നീന്തലിനിടയിലും സംഗീതമാസ്വദിക്കാന്‍ വാട്ടര്‍പ്രൂഫ് എംപി3 പ്ലെയര്‍

Posted By: Staff

നീന്തലിനിടയിലും സംഗീതമാസ്വദിക്കാന്‍ വാട്ടര്‍പ്രൂഫ് എംപി3 പ്ലെയര്‍

സംഗീതപ്രേമികള്‍ക്ക് ഇണങ്ങുന്ന ഒരു പുതിയ എംപി3 പ്ലെയര്‍ വിപണിയിലെത്തുന്നു. സ്വിഎംപി3 പ്ലെയര്‍ (സ്വിംപി3) എന്ന ഈ ഉത്പന്നത്തിന്റെ സവിശേഷത അതിന്റെ പേരില്‍ തന്നെയുണ്ട്. അതെ, നീന്തിത്തുടിക്കുമ്പോഴും ഈ പ്ലെയറില്‍ നിന്നും സംഗീതമാസ്വദിക്കാം നമുക്ക്.

വാട്ടര്‍പ്രൂഫ് സവിശേഷതയെ കൂടാതെ സാധാരണ എംപി3 പ്ലെയറില്‍ നിന്ന്് വ്യത്യസ്തമായ ഡിസൈനും ഇത് സ്വീകരിച്ചിട്ടുണ്ട്. ഫിനിസ് എന്ന കമ്പനിയാണ്  ഈ നൂതന എംപി3 പ്ലെയറുമായി എത്തുന്നത്. ജലാശയങ്ങളില്‍ നീന്തുമ്പോഴും സംഗീതാസ്വാദനത്തിന് തടസ്സം വരാതിരിക്കാന്‍ ഇതില്‍ പ്രത്യേകത ശ്രവണസംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതായത് വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ സാധാരണ ഹെഡ്‌ഫോണോ ഇയര്‍ബഡ്‌സോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പാട്ടിന്റെ ശബ്ദം എത്രത്തോളം ഉയര്‍ത്തിയാലും അത് ഒരു പക്ഷെ സാധാരണ പോലെ കേള്‍ക്കണമെന്നില്ല. മാത്രമല്ല, വ്യക്തതയും കുറവായിരിക്കും. എന്നാല്‍ ഫിനിസ് എംപി3 പ്ലെയറിലെ ശ്രവണസംവിധാനം തലയോട്ടിയിലൂടെ ചെവിയുടെ ഉള്‍ഭാഗത്തേയ്ക്ക് ശബ്ദത്തെ എത്തിക്കുകയാണ് ചെയ്യുന്നത്.

ഈ രീതി ഇപ്പോള്‍ മിക്ക ശ്രവണസഹായികള്‍ക്കും ഉപയോഗിച്ചുവരുന്നുണ്ട്. സാധാരണ ഹെഡ്‌ഫോണിനേക്കാള്‍ ഇതുകൊണ്ടുള്ള ഗുണം ഏത് ശബ്ദമയമായ സാഹചര്യങ്ങളിലും വ്യക്തമായ ശബ്ദം കേള്‍ക്കാനാകും. കൂടാതെ ശ്രവണസംരക്ഷണത്തിനും ഇത് ഗുണകരമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

2ജിബി സ്റ്റോറേജാണ് ഈ എംപി3 പ്ലെയറിലുള്ളത്. 500 പാട്ടുകള്‍ വരെ ഈ സ്റ്റോറേജില്‍ സൂക്ഷിക്കാം. നീന്തല്‍ പോലുള്ള പ്രവൃത്തികളില്‍ പെടുമ്പോള്‍ ശരീരത്തില്‍ നിന്ന് വിട്ടുപോകാതെ കവിളെല്ലുകളില്‍ പറ്റിനില്‍ക്കുന്ന പ്രകൃതമാണ് ഇതിന്റേത്. ഇന്‍ബില്‍റ്റ് യുഎസ്ബി സൗകര്യവും ഇതിലുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 8 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന പ്ലെയറില്‍ ലിഥിയം അയണ്‍ ബാറ്ററിയാണുള്ളത്. ക്യാരി കെയ്‌സും ഗൈഡും സഹിതമാണ് ഉത്പന്നം ലഭിക്കുക. കറുപ്പ്-മഞ്ഞ, നീല-വെള്ള നിറങ്ങളിലാണ് ഈ മോഡല്‍ ലഭിക്കുന്നത്. ഏകദേശം 8,000 രൂപയ്ക്ക് മേലെയാണ് ഈ ഉത്പന്നത്തിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot