ഇന്ത്യയിലെ 50 ശതമാനം കമ്പ്യൂട്ടറുകളും വൈറസിന്റെ പിടിയില്‍

By Bijesh
|

ഇന്ത്യയിലെ 50 ശതമാനം കമ്പ്യൂട്ടറുകളും വൈറസ്ബാധയേറ്റതാണെന്ന് കണ്ടെത്തല്‍. ആന്റിവൈറസ് നിര്‍മാതാക്കളായ കാസ്‌പെറസ്‌കി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ രാജ്യത്തു നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാസ്പറെസ്‌കി റിപ്പോര്‍ട്ട് തയാറാക്കിയത്‌. വൈറസ് ബാധയേറ്റ ഡി.വി.ഡിയോ യു.എസ്.ബിയോ ഉപയോഗിച്ചതിനാലാണു പകുതിയിലധികം കമ്പ്യൂട്ടറുകളില്‍ വൈറസ് പടര്‍ന്നതെന്നാണു കണ്ടെത്തല്‍. ഇത്തരത്തിലുള്ള വൈറസ് ആക്രമണം രാജ്യത്തെ 53,974,712 കമ്പ്യൂട്ടറുകളെ ബാധിച്ചുവെന്നും കാസ്‌പെറസ്‌കി പറയുന്നു.

ഇന്ത്യയിലെ 50 ശതമാനം കമ്പ്യൂട്ടറുകളും വൈറസിന്റെ പിടിയില്‍

അപകടകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ രാജ്യത്തെ 36 ശതമാനത്തോളം കമ്പ്യൂട്ടറുകളില്‍ വൈറസ്ബാധ ഉണ്ടായിട്ടുണ്ട്. വൈറസ്ബാധയുള്ള വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതോ ഫയലുകള്‍ ഡൈൗണ്‍ലോഡ് ചെയ്തതോ ആണ് കാരണം. 19,938,954 കമ്പ്യൂട്ടറുകളിലാണ് ഇത്തരത്തില്‍ വൈറസ്ബാധയുണ്ടായത്. ഇത്തരം വൈറസ് ആക്രമണത്തില്‍ ഇന്ത്യ 15-ാം സ്ഥാനത്താണ്. ഇ-മെയിലുകള്‍ വഴിയും സ്പാം സന്ദേശങ്ങള്‍ വഴിയും വൈറസ്ബാധയുണ്ടായതായും കാസ്‌പെറസ്‌കിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് ആക്രമണം തടയാനുള്ള ചില മാര്‍ഗങ്ങള്‍

ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക

വൈറസിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. നിരവധി സൗജന്യ ആന്റി വൈറസുകള്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നുണ്ട്. ചില കമ്പനികള്‍ ആന്റി വൈറസിന്റെ ട്രയല്‍ വേര്‍ഷനും നല്‍കുന്നുണ്ട്. അതുമല്ലെങ്കില്‍ പണം നല്‍കിയും ആന്റി വൈറസ് വാങ്ങാം.

ഫയര്‍വാള്‍ തുറന്നുവയ്ക്കുക

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അനാവശ്യമായ ലിങ്കുകള്‍ കടന്നുവരുന്നത് തടയാനും അതുവഴി വൈറസിനെ തടയാനും ഫയര്‍വാള്‍ സഹായിക്കും.

സംശയം തോന്നുന്ന ഇ-മെയിലുകള്‍ തുറക്കാതിരിക്കുക

ഇ-മെയിലുകള്‍ വഴിയുള്ള ലിങ്കുകളിലൂടെ വൈറസുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. സംശയം തോന്നുന്ന ഇ-മെയിലുകളോ ലിങ്കുകളോ തുറക്കാതിരിക്കുക എന്നതാണ് ഇതുതടയാനുള്ള മാര്‍ഗം. ഇത്തരം ലിങ്കുകളും മെയിലുകളും തടയുന്നതിനുള്ള ആന്റിവൈറസുകളും നിലവിലുണ്ട്.

ഫയലുകള്‍ ബാക്ക് അപ് ചെയ്യുക

വൈറസ് ആക്രമണം മൂലം ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഫയലുകള്‍ ബാക്ക് അപ് ചെയ്യുന്നത് ഉപകരിക്കും. ഓണ്‍ലൈന്‍ ബാക്ക് അപ് സര്‍വീസുകളും ഇതിനായി ഉപയോഗിക്കാം.

സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക

ഹാക്കര്‍മാരെ തടയാനും അതുവഴി വൈറസില്‍ നിന്നു രക്ഷനേടാനും സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉപകരിക്കും. എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ പാസ്‌വേഡുകള്‍ക്കു പകരം അക്ഷരങ്ങളും അക്കങ്ങളും അടയാളങ്ങളും ചേര്‍ത്ത നീളമുള്ള പാസ്‌വേഡുകളാണ് സുരക്ഷിതം.

വ്യജന്‍മാരെ ഒഴിവാക്കുക

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും വ്യാജ സിഡികള്‍ ഉപയോഗിക്കുന്നതും കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X