കണ്ടാൽ തോന്നും വൺപ്ലസ് 15 ആണെന്ന്, പക്ഷേ അല്ല! 6866 രൂപ വിലയിൽ സെനോ 100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. സെനോ 100 (ZENO 100) എന്നാണ് ഇതിന്റെ പേര്. 7000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ പാകത്തിലാണ് ഈ ഐടെൽ ഫോൺ എത്തിയിരിക്കുന്നത്. സെനോ 100 ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് ഉയരുകയും ബജറ്റ് 5ജി ഫോണുകളുടെ ഉൾപ്പെടെ വില കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യം ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലുണ്ട്. ഇതിനാലാകാം 4ജി ഫോണുകൾ കൂടുതലായി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.
മികച്ച ഈടും കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്ന സെനോ 100-ൽ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ ഉണ്ട്. ബജറ്റ് വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിൽ ഇത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. സ്റ്റാൻഡേർഡ് സെല്ലുലാർ നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി നൽകുന്നതിനായി പ്രൊപ്രൈറ്ററി "അൾട്രാലിങ്ക്" ഫീച്ചറും ഈ ബജറ്റ് സ്മാർട്ട്ഫോണിലുണ്ട്.

യൂണിസോക് T7100 പ്രോസസറാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് 4GB വരെ റാമും 8GB വെർച്വൽ റാമും സഹിതം എത്തുന്നു. 90Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്പ്ലേയാണ് സെനോ 100-ൽ ഉള്ളത്. തത്സമയ അലേർട്ടുകൾ കാണിക്കുന്ന ഒരു ഡൈനാമിക് ബാറും ഇതിലുണ്ട്.
8MP മെയിൻ ക്യാമറയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിലുള്ളത്, ഫ്രണ്ടിൽ 5MP ക്യാമറയും. വൺപ്ലസ് 15 മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ റിയർ ക്യാമറ മൊഡ്യൂൾ. ബാറ്ററിയുടെ കാര്യമെടുത്താൽ, 10W ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് സെനോ 100-ൽ സജ്ജീകരിച്ചിരിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ ഫീച്ചറുകളും ഈ ബജറ്റ് 4ജി സ്മാർട്ട്ഫോണിൽ ഉണ്ട്.
പ്രധാന ഫീച്ചറുകൾ
6.6-ഇഞ്ച് (720 x 1612 പിക്സലുകൾ) 90Hz റിഫ്രഷ് റേറ്റ് ഉള്ള HD+ ഡിസ്പ്ലേ, 180Hz ടച്ച് സാമ്പിൾ റേറ്റ്, ഡൈനാമിക് ബാർ, 480 nits സാധാരണ ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.2GHz ഒക്ട കോർ UNISOC T7100 (6x കോർടെക്സ്-A55, 2x കോർടെക്സ്-A75 കോറുകളും) 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി G57 MP1 GPU, 3GB / 4GB റാം, 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സെനോ 100-ൽ ഉണ്ട്. ആൻഡ്രോയിഡ് 15 (Go എഡിഷൻ) -ൽ ആണ് പ്രവർത്തനം. 8MP മെയിൻ ക്യാമറയും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.
3.5mm ഓഡിയോ ജാക്ക്, DTS സൗണ്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H സർട്ടിഫിക്കേഷൻ), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5, GPS/ GLONASS/ Beidou, USB Type-C, 10W ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
സെനോ 100 -ന്റെ 3GB + 64GB അടിസ്ഥാന വേരിയന്റിന് 6,866 രൂപയും 4GB + 64GB വേരിയന്റിന് 7,285 രൂപയുമാണ് വില. ആമസോൺ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. സിൽക്ക് ഗ്രീൻ, പ്യുവർ ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








