Leica ബ്രാൻഡിംഗുള്ള ക്യാമറ, HyperAI സഹിതം ഷവോമി 15 അൾട്ര ഇന്ത്യയിലേക്ക്! നാൾ കുറിച്ചു
ഷവോമി 15 അൾട്ര ഫെബ്രുവരി 27ന് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഈ ഫോണിന്റെ ഇന്ത്യൻ ലഭ്യതയും ഇപ്പോൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഷവോമി ഇന്ത്യ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഷവോമി 15 സീരീസിന്റെ ആഗോള ലോഞ്ചിന്റെ വിവരങ്ങൾ പങ്കുവച്ചു. മാർച്ച് 2 ന് ഈ ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്യും. അതോടൊപ്പം ഇവ ഇന്ത്യയിൽ ലഭ്യമാകുമെന്നും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. കാരണം ആമസോണിലും ഷവോമി 15 സീരീസിന്റെ ടീസർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ആഗോള ലോഞ്ചിന്റെ അന്നുതന്നെ ഇന്ത്യൻ ലോഞ്ചും ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
എന്തായാലും അടുത്ത ആഴ്ച തന്നെ (മാർച്ച് 2) ഷവോമി 15 സീരീസ് ഇന്ത്യയിൽ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നേറുന്നത്. ഇത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കും വൻ പ്രതീക്ഷ നൽകുന്നുണ്ട്. രണ്ട് മോഡലുകളാണ് ഷവോമി 15 സീരീസിൽ പ്രതീക്ഷിക്കുന്നത്. അതിൽ ഒന്ന് ഷവോമിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കരുത്തുറ്റ ഷവോമി 15 അൾട്ര ആണ്.

ഷവോമി 15 അൾട്ര (Xiaomi 15 Ultra) മോഡലിന് പുറമേ സ്റ്റാന്റേർഡ് ഷവോമി 15 (Xiaomi 15) മോഡലും ഷവോമി 15 സീരീസിന്റെ (Xiaomi 15 series) ഭാഗമായി ഇന്ത്യയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. ആമസോണിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അങ്ങനെയാണ്. ഷവോമി 15 സീരീസിന്റെ ആഗോള ലൈവ്-സ്ട്രീമിംഗ് മാർച്ച് 2 ന് ഇന്ത്യൻ സമയം (IST) വൈകുന്നേരം 6:30ന് ഇന്ത്യയിലും ലഭ്യമാകും.
ഫെബ്രുവരി 27ന് ഷവോമി 15 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്യും എന്നതിനാൽ ഇന്ത്യയിലെയും ആഗോള തലത്തിലെയും ലോഞ്ചിന് മുൻപ് തന്നെ ഈ സ്മാർട്ട്ഫോണിനെ സംബന്ധിച്ച ഫീച്ചറുകൾ വിശദമായി അറിയാൻ കഴിയും.
Leica ബ്രാൻഡിംഗുള്ള വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഷവോമി 15 അൾട്രയിൽ ഉണ്ട് എന്ന് ആമസോൺ മൈക്രോസൈറ്റിലെ ടീസർ വ്യക്തമാക്കുന്നുണ്ട്.

ടീസറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇതിൽ ക്വാഡ്-ക്യാമറ സെൻസറുകളും ഒരു LED ഫ്ലാഷും ഉണ്ട്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി, ഷവോമി 15 സീരീസിൽ ഷവോമി ഹൈപ്പർഎഐ ഉണ്ടാകും എന്ന് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഡീറ്റെയിൽസിൽ വ്യക്തമാക്കുന്നുണ്ട്. കറുപ്പ്-ചാരനിറത്തിലുള്ള ഡ്യുവൽ-ടോൺ ഡിസൈനിലും പച്ച നിറത്തിലും രണ്ട് ചിത്രങ്ങൾ ഷവോമി 15 സീരീസിന്റേതായി പുറത്തുവന്നിട്ടുണ്ട്.
നേരത്തെ, ഈ ഫോണിന്റെ ക്യാമറ ഫീച്ചറുകൾ സംബന്ധിച്ച ചില വിവരങ്ങൾ ഷവോമി സ്മാർട്ട്‌ഫോൺ മേധാവി ലു വെയ്‌ബിംഗ് ഒരു ലൈവ് ഇവന്റിൽ വെളിപ്പെടുത്തിയിരുന്നു. 1/1.4-ഇഞ്ച് സെൻസർ വലുപ്പവും 2.24μm ക്വാഡ്-പിക്സൽ സാങ്കേതികവിദ്യയുമുള്ള 200MP ലെയ്‌ക ടെലിഫോട്ടോ ലെൻസ് അൾട്ര മോഡലിൽ ഉണ്ടായിരിക്കും. ഈ സെൻസർ 200mm, 400mm ലോസ്‌ലെസ് സൂം, 9.4mm വ്യാസമുള്ള f/2.6 അപ്പർച്ചർ എന്നിവയെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു.

കൂടുതൽ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും ഷവോമി 15 അൾട്ര എത്തുക. 2K ക്വാഡ്-കർവ്ഡ് സ്‌ക്രീൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള ഒരു വലിയ 6000mAh ബാറ്ററി എന്നിവ ഈ പ്രീമിയം ഫോണിൽ ഉണ്ടാകും എന്ന് മുൻ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ ഇന്ത്യൻ ലോഞ്ചിന്റെ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമാകും.


Click it and Unblock the Notifications








