ഇതുവരെ ലോഞ്ച് ചെയ്ത മൂന്ന് മോഡലിനും മുകളിൽ നിൽക്കും! 200MP ക്യാമറ സഹിതം ഷവോമി 17 അൾട്ര വരുന്നു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി തങ്ങളുടെ ഷവോമി 17 സീരീസിലേക്ക് ഒരു പുതിയ കരുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ ഷവോമി 17 സീരീസിൽ ഷവോമി 17, 17 പ്രോ, 17 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ കമ്പനി ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഈ മൂന്ന് മോഡലുകൾക്കും മുകളിൽ നിൽക്കുന്ന ഒരു മോഡൽ കൂടി ഇതേ സീരീസിൽ അവതരിപ്പിക്കാൻ പോവുകയാണ്, ഷവോമി 17 അൾട്ര (Xiaomi 17 Ultra) എന്നാണ് വരാൻ പോകുന്ന മോഡലിന്റെ പേര്.
ചൈനീസ് ലോഞ്ചിന് ശേഷം ഷവോമി 17 സീരീസ് മോഡലുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്തായാലും ഇപ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾ ഉറ്റുനോക്കുന്നത് ചൈനയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഷവോമി 17 അൾട്ര മോഡലിലേക്ക് ആണ്. ഡിസംബർ 26 ന് ഷവോമി 17 അൾട്ര ലോഞ്ച് ചെയ്തേക്കുമെന്ന് ടിപ്‌സ്റ്റർ സ്മാർട്ട്പിക്കാച്ചു വെയ്‌ബോ പോസ്റ്റിൽ പറയുന്നു.

ഷവോമി 17 അൾട്രയുടെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് വരാൻ പോകുന്ന പുതിയ പ്രീമിയം മോഡലിന്റെ പ്രീ ബുക്കിങ് അടുത്ത ആഴ്ച മുതൽ ആരംഭിക്കും എന്നാണ്. മാത്രമല്ല, ബുക്കിംഗ് ആരംഭിച്ച് 10 ദിവസത്തിന് ശേഷം അതിന്റെ വില പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഷവോമി 17 അൾട്ര 12ജിബി, 16ജിബി റാം വേരിയന്റുകളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്, ഇതിന്റെ പ്രാരംഭ വില ഏകദേശം 85,000 രൂപയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഷവോമി 15 അൾട്രയുടെ 12ജിബി + 256ജിബി വേരിയന്റിന് ഏകദേശം 82,699 രൂപയും 16ജിബി + 1ടിബി വേരിയന്റിന് ഏകദേശം 99,199 രൂപയുമാണ് വില.
ഫീച്ചറുകൾ
വരാൻ പോകുന്ന ഷവോമി 17 അൾട്രയുടെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ലീക്ക് റിപ്പോർട്ടുകൾ ചില വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രകാരം, ക്വാൽക്കോമിന്റെ ഏറ്റവും പുത്തൻ കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാകും ഈ ഫോൺ എത്തുക.
ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് മോഡലുകളും ഇതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ് കരുത്തിലാണ് എത്തിയിട്ടുള്ളത്. ഈ ഒക്ടാ-കോർ പ്രോസസർ 3nm ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്നു, 3.63GHz മുതൽ 4.6GHz വരെ ക്ലോക്ക് ആവൃത്തിയിൽ പ്രവർത്തിക്കുന്നു.
ശക്തമായ എഐ ഫീച്ചറുകൾക്കായി ഹെക്‌സഗൺ NPU-വും മെച്ചപ്പെട്ട നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായി X85 5G മോഡം RF സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. ശക്തമായ പെർഫോമൻസിന് ഏറ്റവും മികച്ച പ്രോസസർ നൽകിയിരിക്കുന്നത് പോലെ അതിശക്തമായ ക്യാമറ ഫീച്ചറുകളും ഷവോമി 17 അൾട്ര അവതരിപ്പിക്കും. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്.
1 ഇഞ്ച് 50MP OmniVision OV50X മെയിൻ ക്യാമറയും 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും അടങ്ങുന്നതാകും ഷവോമി 17 അൾട്രയിലെ റിയർ ക്യാമറ സജ്ജീകരണം. കൂടാതെ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50MP ഫ്രണ്ട് ക്യാമറയും ഈ അൾട്ര മോഡലിൽ പ്രതീക്ഷിക്കുന്നു.
മറ്റൊരു പ്രധാന ഫീച്ചർ ബാറ്ററിയാണ്, ഷവോമി 17 അൾട്ര 120W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും സഹിതം 7,000mAh ബാറ്ററി അവതരിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഷവോമി 17 മോഡൽ 7000mAh ബാറ്ററിയോടെയും, ഷവോമി 17 പ്രോ 6300mAh ബാറ്ററിയോടെയും, ഷവോമി 17 പ്രോ മാക്സ് 7500mAh ബാറ്ററിയോടെയും ആണ് എത്തിയത്. ഷവോമി 17 അൾട്രയുടെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








