11-ാം വയസിൽ എൻജിനീയറിങ്, 14-ാം വയസിൽ മസ്കിന്റെ സ്പേസ്എക്സിൽ എൻജിനീയർ; അദ്ഭുതമായി ബാലൻ
പ്രായത്തെ വെല്ലുന്ന കഴിവുകൾ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി വിസ്മയിപ്പിച്ചിരിക്കുകയാണ് കൈരാൻ ക്വാസി എന്ന പതിനാലുകാരൻ. സമപ്രായക്കാർ കളിചിരികളുമായി ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് തയാറെടുക്കുമ്പോൾ, മനുഷ്യനെ ചൊവ്വയിലേക്ക് വിനോദസഞ്ചാരത്തിന് കൂട്ടിക്കൊണ്ടുപോകാൻ തയാറെടുക്കുന്ന ഇലോൺ മസ്കിന്റെ സ്പേസ്എക്സിൽ എൻജിനീയറായി ജോലിയിൽ പ്രവേശിക്കുന്ന തിരക്കിലാണ് കൈരാൻ ക്വാസി.
നമ്മുടെ നാട്ടിൽ ഒരു ജോലി നേടണമെങ്കിൽ അത്ര എളുപ്പമൊന്നുമല്ല. കഴിവിനെക്കാൾ സർട്ടിഫിക്കറ്റുകൾക്കും പ്രായത്തിനുമൊക്കെയാണ് പല കമ്പനികളും പരിഗണന നൽകുക എന്ന ആക്ഷേപം ശക്തമാണ്. മികച്ച കഴിവുകൾ ഉണ്ടായിട്ടും വയസിന്റെ നിബന്ധനകൾ മൂലവും സർട്ടിഫിക്കറ്റുകളുടെ പ്രശ്നങ്ങൾ മൂലവും ജോലി ലഭിക്കാതെ പോയ ഒട്ടനവധിയാളുകൾ ലോകത്തുണ്ട്.

എന്നാൽ ജോലിക്ക് പ്രായം ഒരു നിർണായക ഘടകമല്ലെന്നും കഴിവിനാണ് മുൻതൂക്കം നൽകേണ്ടതെന്നും വിശ്വസിക്കുന്ന ചില സ്ഥാപനങ്ങളും ലോകത്തുണ്ട്. അത്തരത്തിൽ ഒരു സ്ഥാപനമാണ് ഇലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ്എക്സ്. തന്റെ കമ്പനികളായ സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയിൽ ജോലി നേടുക എന്നത് ഹാർവാർഡിൽ കടന്നുകൂടുന്നതിനെക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് ഇലോൺ മസ്ക് തന്നെ പറഞ്ഞിട്ടുള്ളത്.
ഏറെ കഠിനമായ ഇന്റർവ്യൂ അടക്കമുള്ള നടപടിഘട്ടങ്ങൾ പിന്നിട്ടാൽ മാത്രമേ സ്പേസ്എക്സിൽ കടന്നുകൂടാൻ സാധിക്കൂ. എന്നാൽ എല്ലാ കടമ്പകളും നിസാരമായി ചാടിക്കടന്ന് കൈരാൻ സ്പേസ്എക്സിൽ എൻജിനീയറായി ജോലി നേടിയിരിക്കുകയാണ്. കൈരാന്റെ പ്രായം ഒരു പോരായ്മയായി കണക്കാക്കാതെ കഴിവിന് പ്രാധാന്യം നൽകാൻ സ്പേസ്എക്സ് തയാറായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

