നമ്മക്ക് പിന്നേം കോളടിച്ചു! ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകളാണ് ഇങ്ങോട്ട് വരുന്നത്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഷവോമി ആരാധകരെയും പ്രീമിയം സ്മാർട്ട്ഫോൺ ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ചില വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഷവോമി 17 സീരീസിലെ പ്രോ മോഡൽ ഒഴികെയുള്ള മോഡലുകൾ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ചിന് ഒരുങ്ങുന്നു, ഷവോമി 17 (Xiaomi 17), ഷവോമി 17 അൾട്ര (Xiaomi 17 Ultra) എന്നീ രണ്ട് വമ്പൻ സ്മാർട്ട്ഫോണുകളാണ് വരാൻ പോകുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെ ഇവ ഇന്ത്യയിലടക്കം ലോഞ്ച് ചെയ്യും എന്നതാണ് പുതിയ വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ചൈനയിൽ ഇതിനകം ഈ ഫോണുകൾ ലോഞ്ച് ചെയ്തു കഴിഞ്ഞു.
ചൈനീസ് ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അധികം വച്ച് താമസിപ്പിക്കാതെ തെരഞ്ഞെടുത്ത പ്രധാന വിപണികളിലേക്ക് ഈ ഫോണുകൾ അവതരിപ്പിക്കാനാണ് ഷവോമിയുടെ നീക്കം എന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് ആദ്യം ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഷവോമി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഷവോമി 17 പ്രോ മോഡൽ ചൈനയ്ക്ക് പുറത്ത് അവതരിപ്പിച്ചേക്കില്ല എന്ന് വെളിപ്പെടുത്തിയ, ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് ഈ പുതിയ വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ വേൾഡ് കോൺഗ്രസിന് (MWC) മുന്നോടിയായി ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ ആണ് പ്ലാൻ എന്നറിയുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഫെബ്രുവരി 28-നകം ഷവോമി 17 അൾട്രാ ലെയ്‌ക എഡിഷൻ അവതരിപ്പിക്കും. ഫോട്ടോഗ്രഫിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഷവോമി അവതരിപ്പിച്ച ഏറ്റവും പ്രീമിയം മോഡലാണ് ഇത്.
ചൈനയിൽ അവതരിപ്പിക്കപ്പെട്ട ഷവോമി 17 അൾട്ര, ഷവോമി 17 മോഡലുകളിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ആഗോളതലത്തിൽ ഇറങ്ങുന്ന മോഡലുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിലെ കരുത്തൻ ചിപ്സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് ഈ രണ്ട് പ്രീമിയം മോഡലുകളും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ശക്തമായ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്തുകൊണ്ട് ഷവോമി 17 അൾട്ര കൂടുതൽ തലയെടുപ്പോടെ നിൽക്കുന്നു. 50MP മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് ലെൻസ്, 200MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ലെയ്‌ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് അൾട്ര മോഡലിലുള്ളത്. ലാൻഡ്‌സ്‌കേപ്പ് മുതൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി വരെയുള്ള വൈവിധ്യമാർന്ന സാഹചര്യങ്ങൾ പകർത്താൻ കഴിയും വിധമാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം ഡിസൈൻ ചെയ്‌തിരിക്കുന്നത്.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps റെക്കോർഡിംഗ് സഹിതം ഷവോമി 17 അൾട്രയിലുണ്ട്. അതേസമയം സ്റ്റാന്റേർഡ് ഷവോമി 17 മോഡലിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP പ്രൈമറി സെൻസർ, 50MP അൾട്രാ-വൈഡ് ക്യാമറ, ലെയ്‌ക 60mm ഫ്ലോട്ടിംഗ് ലെൻസ് ഡിസൈനുള്ള 50MP ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്നു. അൾട്രയുടെ അത്ര വരില്ലെങ്കിലും ഈ സ്റ്റാന്റേർഡ് മോഡലിന്റേതും ശക്തമായ ക്യാമറ സജ്ജീകരണം തന്നെ.
90W വയർഡ്, 50W വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള ഒരു വലിയ 6,800mAh ബാറ്ററിയാണ് ഷവോമി 17 അൾട്രയിലുള്ളത്. സ്റ്റാന്റേർഡ് മോഡൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി സഹിതം എത്തുന്നു.

ഇന്ത്യയിൽ ഷവോമി 15, ഷവോമി 15 അൾട്ര എന്നിവയുടെ പിൻഗാമിയായാണ് പുതിയ ഷവോമി 17 സീരീസ് മോഡലുകൾ എത്താൻ പോകുന്നത്, എന്നാൽ മുൻ മോഡലുകളെക്കാൾ അൽപ്പം ഉയർന്ന വില പുതിയ മോഡലുകൾക്ക് പ്രതീക്ഷിക്കാം. ഷവോമി 15 5ജി 64,999 രൂപ വിലയിലും ഷവോമി 15 അൾട്ര 109,999 രൂപ വിലയിലുമാണ് ഇന്ത്യയിലെത്തിയത്.
പുതിയ ചിപ് കരുത്തും സ്മാർട്ട്ഫോൺ വിപണിയിലെ വില വർധനവും കണക്കിലെടുക്കുമ്പോൾ പുതിയ ഷവോമി 17, ഷവോമി 17 അൾട്ര എന്നിവയുടെ വില കൂടാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ വിവോയുടെ X300 സീരീസ്, ഓപ്പോയുടെ ഫൈൻഡ് X9 സീരീസ് എന്നിവയാകും ഷവോമി 17 സീരീസ് മോഡലുകളുടെ പ്രധാന എതിരാളികൾ. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications