എന്നാപ്പിന്നെ ഐഫോൺ മേടിച്ചാൽ പോരേ! ഷവോമി 17 സീരീസിന്റെ ഇന്ത്യയിലെ ലീക്ക് വില കേട്ടോ...
സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ ഇപ്പോൾ വില കൂടുതലാണ്. ഈ വില വർധന ഒരുവിധത്തിൽ കഷ്ടമാണ് എന്ന് തോന്നുമ്പോൾ മറ്റൊരു വിധത്തിൽ അത് ഐഫോണുകൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം ഇന്ത്യയിൽ ഉണ്ടാക്കുന്നു എന്ന് വേണം കരുതാൻ. അടുത്തിടെ പുറത്തിറങ്ങിയ പ്രീമിയം മോഡലുകളുടെയെല്ലാം വില ഐഫോൺ സ്റ്റാന്റേർഡ് മോഡലിന് അടുത്താണ്. ഇപ്പോൾ ഷവോമി 17 സീരീസിലെ മോഡലുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ എത്തിയിരിക്കുന്നു. ഈ വില കണ്ടാൽ എന്നാൽപ്പിന്നെ 'ഐഫോൺ 17 പ്രോ' വാങ്ങിയാൽപ്പോരേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമെന്ന് തോന്നുന്നില്ല.
ഷവോമി 17 സീരീസ് ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. അതിൽ ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകൾ അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിൽ പ്രോ മോഡലുകൾ ഉണ്ടെങ്കിലും ചൈനയ്ക്ക് പുറത്ത് അവ അവതരിപ്പിക്കില്ല എന്നാണ് റിപ്പോർട്ട്.

ഷവോമി 17 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ വരാൻ പോകുന്ന ഷവോമി 17, 17 അൾട്ര മോഡലുകളുടെ ഇന്ത്യയിലെ വിലയെക്കുറിച്ച് പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. ഷവോമി 17 മോഡൽ ഏകദേശം 80,000 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കാം എന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനെക്കാൾ ശ്രദ്ധേയം ഷവോമി 17 അൾട്രയുടെ വിലയാണ്, ഇത് ഇന്ത്യയിൽ ഏകദേശം 1,25,000 രൂപ വിലയിൽ അവതരിപ്പിക്കപ്പെടും എന്നാണ് അഭിഷേക് യാദവ് പറയുന്നത്. മുൻ മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വർധനവാണ്. ഷവോമി 15 മോഡലിന് 64,999 രൂപയും 15 അൾട്ര മോഡലിന് 1,09,999 രൂപയുമായിരുന്നു ഇന്ത്യയിലെ വില.

പുതിയ വിലയുമായി ഷവോമി മത്സരിക്കാനൊരുങ്ങുന്നത് വമ്പന്മാരോടാണ് എന്നതാണ് കൗതുകകരം. സാംസങ്ങിന്റെ ഗാലക്സി എസ്25 അൾട്ര മോഡൽ ഏകദേശം 1,29,999 രൂപ പ്രാരംഭ വിലയിലും ആപ്പിളിന്റെ ഐഫോൺ 17 പ്രോ 1,34,900 രൂപ പ്രാരംഭ വിലയിലും ഗൂഗിളിന്റെ പിക്സൽ 10 പ്രോ XL 1,24,999 രൂപ വിലയിലും ഇന്ത്യൻ വിപണിയിൽ നേരത്തെ എത്തിയിട്ടുണ്ട്.
ഇപ്പോൾ ഈ പറഞ്ഞ സാംസങ്, ആപ്പിൾ, ഗൂഗിൾ സ്മാർട്ട്ഫോണുകൾക്കെല്ലാം ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ അവ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യവുമാണ്. എന്തൊക്കെ മികച്ച ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും സാംസങ്ങിന്റെ അൾട്ര മോഡലിന്റെയും ഐഫോൺ പ്രോ മോഡലിന്റെയും പ്രശസ്തിക്ക് താഴെ മാത്രമേ പൊതുവിൽ ഷവോമിക്ക് സ്ഥാനം കിട്ടാറുള്ളൂ.
ഇത്തരമൊരു സാഹചര്യത്തിൽ പുതിയ ഷവോമി 17 സീരീസിന്റെ വരവ് അൽപ്പം കൗതുകത്തോടെയാകും ഇന്ത്യൻ വിപണി നോക്കിക്കാണുക. വില മുൻ മോഡലുകളെക്കാൾ അൽപ്പം കൂടുമെങ്കിലും അതിനെ ന്യായീകരിക്കും വിധമുള്ള ശക്തമായ ഫീച്ചറുകൾ ഷവോമി 17 സീരീസിൽ ഉണ്ടാകും എന്നാണ് ചൈനയിൽ ലോഞ്ച് ചെയ്ത മോഡലുകളുടെ ഫീച്ചറുകൾ നോക്കുമ്പോൾ കാണാനാകുക.

ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ നിലവിലെ കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ന് ഒപ്പമാണ് എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.9-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് അൾട്രാ മോഡലിന്റെ സവിശേഷത. ഷവോമി 17 ചെറുതും കൂടുതൽ ഒതുക്കമുള്ളതുമായ 6.3-ഇഞ്ച് OLED ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു.
ഇരുമോഡലുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുന്നത് ക്യാമറകളുടെ കാര്യത്തിലാണ്. 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ്, 200MP ടെലിഫോട്ടോ ക്യാമറ എന്നിവയുൾപ്പെടെയുള്ള ലെയ്‌ക ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഷവോമി 17 അൾട്രയിലുള്ളത്. 50MP പ്രൈമറി സെൻസർ, 50MP അൾട്രാ-വൈഡ് ക്യാമറ, ലെയ്‌ക 60mm ഫ്ലോട്ടിംഗ് ലെൻസ് ഡിസൈനുള്ള 50MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ലെയ്‌ക ക്യാമറ സജ്ജീകരണമാണ് ഷവോമി 17 മോഡലിലുണ്ടാകുക.
ഷവോമി 17 അൾട്രയിൽ 90W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6,800mAh ബാറ്ററിയാണ് ഉണ്ടാകുക. അതേസമയം സ്റ്റാന്റേർഡ് മോഡൽ ഇതിനെക്കാൾ അൽപ്പം വലിയ ബാറ്ററിയുണ്ട്. 7,000mAh ബാറ്ററിയാണ് ഷവോമി 17 -യിൽ ഉണ്ടാകുക. അടുത്ത മാസം ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








