ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനീ; 5ജി: പലയിടത്തും എയർടെലിന് സ്പീഡ് കൂടി, ജിയോയ്ക്ക് കുറഞ്ഞു
രാജ്യത്തെ 5ജി വ്യാപനം ജിയോയുടെയും എയർടെലിന്റെയും നേതൃത്വത്തിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പലയിടങ്ങളിലും 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. 5ജി വ്യാപനം നടക്കുന്നതേയുള്ളൂ എന്നതിനാൽ ഈ രണ്ട് കമ്പനികളും നിലവിൽ 5ജി ഡാറ്റയ്ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നുമില്ല. 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്ത വൊഡാഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിന്റെയും ഒരു വിഭാഗം വരിക്കാരെ പ്രലോഭിപ്പിക്കാനും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകളിലൂടെ എയർടെലിനും ജിയോയ്ക്കും കഴിഞ്ഞിട്ടുണ്ട്. നിലവിൽ 5ജി വ്യാപനത്തിൽ എയർടെലിനെക്കാൾ മുൻപിൽ ജിയോയാണ് എന്നാണ് മുൻപ് പുറത്തുവന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം 5ജി എത്തി എന്ന് പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് കാര്യമായ വേഗത ലഭ്യമാകുന്നില്ല എന്ന് ചില ടെലിക്കോം ഉപയോക്താക്കൾ അടുത്തിടെയായി പരാതികൾ ഉയർത്തുന്നുണ്ട്. ഇതിനിടയ്ക്ക് ഇപ്പോൾ ഇന്ത്യയിലെ 5ജി വേഗതയുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ മിക്ക ടെലിക്കോം സർക്കിളുകളിലും എയർടെലിന്റെ 5ജി വേഗത മെച്ചപ്പെട്ടു എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.

ടെലിക്കോം രംഗത്തും 5ജി വ്യാപനത്തിലും ജിയോയുടെ ശക്തനായ എതിരാളിയാണ് എയർടെൽ. വരിക്കാരുടെ എണ്ണത്തിൽ ജിയോയാണ് മുൻപിലുള്ളത്. എങ്കിലും നെറ്റ്‌വർക്ക് ഇൻ്റലിജൻസ് സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ പുതിയ പഠന റിപ്പോർട്ട് പറയുന്നത് 5ജി വേഗതയുടെ കാര്യത്തിൽ ഇപ്പോൾ പല ടെലിക്കോം സർക്കിളുകളിലും എയർടെൽ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. അതേസമയം ജിയോയുടെ കാര്യം നേരേ തിരിച്ചാണ്.
2022 മുതൽ എയർടെൽ 5ജി വ്യാപനത്തിൽ സജീവമാണ്. ജിയോ 5G SA (സ്റ്റാൻഡലോൺ) വിന്യസിക്കുന്നു. എയർടെൽ 5G NSA (നോൺ-സ്റ്റാൻഡലോൺ) വിന്യസിക്കുന്നു. ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവയൊഴികെ രാജ്യത്തെ മറ്റെല്ലാ ടെലിക്കോം സർക്കിളുകളിലും 2023 ക്വാർട്ടർ 1നും 2024 ക്വാർട്ടർ 1നും ഇടയിൽ എയർടെല്ലിൻ്റെ 5 ജി ഡൗൺലോഡ് വേഗത വർദ്ധിച്ചു.
ഇന്ത്യയുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് 5ജി എത്തുകയും 5ജി ലഭ്യത വർധിക്കുകയും ചെയ്തതോടെ ശരാശരി ഡൗൺലോഡ് വേഗത കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. എയർടെൽ മേൽ പറഞ്ഞ കാലയളവിൽ ഡൗൺലോഡ് വേഗതയിൽ മുന്നേറ്റം കാഴ്ചവച്ചപ്പോൾ, ജിയോയുടെ കാര്യത്തിൽ നേർ വിപരീതമായി വേഗതയിൽ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത് എന്ന് ഓപ്പൺ സിഗ്നൽ ഡാറ്റ പറയുന്നു.
ഉപയോക്താക്കളുടെ എണ്ണം കൂടിയതാകാം ജിയോയുടെ 5ജി വേഗത കുറയാൻ കാരണം എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം എയർടെലിന്റെ ഇരട്ടിയോടടുത്ത് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. 2024 മാർച്ച് 31 അവസാന സമയത്തെ കണക്കുകൾ പ്രകാരം എയർടെല്ലിന് ഏകദേശം 72 ദശലക്ഷം 5G വരിക്കാരുണ്ടായിരുന്നു, അതേസമയത്തെ ജിയോ 5G ഉപയോക്താക്കളുടെ എണ്ണം 110 ദശലക്ഷത്തിലധികം ആയിരുന്നു.
വിശാലമായ 5ജി കവറേജും ആവശ്യത്തിന് ഡാറ്റയും നൽകുന്നതിനാൽ ജിയോയുടെ 5ജി വേഗത കുറഞ്ഞില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ, എയർടെൽ ഉപയോക്താക്കളുടെ ശരാശരി 5G ഡൗൺലോഡ് വേഗത 2023 Q1-ൽ 260.4 Mbps ആയിരുന്നു. ഇത് 2024 Q1-ൽ എത്തിയപ്പോഴേക്കും 273.6 Mbps ആയി വർദ്ധിച്ചു.

ജിയോയുടെ 2023 Q1-ലെ ശരാശരി 5G ഡൗൺലോഡ് വേഗത 323.6 Mbps ആയിരുന്നു. എന്നാൽ 2024 Q1ൽ എത്തിയപ്പോഴേക്കും ജിയോ 5ജി വേഗത 261.8 Mbps ആയി കുറഞ്ഞു. ഉത്തർപ്രദേശ്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 5ജി ഉപയോക്താക്കളെയാണ് ഇത് കൂടുതലും പ്രതികൂലമായി ബാധിച്ചത് എന്നും ഡാറ്റകൾ പറയുന്നു.
5ജി വ്യാപനത്തിൽ ജിയോയും എയർടെലും മുന്നേറുന്നുണ്ടെങ്കിലും കൂടുതൽ മുന്നേറിയത് ജിയോയാണ്. ദേശീയതലത്തിൽ, 2023 ലെ ഒന്നാം പാദത്തിൽ ജിയോയുടെ 5G ലഭ്യത 34.9% ആയിരുന്നു. 2024 Q1ൽ ഇത് 64.9% ആയി ഉയർന്നു. അതേസമയം എയർടെലിൻ്റെ 5G ലഭ്യത 12.5% ൽ നിന്ന് 20.7% ആയി വർദ്ധിച്ചു.

അതായത് 5ജി ലഭ്യതയുടെ കാര്യത്തിൽ രാജ്യത്ത് എയർടെലിനെക്കാൾ പലമടങ്ങ് മുന്നിലാണ് ജിയോ. നിലവിൽ ചില ചില്ലറ വേഗതപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അധികം വൈകാതെ ജിയോ പോരായ്മകൾ പരിഹരിക്കുമെന്നാണ് കരുതപ്പെടുന്നത്. "700MHz ലോ-ബാൻഡ് സ്‌പെക്‌ട്രത്തിലേക്ക് ആക്‌സസ് ഉള്ള ഇന്ത്യയിലെ ഒരേയൊരു ടെലിക്കോം കമ്പനി ജിയോയാണ്.
ലോബാൻഡ് സ്പെക്ട്രം 5G മൊബൈൽ നെറ്റ്‌വർക്കുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുമങ്കിലും 5ജി ഡൗൺലോഡ് വേഗത കുറയ്ക്കുമെന്ന് കണ്ടെത്തിയതായും ഓപ്പൺസിഗ്നൽ പറയുന്നു. അടുത്തിടെയായി ജിയോ വരിക്കാർ പലരും വേഗത കുറവാണ് എന്ന് പരാതിപ്പെടുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ ഓപ്പൺസിഗ്നൽ ഡാറ്റകൾ നൽകുന്നത്.


Click it and Unblock the Notifications








