സംഗീതപ്രേമികള്‍ക്കു മാത്രമായി ഒരു ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണ്‍

Posted By:

സംഗീതപ്രേമികള്‍ക്കു മാത്രമായി ഒരു ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണ്‍

യാത്രയിലും, ജോലി ചെയ്യുമ്പോഴും എല്ലാം മൊബൈലില്‍ പാട്ടുകേട്ടു കൊണ്ടിരിക്കുക എന്നത് ഇപ്പോള്‍ ഒരു ജീവിത ശൈലിയായിരിക്കുന്നു.  സംഗീതത്തിന് എത്രത്തോളം നമ്മുടെ  മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫോണ്‍ ചെയ്യാനുള്ള ഒരു ഉപകരണം മാത്രം എന്ന നിലയില്‍ നിന്നും മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉയര്‍ന്ന്, ഒരു വിനോദോപാധിയായി മാറുകയും, മ്യൂസിക് പ്ലെയറുകളും, എഫ്എം റേഡിയോകളും നമ്മുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭ്യമാവുകയും ചെയ്തു തുടങ്ങിയതോടെ മൊബൈല്‍ ഫോണുകള്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം വളരെ ഉയര്‍ന്നു.

ഇന്ന് ഊണിലും ഉറക്കത്തിലും നമ്മുടെ സന്തതസഹചാരിയാണ് മൊബൈല്‍ ഫോണ്‍.  സംഗീതവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും പാട്ടു കേള്‍ക്കാന്‍ സൗകര്യമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യവും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളെ ബേസിക് ഹാന്‍ഡ്‌സെറ്റുകളില്‍ പോലും പാട്ടു കേള്‍ക്കാനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

പാട്ടു കേള്‍ക്കാന്‍ മാത്രമായി യുഎസ്ബി മ്യൂസിക് സ്റ്റിക്കുകള്‍, ഐപോഡുകള്‍ തുടങ്ങിയവയൊക്കെ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു സാധാരണക്കാരനെ സംബന്ഘിച്ചിടത്തോളം ഒരേ സമയം ഫോണ്‍ ചെയ്യാനും പാട്ടു കേള്‍ക്കാനും സാധിക്കുന്ന ഉപകരണം ചെറിയ വിലയില്‍ ലഭിക്കുന്നുവെങ്കില്‍ ആതാണ് ഏറ്റവും വലിയ കാര്യം.

സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങു വാഴാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കഥ മാറി.  ഫോണ്‍ ചെയ്യുക, പാട്ടു കേള്‍ക്കുക, ഗെയിം കളിക്കുക എന്നതില്‍ നിന്നൊക്കെ എത്രയോ മുകളിലെത്തി കാര്യങ്ങള്‍.  ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഡോക്യുമെന്റ് മാനേജ്‌മെന്റ്, വീഡിയോ അങ്ങനെ പോകുന്നു കാര്യങ്ങളുടെ കിടപ്പ്.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ സംഗീത ആസ്വാദനത്തിന്റെ സാവഭാവവും മാറി.  വെറുതെ പാട്ടുകള്‍ കേട്ടുകൊണ്ടിരുന്നവര്‍ അവയുടെ ശബ്ദ സംവിധാനത്തിന്റെ മികവിലും ഗുണനിലവാരത്തിലും ശ്രദ്ധിച്ചു തുടങ്ങി.  കൂടുതല്‍ നല്ല ശബ്ദസംവിധാനം ഒരുക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറി.

ഇങ്ങനെ മ്യൂസിക്കിന് പ്രാധാന്യം കൊടുത്ത് ഇസഡ്ടിഇ ഡിസൈന്‍ ചെയ്ത ഹാന്‍ഡ്‌സെറ്റ് ആണ് എസഡ്ടിഇ കോറസ്.  ഒരു സംഗീത പ്രേമി തന്റെ ഗാഡ്ജറ്റിന് ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളോടും കൂടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇസഡ്ടിഇ കോറസ്.

എച്ച്ഡി എസ്ആര്‍എസ് ഡബ്ല്യുഒഡബ്ല്യു ടെക്‌നോളജി ആണിതിന്റെ ശ്ബ്ദ സംവിധാന മികവിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഓരോരുത്തര്‍ക്കും അവനവന്റെസൗകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് ശബ്ദം സെറ്റ് ചെയ്യാമെന്നതാണ് ഈ എസ്ആര്‍എസ് സെറ്റ്അപ്പിന്റെ പ്രത്യേകത.

105 ഗ്രാം മാത്രം ഭാരമുള്ള ഒരു ബാര്‍ ഹാന്‍ഡ്‌സെറ്റാണിത്.  600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഇതിന് 3ജി വെബ് ബ്രൗസിംഗ് സംവിധാനം ഉണ്ട്.  3.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണിതിന്റേത്.

2 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനവും ഉണ്ട്.  മികച്ച ബാറ്ററി ബാക്ക്അപ്പും ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്.

ഇന്ത്യന്‍ വിപണിയില്‍ ഇസഡ്ടിഇ കോറസിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot