15 വർഷത്തിനിടയിലെ ഷവോമിയുടെ ഏറ്റവും ശക്തനായ ഫോൺ! ഷവോമി 15 അൾട്ര വരുന്നു, ഒപ്പം SU7 അൾട്ര ഇവിയും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി രണ്ട് അൾട്രാ 'സംഭവങ്ങൾ' ലോഞ്ച് ചെയ്യാൻ പോകുന്നു. ഷവോമിയുടെ 15 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ഇറക്കുന്ന ഏറ്റവും പ്രീമിയമായിട്ടുള്ള രണ്ട് പ്രോഡക്ടുകളാണ് വരാൻ പോകുന്നത്. അതിൽ ആദ്യത്തേത് ഷവോമി 15 അൾട്ര (Xiaomi 15 Ultra) സ്മാർട്ട്‌ഫോണും രണ്ടാമത്തേത് എസ്‌യു7 അൾട്ര ഇലക്ട്രിക് കാറുമാണ് (Xiaomi SU7 Ultra electric car). ഫെബ്രുവരി 27 ന് ചൈനയിൽ നടക്കുന്ന ഇവന്റിൽ ഈ ഡ്യുവൽ അൾട്ര ഫ്ലാഗ്‌ഷിപ്പുകൾ പുറത്തിറക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചിരിക്കുന്നു. അൾട്രാ ഹൈ എൻഡിലേക്കുള്ള ഷവോമിയുടെ നീക്കത്തിന്റെ തുടക്കം കൂടിയാണ് ഈ ഡിവൈസുകളെന്നാണ് കമ്പനി പറയുന്നത്.
ആഗോള സ്മാർട്ട്ഫോൺ വിപണിയെടുത്താൽ, ആപ്പിളിനും സാംസങ്ങിനും കനത്ത വെല്ലുവിളി ഉയർത്തി ഷവോമി വളർന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഈ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളെ എതിരിടാനുള്ള കരുത്തോടെയാകും ഷവോമി 15 അൾട്ര എത്തുക എന്ന് കരുതപ്പെടുന്നു. ഫെബ്രുവരി 27-ന് നടക്കുന്ന Xiaomi 15 അൾട്രാ ചൈന ലോഞ്ച് ഇവന്റ് ചൈനീസ് സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30ന്) ആരംഭിക്കും.

ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ അടുത്ത മാസം ആദ്യം തന്നെ, അതായത് 2025 MWC (മൊബൈൽ വേൾഡ് കോൺഗ്രസ്) ഇവന്റിന് മുൻപായി മാർച്ച് 2ന് ഈ പ്രീമിയം ഫോൺ ആഗോള വിപണിയിലും ലോഞ്ച് ചെയ്യും. ഷവോമി SU7 അൾട്ര ആഗോള വിപണികൾക്കായി ആദ്യമായി MWC-യിൽ പ്രദർശിപ്പിക്കുമെന്നും ഷവോമി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോഞ്ചിന് മുന്നോടിയായി ഷവോമി 15 അൾട്രയുടെ ചിത്രങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ പുറത്തുവിട്ടിരുന്നു. ഇത് കൂടാതെ വരാൻ പോകുന്ന ഈ പ്രീമിയം ഫോണിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകളുടെ വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ ഈ ഫോണിന്റെ ക്യാമറ ഫീച്ചറുകൾ സംബന്ധിച്ച ചില വിവരങ്ങൾ ഷവോമി സ്മാർട്ട്‌ഫോൺ മേധാവി ലു വെയ്‌ബിംഗ് കഴിഞ്ഞ ആഴ്ച ഒരു ലൈവ് ഇവന്റിൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഷവോമി 15 അൾട്രയിലെ മെയിൻ ക്യാമറ 50MP ആയിരിക്കും. ഇത് 23mm 1″ സെൻസർ, f/1.63 അപ്പേർച്ചർ സഹിതമാകും എത്തുക. ഇത് കൂടാതെ f/2.2 അപ്പേർച്ചറുള്ള 50MP 14mm അൾട്രാ-വൈഡ് ക്യാമറ, 50MP 70mm ടെലിഫോട്ടോ ഫ്ലോട്ടിംഗ് ലെൻസ്, 10cm ടെലിമാക്രോ, f/2.6 അപ്പേർച്ചറുള്ള 200MP 100mm പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (ഇത് 28x വരെ ലോസ്‌ലെസ് സൂമിന് 200mm/400mm സൂം വാഗ്ദാനം ചെയ്യുന്നു) എന്നിവയും ഇതിൽ ഉണ്ടാകും.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും ഷവോമി 15 അൾട്ര എത്തുക. 2K ക്വാഡ്-കർവ്ഡ് സ്‌ക്രീൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള ഒരു വലിയ 6000mAh ബാറ്ററി എന്നിവ ഈ പ്രീമിയം ഫോണിൽ ഉണ്ടാകും എന്ന് മുൻ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

ഷവോമി 15 അൾട്രയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലുകളുടെ റിയർ പാനലിൽ ഗ്ലാസ് ഫിനിഷുണ്ട്, ലെയ്‌കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡ്യുവൽ-ടോൺ ഫിനിഷുള്ളതിന് വീഗൻ ലെതർ ബാക്ക് ഇതിൽ കാണാം. എഡ്ജുകൾക്ക് ചുറ്റും മൈക്രോ കർവ്ഡ് ഡിസൈനുള്ള ഫ്ലാറ്റ് സ്‌ക്രീനും ഈ ഫോണിന് ഉണ്ട് എന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








