28,000 ടെലിമാര്‍ക്കറ്റിംഗ് ഫോണുകള്‍ വിച്ഛേദിച്ചു

Posted By: Staff

28,000 ടെലിമാര്‍ക്കറ്റിംഗ് ഫോണുകള്‍ വിച്ഛേദിച്ചു

കോളുകള്‍ ചെയ്ത് ശല്യപ്പെടുത്തുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികളുടെ 27,984 ടെലിഫോണ്‍ കണക്ഷനുകള്‍ ഡിസ്‌കണക്റ്റ് ചെയ്തു. ഇത് കൂടാതെ രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കായി 44,810 നോട്ടീസുകളും നല്‍കിയതായി കമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. മന്ത്രി രാജ്യസഭയില്‍ അറിയിച്ചതാണിക്കാര്യം.

ടെലിമാര്‍ക്കറ്റിംഗ് കമ്പനികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ സ്വകാര്യനമ്പറുകള്‍ ഉപയോഗിച്ച്  എസ്എംഎസോ കോളുകളോ ചെയ്താല്‍ ആദ്യമുന്നറിയിപ്പായി അവയ്ക്ക് നോട്ടീസ് നല്‍കുകയും രണ്ടാമതായി കണക്ഷന്‍ വിഛേദിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു.

എത്ര തവണ ലംഘനം നടത്തുന്നു എന്നതിനനുസരിച്ച് 25,000 രൂപ മുതല്‍ 2.5ലക്ഷം രൂപ വരെ പിഴയാണ് കമ്പനികളില്‍ നിന്ന് ഈടാക്കുന്നത്. ആറാമതും ആവര്‍ത്തിക്കുന്ന ലംഘനത്തിന്റെ ഭാഗമായി കണക്ഷന്‍ പൂര്‍ണ്ണമായും നിരോധിക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തുകയും ചെയ്യുന്നതാണ്.

ഇത്തരം അനാവശ്യകോളുകളില്‍ നിന്ന് രക്ഷനേടാന്‍ ഉപയോക്താക്കള്‍ നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്ററിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. നാഷണല്‍ ഡു നോട്ട് കോള്‍ രജിസ്റ്ററി എന്നായിരുന്നു ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. ടോള്‍ ഫ്രീ നമ്പറായ 1909ലേക്ക് ഡയല്‍ ചെയ്‌തോ അതേ നമ്പറിലേക്ക്  'start 0' എന്ന് ടൈപ്പ് ചെയ്‌തോ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot