ഐഫോൺ 17 സീരീസിന് ചെക്ക്! കരുത്തൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 5 ചിപ്സെറ്റുള്ള ആദ്യ ഫോണുകളുമായി ഷവോമി 17 സീരീസ്
സ്മാർട്ട്ഫോൺ വിപണിയിൽ കിങ് ആര് എന്ന ചോദ്യത്തിന്റെ ഒരു വശത്ത് എപ്പോഴും ആപ്പിൾ ഐഫോണുകൾ ഉണ്ടാകും. മറുവശത്ത് ആര് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളായിരിക്കും. അതായത് ആപ്പിളിന്റെ ഐഫോണിനെക്കാളും മികച്ചത് തങ്ങൾ പറയുന്ന ഈ ബ്രാൻഡ് ആണ് എന്നായിരിക്കും ഐഫോണിനെ എതിർക്കുന്നവരുടെ വാദം. തങ്ങളുടെ ഇഷ്ട സ്മാർട്ട്ഫോണിന്റെ മികവ് തെളിയിക്കാൻ ആപ്പിളിന്റെ ഐഫോണുമായി ആരാധകർ അവ താരതമ്യം ചെയ്ത് വാദങ്ങൾ നിരത്തുന്നു. എന്തായാലും ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെ ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി തങ്ങളുടെ പുതിയ ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു.
ഷവോമി 17 സീരീസ് സെപ്റ്റംബർ 25ന് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി ഇന്ന് സ്ഥിരീകരിച്ചു. മൂന്ന് മോഡലുകളാകും ഈ സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുക. അതിൽ ഷവോമി 17, ഷവോമി 17 പ്രോ ഷവോമി 17 മാക്സ് മോഡലുകൾ ഉൾപ്പെടുന്നു.

കരുത്തൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 5 ചിപ്സെറ്റുള്ള ആദ്യ ഫോണുകളുമായി എത്തുന്നു എന്നതാണ് ഷവോമി 17 സീരീസിന്റെ ലോഞ്ചിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഈ ചിപ്സെറ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ ആഴ്ച തന്നെ ഈ ചിപ്സെറ്റ് ഔദ്യോഗികമായി പുറത്തിറക്കും. അതിന് പിന്നാലെയാണ് ഷവോമി 17 സീരീസ് ലോഞ്ച് ചെയ്യുകയെന്നാണ് വിവരം.
ഷവോമിയുടെ 17 സീരീസിലെ ഓരോ സ്മാർട്ട്ഫോണും ഒന്നിനൊന്ന് മെച്ചമായിരിക്കും എന്നാണ് കമ്പനിയുടെ അവകാശ വാദങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ഷവോമി 17 മോഡൽ ഷവോമിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പായിട്ടാണ് എത്തുക എന്ന് കമ്പനി പറയുന്നു. 90W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക.
ഷവോമിയുടെ ഏറ്റവും സങ്കീർണ്ണമായ ചെറിയ-വലുപ്പമുള്ള ടെക്നോളജി ഇമേജിംഗ് ഫ്ലാഗ്ഷിപ്പായിട്ടാണ് ഷവോമി 17 പ്രോ മോഡൽ എത്തുക. 100W ഫാസ്റ്റ് ചാർജിംഗുള്ള 6300mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷവോമിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഫ്ലാഗ്ഷിപ്പ് എന്ന വിശേഷണവുമായാണ് ഷവോമി 17 പ്രോ മാക്സ് എത്തുക. 100W ഫാസ്റ്റ് ചാർജിംഗുള്ള 7500mAh ബാറ്ററിയാണ് ഇതിൽ നൽകുക.
ലോഞ്ച് ഇവന്റിൽ ഷവോമി 17 സീരീസിന് പുറമേ ഷവോമി പാഡ് 8, പാഡ് പ്രോ എന്നിവ അടങ്ങുന്ന ഷവോമി പാഡ് 8 സീരീസും അവതരിപ്പിക്കും. ഷവോമി 17 സീരീസ് ലോഞ്ച് ചെയ്യുന്ന ഇവന്റിൽ ഷവോമി ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ലീ ജുൻ തന്റെ ആറാമത്തെ വാർഷിക പ്രസംഗം നടത്തും. "മാറ്റം" എന്നതായിരിക്കും പ്രമേയം, ഷവോമി XRING ചിപ്പിനും ഷവോമി ഓട്ടോയ്ക്കും പിന്നിലെ കഥകളെക്കുറിച്ച് അദ്ദേഹം സംസാരിക്കും.
ഷവോമിയുടെ 17 സീരീസിലെ മൂന്ന് മോഡലുകളും വയർലെസ് ചാർജിംഗ് പിന്തുണയോടെയാണ് എത്തുക എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഫോണുകളിലെ മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഷവോമിയുടെ വരാൻ പോകുന്ന പാഡ് 8 സീരീസിന്റെ കാര്യമെടുത്താൽ 144Hz റിഫ്രഷ് റേറ്റുള്ള 11.2 ഇഞ്ച് 3.2K റെസല്യൂഷൻ LCD സ്‌ക്രീനും സോഫ്റ്റ് ലൈറ്റ് സ്‌ക്രീൻ പതിപ്പ് ഓപ്ഷനുകളും ഇവയിൽ ഉണ്ടാകും.

യൂണിബോഡി മെറ്റൽ ഡിസൈനുമായാണ് പാഡ് 8 സീരീസ് എത്തുക. ഇതിൽ പാഡ് 8 മോഡലിന് സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തും പാഡ് 8 പ്രോ മോഡലിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമാണ് നൽകിയിരിക്കുന്നത്. പാഡ് 8 സീരീസിൽ 9200mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിംഗും ഉണ്ടാകും. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








