ആപ്പിളിന് കട്ട ഭീഷണി, ഗൂഗിളിനും പണിയാവും! ഷവോമി 15 സീരീസ് ഇന്ത്യൻ വിപണിയിൽ
ഏറെ കാത്തിരിപ്പുകൾക്കും ആകംക്ഷകൾക്കുമൊടുവിൽ ഷവോമി 15 സീരീസ് ഇന്ത്യൻ വിപണിയിലെത്തി. ഏറ്റവും മികച്ച ക്യാമറ ഫോൺ എന്ന പേരിൽ പുറത്തിറക്കുന്ന ഇത് ഇന്ത്യൻ മാർക്കറ്റിൽ മുന്നേറുമെന്ന് പ്രതീക്ഷിക്കാം. ഷവോമി 15, ഷവോമി 15 അൾട്ര എന്നീ പേരിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകൾ പ്രീമിയം കസ്റ്റമേഴ്സിനെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ന് ഉച്ചയാടെയാണ് ഇതിന്റെ ലോഞ്ച് നടന്നത്. നൂതന സംവിധാനത്തോടെയുള്ള മികച്ച ക്യാമറയും പ്രീമിയം ഡിസൈനുമായാണ് ഷവോമി 15 അൾട്രയും ഷവോമി 15 ഉം ഇന്ത്യയിലെത്തിയിരിക്കുന്നത്. ലൈക്ക കാമറ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വിപണി കീഴടക്കാൻ ഷവോമി 15 അൾട്രയും 15നും എത്തിയിരിക്കുന്നത്.
ലെയ്ക്ക ബ്രാൻഡിന്റെ ക്വാഡ്-ക്യാമറ സിസ്റ്റമാണുള്ളത്. 50 മെഗാപിക്‌സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, ഒ.ഐ.എസ്, 3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 50 മെഗാപിക്സൽ സോണി ടെലിഫോട്ടോ ക്യാമറ സെൻസർ, 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും ഷവോമി 15 അൾട്രയുടെ പ്രത്യേകതകളാണ്.

120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്പ്ലേയുമായാണ് ഷവോമി 15 എത്തിയത്. 12GB റാമും 1TB UFS 4.0 വരെ സ്റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ് ആണ് ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,410 mAh ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്.
ഷവോമി 15ലും ഷവോമി 15 അൾട്രയിലും എഐ റൈറ്റിങ്, എഐ സബ്‌ടൈറ്റിലുകൾ, എഐ ഇന്റർപ്രെറ്റർ, എഐ സ്പീച്ച് റെക്കഗ്നീഷൻ, എഐ ഫോട്ടോ എഡിറ്റിങ് ടൂളുകൾ തുടങ്ങിയ ഹൈപ്പർ എഐ സവിശേഷതകളുമുണ്ട്. രണ്ട് ഫോണുകളിലും ഗൂഗിളിന്റെ ജെമിനി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിന്റെ വിവരങ്ങളൊക്കെ നേരത്തെ ചോർന്നിരുന്നുവെങ്കിലും വിലയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. ലോഞ്ചോടെ ഈ കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

ഷവോമി 15 അൾട്ര ഇന്ത്യയിൽ 10,9,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഷവോമി 15ന് 64999 രൂപയും. രണ്ട് ഫോണുകളും ഓരോ മെമ്മറി വേരിയന്റിൽ ലഭ്യമാണ്.ഷവോമി 15 സീരീസ് ഏപ്രിൽ രണ്ട് മുതൽ ആമസോൺ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ ഫോണുകൾ ലഭ്യമാകും.
മാർച്ച് 18 മുതൽ ഷവോമി 15 അൾട്ര എം ഐ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. മാർച്ച് 19ന് വൈകുന്നേരം 5 മണിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ ഷവോമി 15നൊപ്പം 5,999 രൂപ വിലയുള്ള Xiaomi Care പ്ലാൻ സൗജന്യമായി നേടാനും ഷവോമി 15 അൾട്രക്കൊപ്പം ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷൻ സൗജന്യമായി നേടാനും സാധിക്കും.

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ഷവോമി അൾട്ര വാങ്ങുമ്പോൾ 10,000 രൂപയും ഷവോമി 15 വാങ്ങുമ്പോൾ 5,000 രൂപയും ക്യാഷ്ബാക്ക് ലോഞ്ച് ഓഫറായി നൽകുന്നുണ്ട്. ഷവോമി 15 മൂന്ന് നിറങ്ങളിൽ ലഭ്യമായിട്ടുള്ളത്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അതേസമയം ഷവോമി 15 അൾട്രാ സിൽവർ ക്രോം നിറത്തിൽ മാത്രമാണ് ലഭിക്കുക. 16+512 ജിബി വേരിയന്റിൽ സിൽവർ ക്രോം നിറത്തിലും ലഭ്യമാകും.


Click it and Unblock the Notifications








