പ്രീ-ബുക്കിങിൽ തന്നെ കണ്ണുതള്ളുന്ന ഓഫർ ഇറക്കി ഷവോമി! Xiaomi 15 Series ഇപ്പോൾ വാങ്ങിയാൽ ഒത്തിരി ഗുണമുണ്ട്
ഷവോമിയുടെ എറ്റവും പുതിയ ഫോണുകളായ ഷവോമി 15, ഷവോമി 15 അൾട്ര എന്നിവയുടെ പ്രീ-ഓർഡറുകൾ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രീ-ബുക്കിംഗ് ആരംഭിച്ചത്. പ്രീ-ബുക്കിൽ നേരത്തെ വാങ്ങുന്നവർക്ക് എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും ഷവോമി നൽകുന്നുണ്ട്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി Xiaomi 15 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഡീലുകളാണ് കമ്പനി നൽകുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് 5,000 രൂപയുടെ കിഴിവ് ലഭിക്കും. ഒപ്പം 5,999 വിലയുള്ള ഷവോമി കെയർ പ്ലാനും ഇവർക്ക് ലഭ്യമാക്കും.
ഷവോമി 15 അൾട്ര ബുക്ക് ചെയ്യുന്നവർക്ക് നല്ല തുക തന്നെ സേവ് ചെയ്യാനുള്ള ഒപ്ഷൻ ഷവോമി തന്നെ നൽകുന്നുണ്ട്. ഐ.സി.ഐ.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപയുടെ കിഴിവാണ് ലഭിക്കുക. 11,999 വിലയുള്ള Xiaomi 15 അൾട്രാ ഫോട്ടോഗ്രാഫി കിറ്റ് (ലെജൻഡ് എഡിഷൻ) ഇതിന് കൂടെ ലഭിക്കും.

ഷവോമി 15 അൾട്ര, ഷവോമി 15 എന്നീ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന ഷവോമി 15 സീരീസ് ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് വിപണിയിലെത്തിയത്. ലൈക്ക കാമറ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വിപണി കീഴടക്കാൻ ഷവോമി 15 അൾട്രയും 15നും എത്തിയിരിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, ഒ.ഐ.എസ്, 3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 50 മെഗാപിക്‌സൽ സോണി ടെലിഫോട്ടോ ക്യാമറ സെൻസർ, 200 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും ഷവോമി 15 അൾട്രയുടെ പ്രത്യേകതകളാണ്.
120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാണ് ഷവോമി 15 എത്തിയത്. 12GB റാമും 1TB UFS 4.0 വരെ സ്റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റ് ആണ് ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,410 mAh ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്.

ഷവോമി 15ലും ഷവോമി 15 അൾട്രയിലും എഐ റൈറ്റിങ്, എഐ സബ്ടൈറ്റിലുകൾ, എഐ ഇന്റർപ്രെറ്റർ, എഐ സ്പീച്ച് റെക്കഗ്‌നീഷൻ, എഐ ഫോട്ടോ എഡിറ്റിങ് ടൂളുകൾ തുടങ്ങിയ ഹൈപ്പർ എഐ സവിശേഷതകളുമുണ്ട്. രണ്ട് ഫോണുകളിലും ഗൂഗിളിന്റെ ജെമിനി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിന്റെ വിവരങ്ങളൊക്കെ നേരത്തെ ചോർന്നിരുന്നുവെങ്കിലും വിലയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല.
ലോഞ്ചോടെയാണ് ഈ കാര്യത്തിൽ തീരുമാനമായത്. ഷവോമി 15 അൾട്ര ഇന്ത്യയിൽ 10,9,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഷവോമി 15ന് 64999 രൂപയും. രണ്ട് ഫോണുകളും ഓരോ മെമ്മറി വേരിയന്റിൽ ലഭ്യമാണ്.ഷവോമി 15 സീരീസ് ഏപ്രിൽ രണ്ട് മുതൽ ആമസോൺ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഫോണുകൾ ലഭ്യമാകും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷവോമി 15 അൾട്ര വാങ്ങുകയാണെങ്കിൽ 10,000 രൂപ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. ഈ കിഴിവ് പ്രയോജനപ്പെടുത്തിയാൽ, നിങ്ങൾക്ക് ഈ ഫോൺ 99,999 രൂപയ്ക്ക് ലഭിക്കും. അതായത്, ഫോട്ടോഗ്രാഫി കിറ്റ് ഉൾപ്പെടെ, നിങ്ങൾക്ക് ആകെ 21,999 രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നർത്ഥം. സിൽവർ ക്രോം നിറത്തിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








