എയർപോർട്ട് പരിസരത്തെ 5ജി: ബോയിങ്ങും ഇന്ത്യൻ ടെലിക്കോം കമ്പനികളും തമ്മിൽ തർക്കം
ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പരിസരത്തെ 5ജി വ്യാപനവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്ങും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും തമ്മിൽ തർക്കം രൂക്ഷം. ഇന്ത്യയിൽ നിലവിലുള്ള
സുരക്ഷാ ലഘൂകരണ നടപടികളെക്കുറിച്ച് ബോയിങ് ആശങ്ക പ്രകടിപ്പിച്ചു, വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലെ നടപടികൾ അപര്യാപ്തമാണെന്നാണ് ബോയിങ് ചൂണ്ടിക്കാട്ടുന്നത്.
വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള 3.2 മൈൽ ( 5.1 കിലോമീറ്റർ ) പ്രദേശം 5ജി നിരോധന മേഖലയായി പ്രഖ്യാപിക്കണം എന്നാണ് ബോയിങ് ആവശ്യപ്പെടുന്നത്. നിലവിൽ 2.1 കിലോമീറ്റർ നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ബോയിങ് നിയന്ത്രണ പരിധി ഗണ്യമായി വിപുലീകരിച്ചിരിക്കുന്നത്.

അതേസമയം ബോയിങ് മുന്നോട്ടുവച്ച ഈ ആവശ്യത്തെ ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ എതിർക്കുന്നതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. ബോയിങ്ങിന്റെ ആവശ്യം അംഗീകരിച്ചാൽ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ടെലിക്കോം കമ്പനികൾ വാദിക്കുന്നു. കാരണം നിരവധി വിമാനത്താവളങ്ങൾ നഗരപ്രദേശങ്ങളുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
അതിനാൽത്തന്നെ വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള 5 കിലോമീറ്റർ പരിധിയിൽ 5ജി സേവനങ്ങൾക്കായി 3300-3670 MHz സ്‌പെക്‌ട്രം ഉപയോഗിക്കുന്നത് തടയുന്നത് അപ്രായോഗികവും രാജ്യത്തെ 5ജി വ്യാപനത്തിന് തിരിച്ചടിയുമാണെന്ന് ടെലിക്കോം ഓപ്പറേറ്റർമാർ വാദിക്കുന്നു. എന്നാൽ ബോയിങ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. റൺവേയുടെ മധ്യരേഖയിൽനിന്ന് വിമാനം വ്യതിചലിക്കുന്നതും അപ്രോച്ച് സമയത്ത് ഗ്ലൈഡ് ചരിവും ചൂണ്ടിക്കാട്ടി ബോയിങ് തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കി.

അപകട ഭീഷണി തടയാൻ നിലവിലുള്ള ലഘൂകരണ നടപടികൾ പരാജയപ്പെടുന്നു. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ നിലവിലെ 2.1 കിലോമീറ്റർ ദൂരത്തേക്കാൾ വലിയ സുരക്ഷാ മേഖല ആവശ്യമായി വരുമെന്ന് വിമാന നിർമ്മാതാക്കൾ വിശ്വസിക്കുന്നു. ശാശ്വതമായ പരിഹാരം നൽകാൻ, വിമാനത്തിന്റെ ആൾട്ടിമീറ്ററുകൾ പരിഷ്‌ക്കരിക്കാനും ബോയിംഗ് നിർദ്ദേശിക്കുന്നു.
എന്നാൽ ഇതിന് മറുപടിയായി, നിലവിലുള്ള 2.1 കിലോമീറ്റർ റൺവേ സുരക്ഷാമേഖല കുറയ്ക്കുന്ന രീതിയിൽ 5ജി ഉപകരണങ്ങൾ ക്രമീകരിക്കണമെന്ന് ടെലിക്കോം ഓപ്പറേറ്റർമാർ നിർദ്ദേശിച്ചു, അതുവഴി വിമാനത്താവളങ്ങൾക്ക് ചുറ്റും 5ജി സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും ടെലിക്കോം കമ്പനികൾ പറയുന്നു. അതേസമയം, 3.2 മൈൽ സുരക്ഷാമേഖലയ്ക്ക് ആവശ്യമായ കണക്കുകളും വിശകലനങ്ങളും നൽകാൻ ടെലിക്കോം മന്ത്രാലയം ബോയിങ്ങിനോട് അഭ്യർഥിച്ചു.
രാജ്യത്ത് 5ജി വ്യാപനം ആരംഭിച്ച ഘട്ടത്തിൽത്തന്നെ, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി സി-ബാൻഡ് ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയുൾപ്പെടെയുള്ള ടെലിക്കോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ( DoT ) ആവശ്യപ്പെട്ടിരുന്നു.
റൺവേയുടെ രണ്ടറ്റത്തുനിന്നും 2 കിലോമീറ്ററിനുള്ളിലും മധ്യരേഖയിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലും മിഡ്-ബാൻഡിലെ ( 3.3 GHz മുതൽ 3.67 GHz വരെ ) 5ജി നെറ്റ്‌വർക്കുകൾ ടെലിക്കോം കമ്പനികൾ പ്രവർത്തനരഹിതമാക്കണമെന്നും 2022 നവംബറിൽ ടെലിക്കോം മന്ത്രാലയം ടെലിക്കോം ഓപ്പറേറ്റർമാർക്ക് അയച്ച നിർദ്ദേശത്തിൽ പറയുന്നു.
ടെലിക്കോം കമ്പനികൾ സി-ബാൻഡിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ നിർണായകമായ വിമാന ഉപകരണങ്ങളെ തടസ്സപ്പെടുത്തും എന്നതിനാലാണ് ടെലിക്കോം മന്ത്രാലയം ഇത്തരമൊരു നിർദേശം നൽകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ വിമാന റേഡിയോ ഓൾട്ടിമീറ്റർ ഫിൽട്ടറുകളും മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയിലാണ്. അത് പൂർത്തിയാകുന്നതുവരെ, ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് സമീപം 5ജി വരാൻ സാധ്യതയില്ല.
വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകൾ പറന്നുയരുമ്പോഴും ലാൻഡിങ് സമയത്തും ഏറെ നിർണായകമാണ്. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമായ റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി-ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും തമ്മിൽ കൂടിക്കലരുമെന്നാണ് ആശങ്ക. ഓൾട്ടിമീറ്ററിനെ 5ജി തരംഗങ്ങൾ ബാധിച്ചാൽ, ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്.

കൂടാതെ വിമാനങ്ങൾ പർവതങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. സി-ബാൻഡിലെ 5ജി ഫ്രീക്വൻസികൾ വിമാനത്തിനുള്ളിലെ റേഡിയോ ഓൾട്ടിമീറ്റർ ഫ്രീക്വൻസികളെ ബാധിക്കുമെന്ന ആശങ്ക എഫ്എഫ്എ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) പ്രകടിപ്പിച്ചതിനെ തുടർന്ന് യുഎസിലും വിമാനത്താവളങ്ങൾക്ക് സമീപം 5ജി വൈകിപ്പിച്ചിരുന്നു.
അപകടസാധ്യത സംബന്ധിച്ച പഠനങ്ങൾക്ക് ശേഷം വിമാനത്താവളങ്ങളിൽ 5ജി ആരംഭിച്ചാൽ മതിയെന്നായിരുന്നു ടെലിക്കോം മന്ത്രാലയത്തിന്റെ അഭിപ്രായം. തുടർന്ന് പഠനങ്ങളും മറ്റും ആരംഭിച്ചിരുന്നു. അതിനിടെ നേപ്പാൾ വിമാന അപകടം ഉണ്ടായതോടുകൂടി സുരക്ഷയാണ് മുഖ്യം എന്ന വാദം ബലപ്പെട്ടു. ആ സമയത്തുതന്നെ ഫ്രഞ്ച് വ്യോമയാന അധികൃതരും വിമാനത്തിനുള്ളിലെ 5ജി ഉപയോഗം വിലക്കി.
ഇത്തരത്തിൽ ലോകത്തിൽ പലയിടത്തും വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും 5ജി ഒരു വിവാദ വിഷയമായി തുടർന്നതോടെയാണ് കേന്ദ്രം വിഷയത്തിൽ വിശദപഠനത്തിന് മുന്നിട്ടിറങ്ങിയത്. ഈ നീക്കത്തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ബോയിങ്ങിനോട് വിവരങ്ങൾ തേടിയിരിക്കുന്നത്. എന്നാൽ ടെലിക്കോം കമ്പനികൾ ബോയിങ് നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കി വിമാനത്താവളങ്ങളിൽ 5ജിയെത്തിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications







