ജിയോയുടെ 'പണി'യേറ്റു; ക്രിക്കറ്റ് വേൾഡ്കപ്പും ഏഷ്യാ കപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം!
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി ഡിസ്നി+ ഹോട്ട്സ്റ്റാർ രംഗത്ത്. ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ ഉപയോഗിക്കുന്ന എല്ലാ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
അടുത്തിടെ നടന്ന ഐപിഎൽ ജിയോസിനിമ സൗജന്യമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നത്. ജിയോയുടെ സൗജന്യ ഐപിഎൽ പ്രക്ഷേപണം വൻ വിജയമാകുകയും ജിയോ സിനിമയ്ക്ക് റെക്കോഡ് കാഴ്ചക്കാരെ നേടി നൽകുകയും ചെയ്തിരുന്നു. ജിയോ നേടിയ ഈ മുന്നേറ്റവും ഐപിഎൽ കൈവിട്ടുപോയതിലൂടെ ഉണ്ടായ നഷ്ടവും നികത്താനാണ് ജിയോയെ അനുകരിച്ച് ഹോട്ട്സാറ്റാറും രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് എന്ന ഗെയിമിനെ ജനാധിപത്യവൽക്കരിക്കാനും ഇന്ത്യയിലെ പരമാവധി മൊബൈൽ ഉപയോക്താക്കൾക്ക് അത് ലഭ്യമാക്കാനും വേണ്ടിയാണ് സൗജന്യ സ്ട്രീമിങ് എന്ന തീരുമാനം എടുത്തത് എന്നാണ് കമ്പനി പറയുന്നത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ഹെഡ് സജിത്ത് ശിവാനന്ദന്റെ ഔദ്യോഗിക പ്രസ്താവനയും ഇതേ രീതിയിലാണ് തീരുമാനത്തെ വിശദീകരിക്കുന്നത്.
"ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒടിടി വ്യവസായത്തിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മുൻപന്തിയിൽ തുടരുന്നു, വിവിധ നൂതനാശയങ്ങളിലൂടെ പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഏഷ്യാ കപ്പും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പും കൂടുതൽ പ്രേക്ഷകർക്ക് ലഭ്യമാക്കുന്നത് ഈ മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാകാൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു''- എന്നാണ് സജിത്ത് ശിവാനന്ദൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

ജിയോസിനിമ ഐപിൽ സ്ട്രീം ചെയ്ത സമയത്ത് ഹോട്ട്സ്റ്റാർ കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറെ തിരിച്ചടി നേരിട്ടിരുന്നു. ഇനിയും ഒരിക്കൽക്കൂടി അത്തരം ഒരു തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിടി മേഖലയിൽ ഇന്ത്യൻ വിപണിയിലുള്ള ആധിപത്യം തകരുന്നത് ഹോട്ട്സ്റ്റാറിന്റെ അടിത്തറയിളക്കാൻ പോലും ഇടയാക്കും എന്ന തിരിച്ചറിവിൽനിന്നാണ് തീരുമാനം ഈ ഉണ്ടായിരിക്കുന്നത്.
ഏഷ്യാ കപ്പ് 2022, ഐസിസി പുരുഷ ടി20 ലോകകപ്പ്, 2023 ഐസിസി വനിതാ ടി20 ലോകകപ്പ് എന്നിവയുൾപ്പെടെയുള്ള വമ്പൻ ടൂർണമെന്റുകളുടെ പ്രക്ഷേപണത്തിലൂടെ നിരവധി പ്രേക്ഷകരെ നേടിയെടുക്കാൻ നേരത്തെ ഹോട്ട്സ്റ്റാറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണത്ത ഐപിഎൽ കൈവിട്ടത് വൻ തിരിച്ചടിയാകുകയും ഇന്ത്യൻ ഒടിടി വിപണിയിൽ ജിയോ മുൻനിരയിലേക്ക് ഉയർന്നുവരുന്നതിന് ഇടയാക്കുകയും ചെയ്തു.
ജിയോ നടത്തിയ സൗജന്യ സ്ട്രീമിങ് വിപ്ലവമാണ് ഡിസ്നി+ ഹോട്ട്സ്റ്റാറിനെയും ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. ജിയോസിനിമ ഐപിഎൽ കൊണ്ടുപോയതിലൂടെ ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ CY23- ലെ മൊത്തത്തിലുള്ള വരുമാനത്തിൽ 50 ശതമാനം പ്രതികൂലമായ പ്രത്യാഘാതമുണ്ടാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇന്ത്യൻ ടെലിക്കോം വിപണിയിൽ നിർണായകമായ ഏറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പാരമ്പര്യം റിലയൻസ് ജിയോയ്ക്കുണ്ട്. കിട്ടുന്ന അവസരം പരമാവധി മുതലെടുക്കാൻ തന്ത്രങ്ങൾ മെനയുന്ന ജിയോയുടെ ബുദ്ധി ഒരിക്കൽക്കൂടി പ്രാവർത്തികമായപ്പോൾ, ചരിത്രത്തിൽ ആദ്യമായി ഇക്കൊല്ലം ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ സൗജന്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
തങ്ങൾക്ക് കിട്ടിയ ഐപിഎൽ സ്ട്രീമിംഗ് അവകാശം ഇന്ത്യക്കാരുടെ ഇടയിൽ സ്വാധീനം വർധിപ്പിക്കാൻ കിട്ടിയ സുവർണാവസരമാക്കി മാറ്റാൻ ജിയോയ്ക്ക് ഈ സൗജന്യ സ്ട്രീമിങ് ധാരാളമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ 3.2 കോടിയിലധികം തത്സമയ കാഴ്‌ചക്കാരുമായി ഒടിടി പ്ലാറ്റ്ഫോം ചരിത്രത്തിൽ ലോക റെക്കോഡുകൾ സ്ഥാപിച്ചു.
ഐപിഎൽ അവസാനിക്കുകയും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ പ്രേക്ഷകർ വീണ്ടും ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കാനും ഇന്ത്യൻ ഒടിടി രംഗത്തെ മേൽക്കൈ നിലനിർത്താനും സാധ്യമായ എല്ലാ വഴികളും ഡിസ്നി+ ഹോട്ട്സ്റ്റാർ പിന്തുടരും എന്നാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