എന്നാൽ സ്പേസ്എക്സ് പോലൊരു വമ്പൻ കമ്പനിയുടെ എല്ലാ കടമ്പകളും വെറും 14 -ാം വയസിൽ മറികടക്കാൻ കഴിഞ്ഞ കൈരാന്റെ മികവാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. സ്പേസ്എക്സിന്റെ ഇന്റർവ്യൂ കടന്ന് ജോലി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരൻ എന്ന നേട്ടവും കൈരാൻ സ്വന്തമാക്കി. ഒരു സയൻസ്ഫിക്ഷൻ സിനിമയിലെ നായകനെപ്പോലെ അദ്ഭുതപ്പെടുത്തുന്നതാണ് കൈരാന്റെ ജീവിതപാത.
കൈരാൻ ഒരു സാധാരണ കുട്ടിയല്ലെന്ന് ചെറുപ്പം മുതൽ തന്നെ വ്യക്തമായിരുന്നു. ദി സിയാറ്റിൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, അവന്റെ അസാമാന്യമായ കഴിവുകൾ ബാല്യത്തിൽത്തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. വെറും രണ്ട് വയസ് ഉള്ളപ്പോൾത്തന്നെ കൈരാൻ സാധാരണക്കാരെപ്പോലെ നെടുനീളൻ സംഭാഷണങ്ങൾ നടത്തിയിരുന്നതായി അമ്മ ജൂലിയ അവകാശപ്പെട്ടു.
രണ്ടാം വയസിൽ കിന്റർഗാർട്ടനിലെത്തിയ കൈരാൻ, റേഡിയോയിൽ കേട്ട വാർത്തകളെക്കുറിച്ച് സുഹൃത്തുക്കളോടും അധ്യാപകരോടും പറയുമായിരുന്നു. അപ്പോൾത്തന്നെ പ്രായത്തിൽക്കവിഞ്ഞ ബൗദ്ധികവും വൈകാരികവുമായ ബുദ്ധി കൈരാനുണ്ടെന്ന് വ്യക്തമായി. തുടർന്ന് കൈരാൻ വളരുന്തോറും, മുഖ്യധാരാ വിദ്യാഭ്യാസത്തോട് ചേർന്നുപോകുന്നതല്ല അവന്റെ കഴിവുകൾ. ഇത് തിരിച്ചറിഞ്ഞ വീട്ടുകാർ ഒൻപതാം വയസിൽ സ്കൂൾ വിദ്യാഭ്യാസം മതിയാക്കി കൈരാനെ ഒരു കമ്മ്യൂണിറ്റി കോളേജിൽ ചേർത്തു.
പത്താം വയസിൽ എഐ റിസർച്ച് കോ-ഓപ്പ് ഫെലോ ആയി ഇന്റൽ ലാബിൽ ഇന്റേൺഷിപ്പ് കരസ്ഥമാക്കാൻ ക്വാസിക്ക് കഴിഞ്ഞു. തുടർന്ന് 11-ാം വയസ്സിൽ കമ്പ്യൂട്ടർ സയൻസും എഞ്ചിനീയറിംഗും പഠിക്കാൻ കൈരൻ സാന്താ ക്ലാര സർവകലാശാലയിൽ എത്തി. ഇപ്പോൾ 14-ാം വയസിൽ ഒരു കൗമാരക്കാരന് സ്വപ്നം കാണാൻ സാധിക്കുന്നതിനും അപ്പുറമുള്ള ഒരു ജോലി നേടിയിരിക്കുകയാണ് കൈരൻ.
അവന്റെ കഴിവുകൾ വച്ചുനോക്കിയാൽ അതിൽ അത്ദുതമില്ല എന്നാണ് കൈരാനെ അറിയാവുന്നവർ പറയുന്നത്. 11-ാം വയസിൽ കോളജിൽ എത്തിയപ്പോൾ ആദ്യമൊക്കെ അവിടെയുണ്ടായിരുന്നവർ കൗതുകത്തോടെയാണ് തന്നെ കണ്ടിരുന്നത് എന്നും പിന്നീടത് കുറച്ച് നാൾ കഴിഞ്ഞതോടെ എല്ലാം സാധാരണപോലെയായി എന്നും അവൻ പറയുന്നു. സ്പേസ്എക്സിൽ ജോലി ലഭിച്ച സന്തോഷം ലിങ്ക്ഡ് ഇന്നിലൂടെയാണ് കൈരാൻ പങ്കുവച്ചത്.

"അടുത്ത സ്റ്റോപ്പ്: സ്പേസ്എക്സ്! ഈ ഭൂമിയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായ സ്റ്റാർലിങ്കിന്റെ എഞ്ചിനീയറിംഗ് ടീമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ഞാൻ ചേരും. എന്റെ പ്രായം പ്രശ്നമാക്കാതെ പക്വതയ്ക്കും കഴിവിനും പ്രാധാന്യം നൽകിയ അപൂർവം കമ്പനികളിൽ ഒന്നാണ് സ്പേസ്എക്സ്'' എന്ന് ലിങ്ക്ഡ് ഇന്നിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കൈരാൻ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞതും എന്നാൽ ഏറ്റവും സുതാര്യവുമായ ഇന്റർവ്യൂവിലൂടെ തന്നെ തിരഞ്ഞെടുത്ത സ്പേസ്എക്സിലെ എൻജിനീയർമാർക്കും കൈരാൻ നന്ദിപറഞ്ഞു. സ്പേസ്എക്സിൽ നിന്നുള്ള നിയമനക്കത്തും ഇതോടൊപ്പം പങ്കുവച്ചു. ഇന്റൽ ലാബ്‌സിലെ ഇന്റലിജന്റ് സിസ്റ്റംസ് റിസർച്ച് ലാബ് ഡയറക്ടർ ലാമ നാച്ച്മാനുമൊത്ത് ജനറേറ്റീവ് എഐയിൽ പ്രവർത്തിക്കുന്നത് തന്റെ 'കരിയർ ട്രാക്ക്' മാറ്റിയെന്ന് ക്വാസി പറഞ്ഞു.
തന്റെ പ്രായത്തിനപ്പുറം സ്വപ്നങ്ങൾ കാണാൻ അവസരങ്ങൾ നൽകിയ SCU, Intel എന്നിവയിൽ നിന്നുള്ള തന്റെ ഉപദേഷ്ടാക്കൾക്ക് ക്വാസി നന്ദി പറഞ്ഞു. ''നിങ്ങൾ എന്റെ മൂല്യം തിരിച്ചറിഞ്ഞതിനും എന്റെ കഴിവുകളിൽ വിശ്വസിച്ചതിനും എന്റെ വളർച്ചയിൽ പിന്തുണച്ചതിനും ഞാൻ എന്നും നന്ദിയുള്ളവനാണ്. ഈ പാഠങ്ങൾ എന്റെ കരിയറിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഞാൻ ആവേശത്തിലാണ്,"-എന്നും കൈരാൻ പറഞ്ഞു.
Image credit: Kairan Quazi Instagram


Click it and Unblock the Notifications








