കൊച്ചുമകനെ 'എഐ' ജയിലിലാക്കി; രക്ഷിക്കാൻ പരക്കംപാഞ്ഞ് വയോധികർ; സത്യമറിഞ്ഞപ്പോഴേക്കും 18 ലക്ഷം ഠിം!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന എഐ ഇന്ന് ലോകത്തെ തന്റെ കൈകൾക്ക് കീഴിലാക്കുന്ന കാഴ്ചയാണ് ടെക്നോളജി രംഗത്ത് കാണാനാകുന്നത്. എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി അടക്കമുള്ള ടൂളുകൾ ഇതിനോടകം ലോകമെങ്ങും വൈറലായിക്കഴിഞ്ഞു. നിരവധി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ എഐ അധിഷ്ഠിത ചാറ്റ് ബോട്ടുകൾ തങ്ങളുടെ സംവിധാനത്തിൽ സജ്ജമാക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
എഐയുടെ അനന്ത സാധ്യതകളുടെ പടിവാതിലിലേക്ക് ടെക് ലോകം ചുവടുകൾ വച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ തന്നെ ഞെട്ടിക്കുന്ന ഒരുപാട് സാധ്യതകൾ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് നമുക്കുമുന്നിൽ തുറന്നിട്ടുകഴിഞ്ഞു. മനുഷ്യജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാനും മെച്ചപ്പെടുത്താനും ഒരുപാട് കാര്യങ്ങൾ നിർവഹിക്കാൻ എഐ പിന്തുണ സഹായിക്കുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

ആ നിലയ്ക്ക് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ ഗുണങ്ങൾ ഉള്ളതുപോലെ തന്നെ എഐ മനുഷ്യന് പലവിധത്തിൽ ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. ഒരുപാട് സാധ്യതകളുള്ള എഐ തങ്ങൾക്ക് ഗുണമുണ്ടാകുന്ന രീതിയിൽ പ്രയോജനപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുക. തട്ടിപ്പുകാരും ഈ സംവിധാനത്തെ തങ്ങളുടെ ജോലി എളുപ്പമാക്കാൻ ഉപയോഗിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
മറ്റുള്ളവരെ കബളിപ്പിച്ച് പണം തട്ടാൻ ഇപ്പോൾ എഐയും ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വയോധികരായ ദമ്പതികളെ എഐ അതിസമർഥമായി കബളിപ്പിക്കുകയും അവരുടെ 18 ലക്ഷത്തോളം രൂപ കവരുകയും മാനസികമായും ശാരീരികമായും ഏറെ കഷ്ടപ്പെടുത്തുകയും ചെയ്തെന്ന വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
എഐ ടെക്നോളജി ഉപയോഗപ്പെടുത്തിയ ഓൺലൈൻ തട്ടിപ്പുകാർ വയോധികരെ അതിസമർഥമായി കബളിപ്പിക്കുകയായിരുന്നു. കാനഡയിലാണ് സംഭവമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ പൗരയായ റൂത്ത് കാർഡ് എന്ന എഴുപത്തിമൂന്ന് വയസുകാരിയും ഭർത്താവ് ഗ്രെഗ് ഗ്രേസും (75) ആണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ കബളിപ്പിക്കലിന് ഇരയായത്.

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, റൂത്ത് കാർഡിന് ഒരു ദിവസം ഒരു കോൾ എത്തി. അവരുടെ ചെറുമകന്റെ അഭിഭാഷകനാണെന്ന് അവകാശപ്പെട്ടാണ് അയാൾ സംസാരിച്ചു തുടങ്ങിയത്. വയോധികരുടെ കൊച്ചുമകൻ ജയിലിൽ ആണെന്നും ജാമ്യത്തിന് പണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കോൾ എത്തിയത്. പിന്നീട് ചെറുമകന് ഫോൺ കൈമാറാമെന്ന് അയാൾ പറഞ്ഞു.
തുടർന്ന് സംസാരിച്ചയാൾ അവരുടെ ചെറുമകൻ സംസാരിക്കുന്ന അതേരീതിയിൽ തന്നെയാണ് സംസാരിച്ചത്. താൻ ജയിലിൽ ആണെന്നും വാലറ്റോ സെൽഫോണോ ഇല്ലെന്നും ജാമ്യത്തിന് പണം ആവശ്യമാണെന്നും അയാൾ പറഞ്ഞു. ഇതുകേട്ട് വയോധികർ പരിഭ്രാന്തരായി. ഏതു വിധേനയും കൊച്ചുമകനെ രക്ഷിക്കണം എന്നതിനാൽ അവർ പണം കണ്ടെത്താനുള്ള ഓട്ടം ആരംഭിച്ചു.
തുടർന്ന് സസ്‌കാച്ചെവാനിലെ റെജീനയിലുള്ള തങ്ങളുടെ ബാങ്കിലേക്ക് 3,000 കനേഡിയൻ ഡോളർ പിൻവലിക്കാൻ അവർ പാഞ്ഞു. എന്നാൽ തട്ടിപ്പുകാർ ആവശ്യപ്പെട്ട പണം തികയാഞ്ഞതിനാൽ പിന്നീട് മറ്റൊരു ബാങ്കിലേക്കും ഓടിയെത്തി. എന്നാൽ, വിവരം അറിഞ്ഞ ബാങ്ക് മാനേജർ പണം അയയ്ക്കുന്നത് തടഞ്ഞു. ഫോണിൽ വിളിച്ചത് അവരുടെ യഥാർഥ കൊച്ചുമകൻ ആയിരിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.

മറ്റൊരു ഉപഭോക്താവിനും സമാനമായ കോൾ ലഭിച്ചതായി ബാങ്ക് മാനേജർ മനസിലാക്കിയിരുന്നു. അതിനെത്തുടർന്നാണ് അദ്ദേഹം പണം അയയ്ക്കുന്നതിൽനിന്ന് ദമ്പതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വയോധികരെ വിളിച്ചത് തട്ടിപ്പുകാർ ആയിരുന്നു എന്നും കൊച്ചുമകന്റെ ശബ്ദം വ്യാജമായിരുന്നു എന്നും തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴേക്കും അൽപ്പം വൈകിയിരുന്നു.
താൻ ദുരിതത്തിലാണെന്ന് അറിഞ്ഞ് സഹായിക്കാൻ മുത്തച്ഛനും മുത്തശിയും ചേർന്ന് പണം ശേഖരിച്ചതായും ബിറ്റ്കോയിനായി പതിനെട്ട് ലക്ഷത്തോളം രൂപ തട്ടിപ്പുകാർക്ക് കൈമാറിയതായും ഇരുവരുടെയും കൊച്ചുമകനായ ബ്രാൻഡൻ പെർകിൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. കൊച്ചുമകന്റേതിന് സമാനമായ ശബ്ദം ആയിരുന്നു എങ്കിലും സംസാരം അൽപ്പം വിചിത്രമായിരുന്നതായി പിന്നീട് വയോധികർ വ്യക്തമാക്കി.
ബ്രാൻഡൻ തന്റെ വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇവിടെനിന്നാകാം ഇയാളുടെ ശബ്ദം തട്ടിപ്പുകാർ കൈക്കലാക്കിയത് എന്നാണ് നിഗമനം. അതേസമയം എങ്ങനെയാണ് എഐ ടൂൾ ഇതിനായി ഉപയോഗിച്ചത് എന്ന് വ്യക്തമായിട്ടില്ല. പണം നഷ്ടമായി എന്നതിൽ മാത്രമാണ് വ്യക്തതയുള്ളത്. വരുംനാളുകളിൽ എഐ ഉപയോഗപ്പെടുത്തി അരങ്ങേറാൻ സാധ്യതയുള്ള വൻ തട്ടിപ്പുകളിലേക്കുള്ള ഒരു സൂചനയാണ് ഈ സംഭവം.


Click it and Unblock the Notifications








