മോണ്‍സ്റ്ററില്‍ നിന്ന് മൂന്ന് ഫാഷന്‍ ഹെഡ്‌ഫോണുകള്‍

Posted By: Staff

മോണ്‍സ്റ്ററില്‍ നിന്ന് മൂന്ന് ഫാഷന്‍ ഹെഡ്‌ഫോണുകള്‍

സംഗീതപ്രേമികള്‍ക്കായി മോണ്‍സ്റ്റര്‍ മൂന്ന് പുതിയ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു. ഇതിന്റെ സവിശേഷതകള്‍ക്കൊപ്പം സ്റ്റൈലിനും പ്രാധാന്യം നല്‍കിയാണ് മോണ്‍സ്റ്റര്‍ ഈ സെറ്റുകള്‍ അവതരിപ്പിച്ചത്. ഡയമണ്ട് ടിയേഴ്‌സ് എഡ്ജ്, ഇന്‍സ്പിരേഷന്‍, വെക്ടര്‍ എന്നിങ്ങനെയാണ് ഇവ മൂന്നും അറിയപ്പെടുന്നത്.

നോയ്‌സ് കാന്‍സലിംഗ് സവിശേഷതയാണ് ഇന്‍സ്പിരേഷനില്‍ വരുന്ന ഒരു സവിശേഷത. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ സംഗീതാസ്വാദനത്തെ ബാധിക്കാതിരിക്കാന്‍ ഈ സവിശേഷത സഹായിക്കുന്നു. ഹെഡബാന്‍ഡുകള്‍ പരസ്പരം മാറ്റാനുതകുന്നതാണ്. നമ്മുടെ ആവശ്യത്തിനനുസരിച്ച് ചില ഭാഗങ്ങളെ അധികം ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. അതിനാല്‍ ഹെഡ്‌ഫോണിന്റെ ഡിസൈനില്‍ ഇടക്കിടെ ചെറിയ മാറ്റങ്ങള്‍ വരുത്താം.

ഈ മൂന്ന് മോഡലുകളില്‍ ഡിസൈനില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന മോഡലാണ് ഡയമണ്ട് ടിയേഴ്‌സ് എഡ്ജ്. ഏറെ സമയം ഉപയോഗിക്കാനും സുഖപ്രദമായി ഗാനം ആസ്വദിക്കാനും ഇതിലെ മാര്‍ദ്ദവമേറിയതും വലുതുമായ ഇയര്‍ കുഷ്യനുകള്‍ സഹായിക്കുന്നു. റിമോട്ട് കണ്‍ട്രോള്‍, കണ്‍ട്രോള്‍ ടോക്ക് യൂണിവേഴ്‌സല്‍ മൈക് എന്നിവയും സംഗീതാസ്വാദനത്തിന് കൂടുതല്‍ സഹായിക്കുന്നു. സ്മാര്‍ട്‌ഫോണുകളിലും ഇത് ഉപയോഗിക്കാം. സംഗീതാസ്വാദനം എന്നതിലുപരി ഒരു ഫാഷന്‍ ആക്‌സസറി സ്വന്തമാക്കാനാഗ്രഹിക്കുന്ന യുവതലമുറയെയാണ് ഈ ഹെഡ്‌ഫോണ്‍ ലക്ഷ്യമിടുന്നത്.

വെക്ടറാണ് മൂന്നാമത്തെ മോഡല്‍. പ്രമുഖ വസ്ത്രബ്രാന്‍ഡായ ഡിസലുമായി ചേര്‍ന്നാണ് ഇതില്‍ മോണ്‍സ്റ്റര്‍ ഫാഷന്റെ സാന്നിധ്യം കൊണ്ടുവന്നിരിക്കുന്നത്. ചെവിയില്‍ വെയ്ക്കുന്ന (ഇയര്‍ കപ്പ്) ഭാഗത്ത് ഡീസല്‍ ലോഗോയും കാണാം.

ഇന്നത്തെ ഫാഷനൊപ്പം മികച്ച ശബ്ദമേന്മയും കൂടി ചേര്‍ത്താണ് പുതിയ മോഡലുകളെ മോണ്‍സ്റ്റര്‍ മൊണാകോ ഗ്രാന്റ് പ്രിക്‌സില്‍ വെച്ച് പരിചയപ്പെടുത്തിയത്. ഇവയുടെ വിപണി ലഭ്യതയെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിലയും അറിവില്ല. എന്തായാലും അധികം താമസമില്ലാതെ ഈ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot