ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ 2 കിലോ തക്കാളി സൗജന്യം; കടയുടമയുടെ ഓഫർ സൂപ്പർ ഹിറ്റ്!
രാജ്യത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് തക്കാളി. പല സംസ്ഥാനങ്ങളിലും തക്കാളിവില മാനംമുട്ടെ എത്തിനിൽക്കുകയാണ്. ചിലയിടങ്ങളിൽ എത്ര വില നൽകിയാലും കിട്ടാനില്ലാത്ത അവസ്ഥവരെയുണ്ട്. തക്കാളിയുടെ ഈ വിലക്കയറ്റത്തോടെ കച്ചവടക്കാർക്കിടയിലും മത്സരങ്ങൾ കടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവർക്കും അവശ്യവസ്തുവായതിനാൽ രാജ്യമെമ്പാടും തക്കാളിയുടെ പേരിൽ വിചിത്രമായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തക്കാളി വില കുറച്ച് നൽകി ചില കച്ചവടക്കാർ വേറിട്ട് നിന്നപ്പോൾ, തക്കാളി സൗജന്യമായി നൽകി കച്ചവടം പിടിച്ചവരുമുണ്ട്. പക്ഷേ ഈ സൗജന്യ തക്കാളി വാങ്ങണമെങ്കിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങേണ്ടിവരും എന്നുമാത്രം. മധ്യപ്രദേശിലെ അശോക് നഗറിലെ, ഒരു സ്മാർട്ട്ഫോൺ ഷോപ്പ് ഉടമയാണ് രസകരമായ ഇത്തരമൊരു ഓഫറുമായി ശ്രദ്ധനേടിയത്.

തീവില നൽകിയാലും തക്കാളി കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ, തക്കാളിയുടെ പ്രാധാന്യം ബുദ്ധിപരമായി വിനിയോഗിക്കാൻ അഭിഷേക് അഗർവാൾ എന്ന കടയുടമ തീരുമാനിക്കുകയായിരുന്നു. തന്റെ സ്റ്റോറിൽ നിന്ന് ഒരു മൊബൈൽ ഫോൺ വാങ്ങുന്ന ഉപഭോക്താവിന് 2 കിലോഗ്രാം തക്കാളി സൗജന്യമായി ലഭിക്കും എന്ന് അഗർവാൾ പരസ്യം നൽകി.
തക്കാളിവില ഉയർന്നു നിൽക്കുന്നതിനിടെ സൗജന്യമായി തക്കാളി ലഭിക്കും എന്ന വാർത്ത വളരെപ്പെട്ടെന്ന് ആളുകളിലേക്ക് എത്തും എന്ന് കടയുടമ കണക്കുകൂട്ടി. അതുവഴി തന്റെ കടയെപ്പറ്റി കൂടുതൽ ആളുകൾ അറിയുമെന്നും സ്മാർട്ട്ഫോൺ വാങ്ങാൻ എത്തുമെന്നും കണക്കുകൂട്ടിയാണ് അഗർവാൾ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചത്. ഓഫർ ആരംഭിച്ചതിന് ശേഷം തന്റെ സ്റ്റോറിൽ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു.
സംഭവം ശ്രദ്ധനേടിയതോടെ അഗർവാളും അദ്ദേഹത്തിന്റെ സ്റ്റോറും രാജ്യമെങ്ങും ശ്രദ്ധനേടി. "തക്കാളി വില കൂടിയതും വിപണിയിലെ വർദ്ധിച്ചുവരുന്ന മത്സരം കാരണം ഉപഭോക്താക്കൾക്ക് എന്തെങ്കിലും നൽകാൻ ഞങ്ങൾ ആഗ്രഹിച്ചതുമാണ്, സ്മാർട്ട്‌ഫോണുകൾക്കൊപ്പം സൗജന്യ തക്കാളി നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്'' എന്ന് കടയുടമ അഭിഷേക് അഗർവാൾ പറയുന്നു.
ഓഫർ വൻ വിജയമായിരുന്നു എന്നും ഇതുവരെ ഏകദേശം ഒരു ക്വിന്റലോളം തക്കാളി തങ്ങൾ നൽകി എന്നുമാണ് മൊബൈൽ സ്റ്റോർ ഉടമ പറയുന്നത്. ഈ സൗജന്യ തക്കാളി ഓഫറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പലരും തക്കാളിയുടെ വിലയെ കുറിച്ചും ട്രോളുകൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
തക്കാളി വില ഉയർന്നത് ആളുകളെ എത്രത്തോളം ബാധിച്ചു എന്നതും തക്കാളിക്ക് എത്രത്തോളം ഡിമാൻഡ് ഉണ്ട് എന്നും വ്യക്തമാക്കുന്ന ഈ സംഭവം രാജ്യാമാകെ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഉൽപ്പാദനം കുറയുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങളിൽ തക്കാളിവില കൂടുന്നത് പതിവാണ്. എന്നാൽ ഇത്തവണത്തെ വിലക്കയറ്റം അൽപ്പം അസാധാരണമായിരുന്നു എന്നാണ് വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികൂല കാലാവസ്ഥയാണ് ഇത്തരമൊരു വൻ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2023 ന്റെ തുടക്കത്തിൽ ഏകദേശം 22 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അഞ്ചിരട്ടി വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് തക്കാളിയുടെ ശരാശരി വില 100 രൂപയാണ്.
കേരളത്തിൽ 100- 150 രൂപവരെയാണ് തക്കാളിവില. ഡൽഹിയിൽ 127 രൂപ, ലഖ്‌നൗവിൽ 147 രൂപ, ചെന്നൈയിൽ 105 രൂപ, ദിബ്രുഗഢിൽ 115 രൂപ എന്നിങ്ങനെയാണ് തക്കാളി വില റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ കിലോയ്ക്ക് 250 രൂപ കടന്നു എന്നുപോലും റിപ്പോർട്ടുകൾ വന്നിരുന്നു.

തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടോ എന്ന് തമാശയായി പറഞ്ഞിടത്തുനിന്ന്, തക്കാളിപ്പെട്ടിക്ക് ലോക്കർ തന്നെ വേണ്ടിവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. തക്കാളി മോഷണം ഭയന്ന് ഉപഭോക്താക്കൾ തക്കാളി വാങ്ങാനെത്തുന്നവരെ അകറ്റിനിർത്താൻ ബൗൺസർമാരെ നിയമിച്ചു എന്ന വാർത്തകൾവരെ എത്തിക്കഴിഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള അജയ് ഫൗജി എന്ന പച്ചക്കറിക്കടക്കാരനാണ് ഇത്തരമൊരു വേറിട്ട പ്രയോഗം നടത്തിയിരിക്കുന്നത്.
തക്കാളിക്കായി ആളുകൾ അക്രമത്തിൽ ഏർപ്പെടുകയും തക്കാളി കൊള്ളയടിക്കുകയും ചെയ്യുന്നു എന്നും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് കടയിൽ ബൗൺസർമാരെ നിയോഗിക്കേണ്ടിവന്നത് എന്നും ഇയാൾ പറയുന്നു. 160 രൂപയ്ക്കാണ് താൻ തക്കാളി വിൽക്കുന്നത് എന്നും ആളുകൾ 50 അല്ലെങ്കിൽ 100 ഗ്രാം തക്കാളിവരെയാണ് വാങ്ങുന്നത് എന്നും ഇദ്ദേഹം പറയുന്നു.
തക്കാളി ക്ഷാമം കണക്കിലെടുത്ത് ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ് അവരുടെ ബർഗറുകളിലും റാപ്പുകളിലും ജനപ്രിയ പച്ചക്കറി ഉപയോഗിക്കുന്നത് നിർത്തിവച്ചിരിക്കുകപോലും ചെയ്തിരിക്കുന്നത്രേ. തക്കാളിവാങ്ങാൻ ഇത്രയും ബുദ്ധിമുട്ടുള്ള സ്ഥിതിക്ക്, ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ തന്റെ തക്കാളി ഓഫർ കണ്ട് എത്തുമെന്ന് മനസിലാക്കിയ മൊബൈൽ സ്റ്റോർ ഉടമ ഒരു ബുദ്ധിമാൻ തന്നെ!


Click it and Unblock the Notifications








