BSNL 5G: POC - സഹായവുമായി ജാപ്പനീസ് കമ്പനി റാക്കുടെൻ, മെട്രോയിലെ 5ജിക്ക് പാർട്നറായി സൗദി കമ്പനി ACES
ബിഎസ്എൻഎല്ലിന്റെ 5ജിയുമായി ബന്ധപ്പെട്ട രണ്ട് നിർണായക പദ്ധതികളിൽ രണ്ട് വിദേശ കമ്പനികളുടെ സാന്നിധ്യവും സഹായവും ഉണ്ടായേക്കും. ഉടൻ തന്നെ 5ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ ബിഎസ്എൻഎൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. അതിന് മുൻപ് ഒരു 5ജി PoC (proof of concept) നടത്താൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതിന് ബിഎസ്എൻഎല്ലിന് ജാപ്പനീസ് മൾട്ടിനാഷണൽ കമ്പനിയായ റാകുട്ടെൻ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള റാകുട്ടെൻ സിംഫണി (akuten Symphony) കമ്പനിയുടെ സഹായം ഉണ്ടായേക്കും എന്ന് സൂചനകൾ വന്നിരിക്കുന്നു. കേന്ദ്ര സർക്കാർ നയം അനുസരിച്ച് ബിഎസ്എൻഎല്ലിന് വിദേശ കമ്പനികളുടെ ടെക്നോളജി ഉപയോഗിച്ച് 4ജി, 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ അനുമതിയില്ല.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തേജസ് നെറ്റ്‌വർക്സ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ നിർണായക സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കിയ ഒരു പ്രധാന കമ്പനിയാണ്. ടിസിഎസ് നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള കൺസോർഷ്യത്തിൽ തേജസ് നെറ്റ്വർക്സും ഉൾപ്പെടുന്നു. ഈ തേജസ് നെറ്റ്‌വർക്ക്സുമായി റാകുടെൻ ഇതിനകം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം നേടാൻ റാകുടെൻ ആഗ്രഹിക്കുന്നു. അതിനിടെയാണ് ഇപ്പോൾ 5ജി വ്യാപനത്തിൽ ബിഎസ്എൻഎല്ലിനെ സഹായിക്കാൻ റാക്കുടെനും സഹകരിച്ചേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. , "ഞങ്ങൾ തേജസുമായി പ്രവർത്തിക്കുന്നു, ബിഎസ്‌എൻഎല്ലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബിഎസ്‌എൻഎല്ലുമായി ഉടൻ ഒരു 5G പിഒസി ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു." എന്ന് റാക്കുടെൻ മൊബൈലിന്റെ സഹ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും റാകുട്ടെൻ സിംഫണിയുടെ പ്രസിഡന്റുമായ ശരദ് ശ്രീവാസ്തവ പറഞ്ഞു.
2025 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) ൽ റാക്കുടെൻ തങ്ങളുടെ 5G സജ്ജീകരണം പ്രദർശിപ്പിച്ചിരുന്നു. ആ സജ്ജീകരണം ഉപയോഗിച്ച് കമ്പനികൾ നിരവധി കോളുകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീവാസ്തവ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാവിയിൽ ബിഎസ്എൻഎൽ 5ജി വ്യാപനത്തിൽ റാകുടെൻ സഹകരിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. പക്ഷേ മറ്റൊരു സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ബിഎസ്എൻഎല്ലിന് തേജസ് നെറ്റ്വർക്സുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന് നൽകുന്നതിനായി ടെക്നോളജി വികസിപ്പിക്കാനും ഇന്ത്യൻ വിപണിയിൽ അത് പരീക്ഷിക്കാനും തേജസ് നെറ്റ്വർക്സിനെ സഹായിക്കാൻ റാകുടെൻ സിംഫണിക്ക് കഴിയും. ഈ ജാപ്പനീസ് കമ്പനി ഇന്ത്യയിൽ ഇതിനകം തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 3000 ജീവനക്കാരും ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഓഫീസുകളും ഇവർക്കുണ്ട്. റാക്കുടെൻ- തേജസ് സഹകരണം ബിഎസ്എൻഎൽ 5ജി വ്യാപനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബിഎസ്എൻഎൽ 5ജിയുമായി ബന്ധപ്പെട്ട് വരുന്ന മറ്റൊരു വാർത്ത സൗദി കമ്പനിയായ ACES ന്റെ അനുബന്ധ സ്ഥാപനമായ ACES ഇന്ത്യയുമായി ബന്ധപ്പെട്ടാണ്. മുംബൈ മെട്രോയിലെ 4ജി, 5ജി കണക്റ്റിവിറ്റിക്ക് ശക്തി പകരുന്നത് ബിഎസ്എൻഎല്ലും ACES ഇന്ത്യയുമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. ഇത് മുംബൈയുടെ മുഴുവൻ മെട്രോ നെറ്റ്‌വർക്കിനായല്ല. പുതുതായി ആരംഭിച്ച മുംബൈ മെട്രോ അക്വാ ലൈൻ-3-നുള്ളതാണ്.
മെട്രോ ഉപയോക്താക്കൾക്ക് തടസമില്ലാത്ത നെറ്റ്‌വർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ രണ്ട് കമ്പനികളും മുംബൈ മെട്രോ നെറ്റ്‌വർക്കിൽ 4G, 5G ഇൻ-ബിൽഡിംഗ് സൊല്യൂഷനുകൾ വിന്യസിക്കും. 27 സ്റ്റേഷനുകളും അനുബന്ധ ടണൽ നെറ്റ്‌വർക്കുകളും ഉൾപ്പെടെ 33.5 കിലോമീറ്റർ ഭൂഗർഭ ഇടനാഴി മുഴുവൻ കണക്ടിവിറ്റി പരിധിയിൽ വരുത്താൻ ഈ കമ്പനികൾ ലക്ഷ്യമിടുന്നു.

"അക്വാ ലൈൻ-3 IBS റോൾഔട്ട് ഭൂഗർഭ കണക്റ്റിവിറ്റിക്കും പൊതു സേവന വിതരണത്തിനും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കും." എന്ന് ബിഎസ്എൻഎൽ മഹാരാഷ്ട്ര സർക്കിളിന്റെ ചീഫ് GM ഹരീന്ദർ കുമാർ മക്കർ പറഞ്ഞു. മെട്രോ ട്രെയിനുകളിൽ ധാരാളം ആളുകളുണ്ട്, അതിനാൽ ശേഷി ലോഡ് കാരണം നെറ്റ്‌വർക്ക് ശേഷി പ്രശ്നങ്ങൾ നേരിടാം. ഉപഭോക്താക്കൾക്ക് ശരിയായ കണക്റ്റിവിറ്റി അനുഭവം ഉറപ്പാക്കാൻ ബിഎസ്‌എൻഎല്ലും എസിഇഎസ് ഇന്ത്യയും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications







