ദാരുണം! 31 വയസുള്ള സോഫ്ട്വേർ എൻജിനീയർ ഗൂഗിൾ ന്യൂയോർക്ക് ഓഫീസ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തു
ടെക് ലോകത്തെ വമ്പനായ ഗൂഗിളിനെ നടുക്കി ജീവനക്കാരന്റെ ആത്മഹത്യ. 31 വയസുള്ള സോഫ്ട്വേർ എൻജിനീയറായ ജീവനക്കാരനാണ് ഗൂഗിളിന്റെ ന്യൂയോർക്കിലെ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഗൂഗിളിനെ ഞെട്ടിച്ച അതീവ ദാരുണമായ ഈ ആത്മഹത്യ നടന്നത്.
അടുത്തിടെ ഗൂഗിളിന്റെ ഓഫീസിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ മരിച്ച യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ പോലീസും കുടുംബവും തയാറായിട്ടില്ല. ഈ വർഷം ഫെബ്രുവരിയിലും ഗൂഗിൾ ഓഫീസിൽ ആത്മഹത്യ നടന്നിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ ഗൂഗിൾ അധികൃതരും പ്രതികരിച്ചിട്ടില്ല.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, 15 നിലകളുള്ള ആർട്ട് ഡെക്കോ കെട്ടിടത്തിന് എതിർവശത്ത് വെസ്റ്റ് 15-ാം സ്ട്രീറ്റിന് മുന്നിൽ അബോധാവസ്ഥയിൽ ഒരാൾ നിലത്ത് കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് അവിടെയെത്തിയവർ അമേരിക്കയിലെ എമർജൻസി നമ്പറായ 911 ലേക്ക് ഒന്നിലധികം തവണ വിളിക്കുകയും സംഭവം അറിയിക്കുകയും ചെയ്തു.
അധികം വൈകാതെ പോലീസ് എത്തി യുവാവിനെ ബെല്ലെവ്യൂ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗൂഗിൾ ഓഫീസിന്റെ 14-ാം നിലയിലെ ഓപ്പൺ എയർ ടെറസിന്റെ വരമ്പിൽ നിന്ന് ഇയാളുടെ വിരലടയാളം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് ഇയാൾ ഇവിടെനിന്ന് ചാടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

എന്നാൽ സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റ് വീഡിയോ സന്ദേശങ്ങളോ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അധികൃതർ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്താത്തതിനാൽ ഇയാൾ ഏത് നാട്ടുകാരനാണെന്ന് പൊതുജനങ്ങൾക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യക്ക് കാരണം എന്താണ് എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.
രണ്ട് - മൂന്ന് മാസം മുമ്പ് കൃത്യമായി പറഞ്ഞാൽ ഈ വർഷം ഫെബ്രുവരിയിൽ ഗൂഗിൾ ജീവനക്കാരനായ മറ്റൊരു സോഫ്ട്വേർ എൻജിനീയറും ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ അതുപക്ഷേ ഓഫീസിൽ വച്ച് ആയിരുന്നില്ല. കമ്പനിയുടെ മാൻഹട്ടൻ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന മുപ്പത്തിമൂന്നുകാരനായ ജേക്കബ് പ്രാറ്റ് ആണ് അന്ന് ആത്മഹത്യ ചെയ്തത്.
ഫെബ്രുവരി 16 ന് ചെൽസിയിലെ വെസ്റ്റ് 26-ആം സ്ട്രീറ്റിന്റെയും 6-ആം അവന്യൂവിന്റെയും ജങ്ഷനിലുള്ള ഒരു അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ ആണ് ജേക്കബ് പ്രാറ്റിനെ കണ്ടെത്തിയത്. ഗൂഗിളിൽ പാർട്നർഷിപ്പ് ലീഡ് എന്ന സ്ഥാനമാണ് ജേക്കബ് പ്രാറ്റ് വഹിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

എന്നാൽ ചരമവാർത്തയിലും മറ്റ് ചില സ്രോതസുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളും പറയുന്നത് ഗൂഗിളിൽ അക്കൗണ്ടിംഗ് മാനേജർ എന്ന പോസ്റ്റാണ് ജേക്കബ് പ്രാറ്റ് വഹിച്ചിരുന്നത് എന്നാണ്. എന്തായാലും നാലുവർഷമായി ഗൂഗിളിൽ ജോലി ചെയ്തുവരികയായിരുന്നു ജേക്കബ്. ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേക്കബ് പ്രാറ്റ് ബിരുദം നേടിയിരുന്നു.
ബ്രൂക്ലിനിലെ ബുഷ്‌വിക്ക് അയൽപക്കത്താണ് പ്രാറ്റ് താമസിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ മരണം റിപ്പോർട്ട് ചെയ്ത ലാൻസിങ് സ്റ്റേറ്റ് ജേണൽ വെളിപ്പെടുത്തുന്നു. ജേക്കബ് പ്രാറ്റിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാണോ ആത്മഹത്യയ്ക്ക് കാരണം, ജോലി സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഗൂഗിളിൽ നിലനിൽക്കുന്നുണ്ടോ എന്നുള്ള ചോദ്യങ്ങളും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.


Click it and Unblock the Notifications








