ഷവോമി 17 അൾട്രയിൽ ലെയ്ക്ക APO ടെലിഫോട്ടോ ലെൻസ്; ഒരു സ്മാർട്ട്‌ഫോണിൽ ഇത് ആദ്യം!
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ആയി ഷവോമി 17 അൾട്ര ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ചൈനീസ് ലോഞ്ച് അടുത്ത ആഴ്ച ഉണ്ടാകും എന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ലീ ജുൻ (Lei Jun) ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മിക്കവാറും അടുത്ത വ്യാഴാഴ്ചയാകും ഈ ലോഞ്ച് നടക്കാൻ സാധ്യത എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഷവോമി തങ്ങളുടെ പ്രീമിയം മോഡലുകൾ ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിക്കാറുണ്ട്. അതിനാൽത്തന്നെ ഷവോമി 17 അൾട്രയും ചൈനീസ് ലോഞ്ചിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് എത്തും.
ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ, ഷവോമി 17 അൾട്ര FCC (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ), IMEI എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കാണപ്പെട്ടു. 2512BPNDAG എന്ന മോഡൽ നമ്പറിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അവസാനത്തിലെ 'G' എന്നത് ഇത് ആഗോള വേരിയന്റാണെന്ന് സ്ഥിരീകരിക്കുന്നു.

ലോഞ്ചിന് ഒരുങ്ങുന്ന ഷവോമി 17 അൾട്രയുടെ വിശേഷങ്ങളിലേക്ക് ഉറ്റുനോക്കുന്ന സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ഷവോമി ഗ്രൂപ്പും ക്യാമറ നിർമാണ രംഗത്തെ പ്രമുഖരായ Leica ക്യാമറ AG യും തമ്മിലുള്ള സഹകരണം അടുത്ത തലത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു. അതായത് "ജോയിന്റ് R&D" യിൽ നിന്ന് ഒരു പുതിയ "സ്ട്രാറ്റജിക് കോ-ക്രിയേഷൻ മോഡലിലേക്ക്" ഈ സഹകരണം മാറിയിരിക്കുന്നു.
പരമ്പരാഗത മൊബൈൽ ഇമേജിംഗ് പരിമിതികൾക്കപ്പുറത്തേക്ക് നീങ്ങാൻ ഉദ്ദേശിച്ചുള്ള ഒരു സഹകരണമാണ് ഷവോമിയുടെയും ലെയ്ക്കയുടെയും ഈ സ്ട്രാറ്റജിക് കോ-ക്രിയേഷൻ മോഡൽ. അപ്‌ഡേറ്റ് ചെയ്ത ലെയ്ക്ക - ഷവോമി പാർട്നർഷിപ്പിന്റെ ഭാഗമായി, ഷവോമി സ്മാർട്ട്‌ഫോണുകൾക്കായി ഒരു പുതിയ ക്യാമറ സിസ്റ്റം അവതരിപ്പിച്ചു. ഇത് ഷവോമി 17 അൾട്രയിൽ ഉണ്ടാകും.

പുതിയ പാർട്നർഷിപ്പിന്റെ ഫലമായി, മൊബൈൽ ഇമേജിംഗ് മേഖലയിലെ ആദ്യത്തെ Leica APO- സർട്ടിഫൈഡ് ടെലിഫോട്ടോ ലെൻസ് ഷവോമി 17 അൾട്രയിൽ ഉണ്ടായിരിക്കും എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ക്രോമാറ്റിക് അബെറേഷൻ (കളർ ഫ്രിംഗിംഗ്) കുറയ്ക്കുന്നതിനും മികച്ച ലോ ഡിസ്‌പെർഷനും ഉയർന്ന റെസല്യൂഷനും നൽകുന്നതിനുമുള്ള ഫീച്ചറിന് പ്രശസ്തമാണ് ലെയ്‌ക എപിഒ (അപ്പോക്രോമാറ്റിക്) ലെൻസുകൾ.
ഒരു സ്മാർട്ട്ഫോണിലേക്ക് ഈ ലെയ്ക്ക് APO സംയോജിപ്പിക്കുന്നത് ഇത് ആദ്യമായാണ് എന്നത് ഷവോമി 17 അൾട്രയുടെ ക്യാമറ സജ്ജീകരണത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. മൊബൈൽ ടെലിഫോട്ടോ ഫോട്ടോഗ്രാഫിയിൽ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ട്രിപ്പിൾ റിയർ ക്യാമറ കോൺഫിഗറേഷൻ ആണ് ഷവോമി 17 അൾട്രയിലുണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്.
1 ഇഞ്ച് സെൻസർ ഉൾക്കൊള്ളുന്ന 50MP മെയിൻ ക്യാമറ, മാക്രോ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്ന 50MP അൾട്രാ-വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യുന്ന 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്നതാകും ഷവോമി 17 അൾട്രയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.

ചൈനയിൽ അടുത്ത ആഴ്ച ലോഞ്ച് ചെയ്യുമെങ്കിലും ആഗോള തലത്തിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിലാകും ഷവോമി 17 അൾട്ര എത്തുക. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രീമിയം ചിപ്‌സെറ്റ് കരുത്തിലാണ് ഈ അൾട്ര മോഡൽ എത്തുന്നത്. ഇതിലെ മറ്റ് ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് 7,000mAh ബാറ്ററി ഈ അൾട്ര മോഡലിലുണ്ടാകും എന്നാണ്.
100W വയർഡ്, 80W വയർലെസ് ചാർജിങ് പിന്തുണ, IP68 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് എന്നീ ഫീച്ചറുകളും ഇതിലുണ്ടാകും. അതേസമയം സ്മാർട്ട്ഫോണുകളുടെ വില വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷവോമി 17 അൾട്ര മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാകും ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ എത്തുക. ഈ വർഷം മാർച്ചിൽ ഷവോമി 15 അൾട്ര 1.09 ലക്ഷം രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിനെക്കാൾ അൽപ്പം ഉയർന്ന വില ഷവോമി 17 അൾട്രയ്ക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








