4 മിനിറ്റിന്റെ അദ്ഭുതം! പറഞ്ഞത് ചെയ്ത് കാണിച്ച് റിയൽമി; 320W സൂപ്പർസോണിക് ചാർജ് ടെക്നോളജി എത്തി
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജി അവതരിപ്പിച്ച് റിയൽമി. 320W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ഓഗസ്റ്റ് 14ന് അവതരിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച റിയൽമി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നിറവേറ്റിക്കൊണ്ട്, ചൈനയിലെ ഷെൻഷെനിലുള്ള റിയൽമി ആസ്ഥാനത്ത് നടന്ന കമ്പനിയുടെ 828 ഫാൻ ഫെസ്റ്റിവലിൽ റിയൽമി തങ്ങളുടെ 320W സൂപ്പർസോണിക് ചാർജ് ടെക്നോളജി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. 4 മിനിറ്റിന്റെ അദ്ഭുതം എന്നാണ് ഈ ഫാസ്റ്റ് ചാർജിങ് ടെക്നോളജിയെ റിയൽമി വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫോൾഡഡ് ബാറ്ററിയും അഡ്വാൻസ്ഡ് സേഫ്റ്റി സൊല്യൂഷനുകളും റിയൽമി ഈ ഇവന്റിൽ പരിചയപ്പെടുത്തി.
എന്താണ് 4 മിനിറ്റിന്റെ അദ്ഭുതം: റിയൽമിയുടെ പുതിയ 320W സൂപ്പർസോണിക് ചാർജ് ടെക്നോളജിക്ക് 4420mAh ബാറ്ററിയുള്ള സ്മാർട്ട്‌ഫോണിനെ വെറും 4 മിനിറ്റും 30 സെക്കൻഡും കൊണ്ട് പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. അതിനാലാണ് ഈ ടെക്നോളജിയെ 4 മിനിറ്റിന്റെ അത്ഭുതം എന്ന് വിളിക്കുന്നത്.

റിയൽമി 320W സൂപ്പർസോണിക് ചാർജ് ടെക്നോളജി വഴി ഒരു മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്ഫോൺ ബാറ്ററിയെ 26% കപ്പാസിറ്റിയിലേക്ക് ചാർജ് ചെയ്യാൻ കഴിയും, ഒരു ഫോൺ 50% വരെ ചാർജ് ചെയ്യാൻ ഇതിന് രണ്ട് മിനിറ്റിൽ താഴെ സമയം മതി. പഴയ ടെക്നോളജികളെ മറികടന്ന് വളരെ വേഗത്തിൽ ഫോണിനെ ചാർജ് ചെയ്യാൻ കഴിയുന്ന ഈ പുതിയ ടെക്നോളജി സ്മാർട്ട്ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഉയർന്ന പവർ, ഒതുക്കമുള്ള വലിപ്പം, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെ വിവിധ വെല്ലുവിളികൾ മറികടന്ന് ഈ ഫാസ്റ്റ് ചാർജിങ് ടെക്നോളജി വികസിപ്പിച്ചെടുക്കാൻ രണ്ട് വർഷത്തെ ഗവേഷണം നടത്തിയതായി റിയൽമി വെളിപ്പെടുത്തി. സ്മാർട്ട്ഫോണുകൾക്കായുള്ള ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ബാറ്ററിയും റിയൽമി അവതരിപ്പിച്ചു.

ഫോൾഡബിൾ ഡിവൈസുകളുടെ മെക്കാനിക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 4420mAh ശേഷിയുള്ള ഫോൾഡബിൾ ബാറ്ററിയാണ് റിയൽമി അവതരിപ്പിച്ചത്. ഈ ക്വാഡ്-സെൽ ബാറ്ററിയിൽ ഒരേസമയം ചാർജ് ചെയ്യാൻ കഴിയുന്ന നാല് സെല്ലുകൾ ഉൾക്കൊള്ളുന്നു. ഓരോ സെല്ലും 3 മില്ലീമീറ്ററിൽ താഴെ കട്ടിയുള്ളതാണ്, എങ്കിലും പരമ്പരാഗത ഡിസൈനുകളെ അപേക്ഷിച്ച് 10% കപ്പാസിറ്റി ഈ സെല്ലുകൾക്ക് കൂടുതലാണ്.
ലോകത്തിലെ ആദ്യത്തെ ക്വാഡ്-സെൽ സ്മാർട്ട്‌ഫോൺ ബാറ്ററിയാണ് ഇതിലൂടെ റിയൽമി അടയാളപ്പെടുത്തിയിരിക്കുന്നത്. സ്ലിം ഡിസൈൻ നിലനിർത്തിക്കൊണ്ടു തന്നെ സ്മാർട്ട്ഫോണുകളിൽ ഫാസ്റ്റ് ചാർജിങ് പിന്തുണ ഉറപ്പാക്കാൻ ഈ ബാറ്ററിക്ക് കഴിയുമെന്ന് റിയൽമി പറയുന്നു. ഫാസ്റ്റ് ചാർജിങ് സംബന്ധിച്ച് ഉപയോക്താക്കൾക്ക് സുരക്ഷാ ആശങ്കൾ ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ ആദ്യ "എയർഗാപ്പ്" വോൾട്ടേജ് ട്രാൻസ്ഫോമറും റിയൽമി അവതരിപ്പിച്ചു.
എന്താണ് എയർഗാപ്പ് വോൾട്ടേജ് ട്രാൻസ്ഫോമർ: ഇത് സ്‌മാർട്ട്‌ഫോണുകൾക്കായുള്ള കോൺടാക്റ്റ്-ഫ്രീ ഇലക്‌ട്രോമാഗ്നെറ്റിക് കൺവേർഷൻ അവതരിപ്പിക്കുന്നു. സർക്യൂട്ട് തകരാറുകൾ പോലെയുള്ള ഗുരുതരമായ തകരാറുകൾ ഉണ്ടായാൽ, ഉയർന്ന വോൾട്ടേജ് ബാറ്ററിയിൽ നിന്ന് വേർപെടുത്തിയിരിക്കുന്നത് ഉറപ്പാക്കുന്നു, ഇത് ഫലത്തിൽ അപകടസാധ്യതയില്ലാത്ത ചാർജിംഗ് ലിങ്ക് സൃഷ്ടിക്കുന്നു. ഒരു വിരൽത്തുമ്പിനെക്കാൾ ചെറുതാണ് ഈ ട്രാൻസ്ഫോമർ.

അസാധാരണമായ കൺവേർഷൻ കാര്യക്ഷമതയും പവർ മാനേജ്‌മെൻ്റും നിലനിർത്തിക്കൊണ്ട് ബാറ്ററിയെ സംരക്ഷിക്കുന്നതിനായി ഇത് വോൾട്ടേജ് വെറും 20V ആയി കുറയ്ക്കുന്നു, 320W സൂപ്പർസോണിക് ചാർജിനെ ഏകദേശം 98% ഊർജ്ജക്ഷമത കൈവരിക്കാൻ പ്രാപ്തമാക്കുന്നു. "പോക്കറ്റ് കാനൺ" എന്നറിയപ്പെടുന്ന 320W സൂപ്പർസോണിക് ചാർജിൻ്റെ ചാർജറിന് ഒരു ക്യൂബിക് സെൻ്റീമീറ്ററിന് 3.3W എന്ന അവിശ്വസനീയമായ പവർ ഡെൻസിറ്റി ഉണ്ട്.
എല്ലാ ഡിവൈസുകളിലും ഉപയോഗിക്കുന്നതിനായി UFCS (320W വരെ), PD, SuperVOOC എന്നിവയുൾപ്പെടെയുള്ള ഏറ്റവും വിപുലമായ മുഖ്യധാരാ ചാർജിംഗ് പ്രോട്ടോക്കോളുകളെ പിന്തുണയ്ക്കുന്നു. ഒരേസമയം ഫാസ്റ്റ് ചാർജിംഗിനായി ഡ്യുവൽ USB-C ഔട്ട്പുട്ടുകൾക്കൊപ്പം, ഇത് റിയൽമി ഫോണുകൾക്ക് 150W, അനുയോജ്യമായ ലാപ്‌ടോപ്പുകൾക്ക് 65W പവർ വാഗ്ദാനം ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാൽ സ്മാർട്ട്ഫോണുകൾ ഇനി കൂടുതൽ സ്മാർട്ടാകും. അത്യാവശ്യ സമയത്ത് ഫോൺ ചാർജ് തീർന്നുപോയാൽ മുൻപ് ഒരുപാട് ബുദ്ധിമുട്ടേണ്ടിയിരുന്നു. എന്നാൽ റിയൽമിയുടെ പുതിയ 320W സൂപ്പർസോണിക് ചാർജ് ടെക്നോളജി പിന്തുണയോടെ എത്തുന്ന സ്മാർട്ട്ഫോണുകൾ ഒരു ചായ കുടിച്ച് തീരും മുമ്പ് തന്നെ ഫോൺ ഫുൾ ചാർജാക്കി കൈയിൽ തരും. ഇത് ജനപ്രീതി നേടുന്നതോടെ മറ്റ് സ്മാർട്ട്ഫോൺ കമ്പനികളും ഇതേ പാത പിന്തുടരാൻ നിർബന്ധിതരാകും.


Click it and Unblock the Notifications








