറ്റ് ആണ് ഷവോമി 14 അൾട്രയെ ശ്രദ്ധേയമാക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തും ഷവോമി 14 അൾട്രയെ മികച്ച സ്മാർട്ട്ഫോണാക്കി മാറ്റുന്നു. ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് വിലയിലാണ് ഈ അൾട്രാ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. ഇത്രയും ഉയർന്ന വില മുടക്കാൻ താൽപര്യമില്ലാത്തവർക്ക് ഷവോമി 14 മോഡലും പരിഗണിക്കാം.
ഷവോമി 14 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) 2K C8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് തെളിച്ചം, PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി സെറാമിക് ഗ്ലാസ് സംരക്ഷണം എന്നീ ഫീച്ചറുകളുമായാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. ഇതിന് പിന്തുണ നൽകുന്നതിനായി 16GB LPPDDR5x റാം, 512GB UFS 4.0 സ്റ്റോറേജ് സജ്ജീകരണവും ഒരുക്കിയിരിക്കുന്നു.
വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായാണ് ഷവോമി-14 അൾട്ര എത്തിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 1-ഇഞ്ച് 50-മെഗാപിക്സൽ സോണി LYT900 പ്രൈമറി സെൻസറാണ് മെയിൻ. ഇതിനൊപ്പം രണ്ട് 50-മെഗാപിക്സൽ സോണി IMX858 സെൻസറുകളുമുണ്ട്, ഓരോന്നും യഥാക്രമം 75mm, 120mm ഫോക്കൽ ലെങ്ത് ഉള്ള 3.2x, 5x എന്നീ സവിശേഷ ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്നു.
അൾട്രാ വൈഡ് ആംഗിൾ ലെൻസുമായി ജോടിയാക്കിയ 50 മെഗാപിക്സൽ സെൻസറാണ് ഈ ക്യാമറ യൂണിറ്റിലെ നാലാമൻ. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി 32-മെഗാപിക്സൽ സെൻസർ ആണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ ഫീച്ചറുകളും ഷവോമി 14 അൾട്രയിലുണ്ട്.

ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഹൈപ്പർ ഒഎസിലാണ് ഫോൺ എത്തുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), IP68 റേറ്റിങ്, 5G SA/NSA, Dual 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GLONASS, ജിപിഎസ് (L1 + L5), NavIC, യുഎസ്ബി ടൈപ്പ് സി 3.2 Gen 1 എന്നിവയുമുണ്ട്.
90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 5300mAh ബാറ്ററിയാണ് ഇതിലുള്ളത്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ വെഗൻ ലെതർ ഫിനിഷോടുകൂടിയാണ് ഈ ഫോൺ എത്തുന്നത്. ഷവോമി 14 അൾട്രയുടെ സിംഗിൾ 16GB + 512GB മോഡലിന് 99,999 രൂപയാണ് ഇന്ത്യയിലെ വില.
ഏപ്രിൽ-12 മുതൽ Mi.com, Mi Home സ്റ്റോറുകളിൽ ഷവോമി-14 അൾട്രയുടെ വിൽപ്പന ആരംഭിക്കും. ഐസിഐസിഐ കാർഡുകൾക്കൊപ്പം 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, 5000 രൂപവരെ എക്സ്ചേഞ്ച് ബോണസ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, 6 മാസത്തിനുള്ളിൽ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ്, ലേബർകോസ്റ്റ് ഇല്ലാതെ 12 മാസത്തേക്ക് വാറൻ്റി തുടങ്ങിയ ലോഞ്ച് ഓഫറുകളുമുണ്ട്.


Click it and Unblock the Notifications








