ചരിത്രം തിരുത്തിയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു; ഇന്ത്യയിലേക്ക് എത്തുമ്പോൾ രണ്ടും കൽപ്പിച്ച് ഷവോമി!
ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ക്യാമറ ടെക്നോളജി രംഗത്ത അതികായരായ ലെയ്ക്കയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ് ഇന്ത്യയിൽ ഈമാസം ലോഞ്ച് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ക്യാമറ ടെക്നോളജി ലോകം അടക്കിഭരിക്കുന്ന ലെയ്ക്കയുമായുള്ള സഹകരണത്തിന്റെ ടീസർ കഴിഞ്ഞ ദിവസം ഷവോമി പുറത്തുവിട്ടു. ഷവോമി 14 സീരീസ് (Xiaomi 14 series) ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുന്നതിന്റെയോ ഷവോമി-14 സീരീസിലെ അൾട്ര മോഡൽ മൊബൈൽ വേൾഡ് കോൺഗ്രസിൽ ലോഞ്ച് ചെയ്യുന്നതിന്റെയോ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2022ൽ ആണ് ലെയ്ക്കയും ഷവോമിയും ആദ്യമായി സഹകരണം പ്രഖ്യാപിച്ചത്. സ്മാർട്ട്ഫോൺ ക്യാമറ ടെക്നോളജിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ആ സഹകരണം. ഈ കൂട്ടുകെട്ടിന് ശേഷം ആദ്യം പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് ഷവോമി 12S അൾട്ര. അതുവരെ കാണാത്ത പല ക്യാമറ ഫീച്ചറുകളും സ്മാർട്ട്ഫോണുകളിലേക്ക് ആദ്യമെത്തിയത് ഷവോമി 12S അൾട്രയിലൂടെ ആയിരുന്നു.
വാട്ടർമാർക്കുകളും ഫിൽട്ടറുകളും പോലുള്ള അധിക ഫീച്ചറുകൾക്കൊപ്പം നാച്ചുറൽ കളേഴ്സ്, ശക്തമായ കോൺട്രാസ്റ്റ്, ക്ലാസിക് ലെയ്ക ഏസ്തെറ്റിക്സ് തുടങ്ങിയവയല്ലാം ചേർന്ന് ആധികാരികതയും വൈബ്രൻ്റ് ലുക്കും ഈ സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്തു. അങ്ങനെ സ്മാർട്ട്ഫോൺ ക്യാമറ ഫീച്ചറുകളുടെ വളർച്ചയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി ആ കൂട്ടുകെട്ട് മാറി.

ഇപ്പോൾ ലെയ്ക്കയുമായുള്ള സഹകരണം ഷവോമി ഒരിക്കൽ കൂടി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ സ്മാർട്ട്ഫോൺ ക്യാമറകളെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നുതന്നെയാണ് അതിന്റെ അർഥം. ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ് 2023 ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്തു.
ഷവോമി 14, ഷവോമി 14 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഷവോമി 14 സീരീസിൽ കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. നിലവിലെ ഏറ്റവും കരുത്തുള്ള സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആദ്യമായി അവതരിപ്പിച്ച സ്മാർട്ട്ഫോൺ സീരീസ് എന്ന പ്രത്യേകതയും ഷവോമിയുടെ ഈ സീരീസിനുണ്ട്.
ക്യാമറ സാധ്യതകളെ പുനർനിർവചിക്കാൻ തയാറായിട്ടാണ് തങ്ങൾ എത്തുന്നത് എന്നും അസാധാരണമായ ചിലത് വരാൻ പോകുന്നുണ്ട് എന്നുമാണ് ലെയ്ക്ക സഹകരണം സ്ഥിരീകരിച്ചുകൊണ്ട് ഷവോമി പറഞ്ഞത്. അതിനാൽത്തന്നെ വലിയ പ്രതീക്ഷയാണ് ഈ പ്രഖ്യാപനം നൽകുന്നത്. ലെയ്ക്ക സഹകരണമല്ലാതെ മറ്റ് വിശദാംശങ്ങളൊന്നും ഷവോമി വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ ലോഞ്ച് എപ്പോഴാണ് എന്നത് അടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും സസ്പെൻസായി തുടരുകയാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡിൽ ഷവോമി 14 മോഡലുകൾ കണ്ടെത്തിയിരുന്നു. ലോഞ്ചിനായുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട് എന്ന് ഇത് സൂചന നൽകുന്നു. കരുത്ത ചിപ്സെറ്റിനൊപ്പം എത്തുന്ന മികച്ച ക്യാമറ യൂണിറ്റ് ആയിരിക്കും ഇന്ത്യയിലെത്തുന്ന ഷവോമി 14 സീരീസിന്റെ ഹൈലൈറ്റ്.
ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 14-ൽ ഒഐഎസ് പിന്തുണയുള്ള 50MP ഹണ്ടർ 900 സെൻസർ, 50MP ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 50MP സെൻസർ എന്നിവയുൾപ്പെടുന്ന ലൈക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 32MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇതിൽ എന്ത് മാറ്റമാണ് വരുന്നതെന്ന് കാത്തിരുന്ന് കാണണം.
ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഷവോമി 14 അൾട്ര മോഡൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി പിന്തുണയോടും ഒരു ടൈറ്റാനിയം ഫ്രെയിമോടും കൂടി എത്തിയേക്കാമെന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ പുറത്തിറങ്ങിയ മോഡലിനെക്കാൾ ഒട്ടേറെ നവീകരണങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിൽ നടത്തിയിട്ടുണ്ടെന്നും അതിനാൽത്തന്നെ വില അൽപ്പം ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications








