കൗമാരക്കാരന്റെ കേൾവിശക്തി നഷ്ടമായി; ഇയർബഡുകൾ ഉപയോഗിക്കുന്നവർക്കുള്ള ഡോക്ടറുടെ മുന്നറിയിപ്പ് ഇതാ
പാട്ട് കേട്ട് യാത്രചെയ്യുന്നത് നമുക്ക് ഏറെ ഇഷ്ടമുള്ളകാര്യമാണ്. സന്തോഷമായാലും ശരി, ശോകമായാലും ശരി നമ്മുടെ വികാരങ്ങളെ പിന്തുണയ്ക്കാനും മനസിന് ആശ്വാസം പകരാനും പാട്ടിനോളം കരുത്തുള്ള മറ്റൊന്ന് ഭൂമിയിൽ ഉണ്ടായിട്ടില്ല. പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവർ അധികം ഉണ്ടാകാൻ സാധ്യതയില്ല. അത്ര മനോഹരമായ പാട്ടുകളാണ് പ്രതിഭകൾ നമുക്കായി സമ്മാനിച്ചിരിക്കുന്നത്.
പാട്ടിനോടുള്ള ഇഷ്ടമാണ് പണ്ട് വാക്മാൻ എന്ന ഉപകരണത്തെ പലരുടെയും സഹയാത്രികനും ചങ്ങാതിയുമാക്കി മാറ്റിയത്. വാക്മാൻ ഇറങ്ങിയപ്പോൾ മുതൽ പാട്ടിനൊപ്പം സാധാരണക്കാരുടെ ചെവിയിൽ കയറിക്കൂടിയ ഉപകരണമാണ് ഇയർഫോണുകൾ. മൊബൈൽഫോണും മറ്റും എത്തുകയും പിന്നീടിങ്ങോട്ട് ടെക്നോളജി വളരുകയും ചെയ്തതോടെ ഇയർഫോണുകളുടെ ഉപയോഗം പാട്ടുകേൾക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളിലേക്ക് കടന്നു.

വാക്മാനിൽ തുടങ്ങിയ ഇയർഫോൺ ബന്ധം സ്മാർട്ട്ഫോണിലൂടെ നമ്മൾ ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ ഇന്ന് ഇയർഫോണുകളുടെ രൂപവും ഭാവവുമൊക്കെ ഏറെ മാറി. വയറുകളുടെ ശല്യമൊന്നുമില്ലാതെ ചെവിയിൽ ഒതുങ്ങിയിരിക്കുന്ന ഇയർബഡുകൾ ഉപയോഗിക്കാനാണ് ഇപ്പോൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഇയർബഡുകൾ ഉപയോഗിക്കാതെയുള്ള ജീവിതം യുവതലമുറയിലെ പലർക്കും ചിന്തിക്കാൻ കൂടി സാധിക്കില്ല.
ഗെയിമിങ്, സിനിമ, റീൽസ്, മറ്റ് വീഡിയോകൾ കാണൽ, കോളിങ് തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ പലരും ദീർഘനേരം ഇയർബഡുകൾ ചെവിയിൽ തുടർച്ചയായി വയ്ക്കുന്നു. അധികമായാൽ അമൃതും വിഷമെന്ന് പറയുംപോലെ ഇയർബഡുകളുടെ അമിത ഉപയോഗം ചെവിയുടെ കേൾവിശക്തി ഇല്ലാതാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും. ഈ വാദത്തെ സാധൂകരിക്കുന്ന ഒരു സംഭവംകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

തുടർച്ചയായി മണിക്കൂറുകളോളം ടിഡബ്ലുഎസ് ഇയർബഡുകൾ ഉപയോഗിച്ചിരുന്ന പതിനെട്ട് വയുസുള്ള ആൺകുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ദീർഘനേരം ചെവിയിൽ ഇയർബഡുകൾ വച്ചിരുന്നതിനാൽ ഉണ്ടായ അണുബാധയാണ് കേൾവി നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എങ്കിലും ശസ്ത്രക്രിയയിലൂടെ ഈ കുട്ടിയുടെ കേൾവി വീണ്ടെടുക്കാൻ കഴിഞ്ഞത് ആശ്വാസമായി.
തുടർച്ചയായി ദീർഘനേരം ഇയർബഡുകൾ ഉപയോഗിക്കുന്നത് ചെവികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇയർബഡുകൾ അമിതമായി ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടുമ്പോൾ അധികം വോളിയം ഇല്ലാതെയാണ് ഉപയോഗിക്കുന്നത് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. എന്നാൽ വോളിയം മാത്രമല്ല, ചെവി അടച്ചുകൊണ്ടുള്ള ഇയർബഡിന്റെ ദീർഘനേരമായുള്ള ഇരിപ്പുതന്നെ പ്രശ്നമാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം വർദ്ധിക്കുന്നു, ഇത് ബാക്ടീരിയകൾക്കും വൈറസുകൾക്കും തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. നമ്മുടെ ശരീരത്തിന് സമാനമായി, ചെവി കനാലിനും വായൂസഞ്ചാരം ആവശ്യമാണെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഇപ്പോഴത്തെ ഇയർബഡുകൾ കൂടുതലും ചെവിയിലേക്ക് കൂടുതൽ ആഴത്തിൽ തിരുകി വയ്ക്കുന്നവയാണ്.

ഇത്തരത്തിലുള്ള ഇയർബഡുകളുടെ ഉപയോഗത്തിലൂടെ ദീർഘനേരം ചെവി അടഞ്ഞിരിക്കുന്നത് വിയർപ്പ് അടിഞ്ഞുകൂടുന്നതിനും തുടർന്നുള്ള അണുബാധയ്ക്കും കാരണമാകുന്നു. ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ ചെവിയുടെ സംരക്ഷണത്തിന് മതിയായ ജാഗ്രതയും ശ്രദ്ധയും പുലർത്തണം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം: ഇയർബഡുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കുന്നതിന് ഒരു പരിധി വേണം എന്നതാണ് ഏറ്റവും പ്രധാനകാര്യം.
ദീർഘനേരം ഇയർബഡുകൾ ചെവിയിൽ വയ്ക്കുകയോ അമിത അളവിൽ വോളിയം ഉപയോഗിക്കുകയോ ചെയ്യരുത്. പരമാവധി വോളിയത്തിന്റെ 60 ശതമാനത്തിന് മുകളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. എഎൻസി പിന്തുണയുള്ള ഇയർബഡുകൾ ഉപയോഗിക്കുക. അത് പുറത്തുനിന്നുള്ള ശല്യശബ്ദങ്ങളെ തടയുന്നതിനാൽ കുറഞ്ഞ വോളിയം ഉപയോഗിച്ച് മികച്ച രീതിയിൽ കേൾക്കാൻ സാധിക്കും.
അണുബാധകളിലേക്ക് നയിച്ചേക്കാവുന്ന അഴുക്ക്, മെഴുക് അല്ലെങ്കിൽ വിയർപ്പ് എന്നിവ അടിഞ്ഞുകൂടുന്നത് തടയാൻ ചെവികൾ പതിവായി വൃത്തിയാക്കുക. കഴിയുമെങ്കിൽ ഇയർബഡുകൾക്ക് പകരം ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക, കാരണം അവ ശബ്‌ദം കൂടുതൽ തുല്യമായി വിതരണം ചെയ്യുകയും ചെവി കനാലിലേക്കുള്ള ശബ്ദം നേരിട്ട് എക്സ്പോഷർ ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും.


Click it and Unblock the Notifications








