5ജി ലോഞ്ച് 2022ൽ തന്നെ, സ്ഥിരീകരിച്ച് കേന്ദ്രം, 5ജി ആദ്യം ലഭിക്കുന്ന 13 നഗരങ്ങൾ ഏതൊക്കെ?
5ജി റോൾ ഔട്ടിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് ഏതാണ്ട് സഫലമാകുന്ന സമയം എത്തിയിരിക്കുകയാണ്. പൂർണ തോതിൽ അല്ലെങ്കിലും 2022ൽ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2022ൽ രാജ്യത്തെ 13 നഗരങ്ങളിലാണ് 5ജി ലഭ്യമാകുന്നത്. ഈ നഗരങ്ങളുടെ പട്ടികയും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നഗരങ്ങൾ ഒന്നും ഈ 13 നഗരങ്ങളിൽ ഉൾപ്പെട്ടില്ലെന്നത് നിരാശയായി. നഗരങ്ങളെക്കുറിച്ച് സ്ഥിരീകരണം നൽകിയെങ്കിലും 5ജി നെറ്റ്വർക്ക് ദാതാക്കളെ സംബന്ധിച്ച് പ്രതക്കുറിപ്പിൽ വ്യക്തതയില്ല.

പദ്ധതിയ്ക്കായി 224 കോടി ചിലവ് വരുമെന്നാണ് പത്രക്കുറിപ്പ് വ്യക്തമാക്കുന്നത്. ഇത് 2021 ഡിസംബർ 31നകം പൂർത്തിയാകുമെന്നും ഡിഒടി പറയുന്നു. അതിനാൽ, അടുത്ത വർഷം ആദ്യം മുതൽ ടെലിക്കോം കമ്പനികൾക്ക് 5ജി സേവനങ്ങളുടെ എൻഡ് ടു എൻഡ് ടെസ്റ്റിങ് ആരംഭിക്കാൻ കഴിയും. വരും മാസങ്ങളിൽ ഈ ലിസ്റ്റിലേക്ക് കൂടുതൽ നഗരങ്ങളും സ്ഥലങ്ങളും ചേർക്കപ്പെടുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

ആദ്യ ഘട്ടത്തിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നത് 13 നഗരങ്ങളിൽ ആണെന്ന് പറഞ്ഞല്ലോ. 5ജി വിന്യാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഈ നഗരങ്ങളിൽ പോലും 100 ശതമാനം 5ജി നെറ്റ്‌വർക്ക് കവറേജ് ഉണ്ടായിരിക്കില്ല എന്നതാണ് യാഥാർഥ്യം. അതായത് ഈ നഗരങ്ങളിൽ താമസിക്കുകയാണെങ്കിൽ കൂടി, പൂർണ തോതിലുള്ള 5ജി എക്സ്പീരിയൻസ് ലഭ്യമാകാൻ ഇനിയും ഏറെ നാൾ കാത്തിരിക്കണം എന്ന് സാരം.

ആദ്യം 5ജി നെറ്റ്‌വർക്ക് ലഭിക്കുന്ന 13 നഗരങ്ങൾ
- ബെംഗളൂരു
- ഹൈദരാബാദ്
- ചെന്നൈ
- മുംബൈ
- പൂനെ
- ഡൽഹി
- ഗുരുഗ്രാം
- അഹമ്മദാബാദ്
- ചണ്ഡീഗഡ്
- ഗാന്ധിനഗർ
- ജാംനഗർ
- കൊൽക്കത്ത
- ലഖ്‌നൗ

രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ടെലിക്കോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ വിഐ എന്നീ കമ്പനികൾ ഈ നഗരങ്ങളിൽ ഇപ്പോൾ തന്നെ 5ജി ട്രയലുകൾ നടത്തുകയാണ്. വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് 5ജി വിന്യാസത്തെ സഹായിക്കാൻ നിരവധി ഗവേഷണ സ്ഥാപനങ്ങളെ ടെലിക്കോം വകുപ്പ് സമീപിച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, ഹൈദരാബാദ്, മദ്രാസ്, കാൺപൂർ ഐഐടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു മുതലായ സ്ഥാപനങ്ങളുമാണ് 5ജി വിന്യാസത്തിന് പിന്തുണ നൽകുക.

5ജി സ്പെക്ട്രം ലേലം
5ജി സ്പെക്‌ട്രം ലേലവും വരും ദിവസങ്ങളിൽ രാജ്യത്ത് നടക്കും. 526-698 മെഗാ ഹെർട്സ്, 700 മെഗാ ഹെർട്സ്, 800 മെഗാ ഹെർട്സ്, 900 മെഗാ ഹെർട്സ്, 1800 മെഗാ ഹെർട്സ്, 2,100 മെഗാ ഹെർട്സ്, 2,300 മെഗാ ഹെർട്സ്, 2,500 മെഗാ ഹെർട്സ്, 3,300-3,670 മെഗാ ഹെർട്സ് എന്നിങ്ങനെ വിവിധ സ്പെക്‌ട്രം ബാൻഡുകളാണ് ഡിഒടി ലേലത്തിന് വയ്ക്കുക.

ഇതിനർഥം, നിങ്ങൾ അടുത്തിടെ 5ജി ശേഷിയുള്ള ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങുകയാണെങ്കിലോ ഒരെണ്ണം വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലോ, ഈ 5ജി ബാൻഡുകളിൽ ഭൂരിഭാഗത്തിനെയും പിന്തുണയ്ക്കുന്ന ഡിവൈസ് ആണെന്ന് ഉറപ്പാക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് എല്ലാ ടെലിക്കോം കമ്പനികളും നൽകുന്ന 5ജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാം. നിലവിൽ, എയർടെൽ, വിഐ, ജിയോ എന്നിവ 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു. കൂടാതെ മൂന്ന് ബ്രാൻഡുകളും എത്രയും വേഗം 5ജി സേവനങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

എന്റെ ഡിവൈസിൽ 5ജി ലഭ്യമാകുമോ?
മേൽപ്പറഞ്ഞ എല്ലാ 5ജി ബാൻഡുകളെയും പിന്തുണയ്ക്കുന്ന ഒരു 5ജി സ്മാർട്ട്ഫോൺ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ പിന്നെ ആശങ്ക പുലർത്തേണ്ട കാര്യമില്ല. വിവിധ കമ്പനികൾ നൽകുന്ന 5ജി നെറ്റ്വർക്കുകളിലേക്ക് നിങ്ങൾക്ക് ആക്സസ് ലഭ്യമാകും. നിങ്ങളുടെ കയ്യിൽ 5ജി പിന്തുണയുള്ള ഒരു ഐഫോൺ ഉണ്ടെങ്കിൽ (ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 13) അത് 5ജി നെറ്റ്‌വർക്കിനെ പിന്തുണയ്ക്കാൻ സാധ്യത കൂടുതലാണ്. അതേ സമയം ഒന്നോ രണ്ടോ 5ജി ബാൻഡുകൾക്ക് മാത്രം പിന്തുണ നൽകുന്ന ആൻഡ്രോയിഡ് ഫോൺ ആണ് കൈവശം ഉള്ളതെങ്കിൽ 5ജി പിന്തുണ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.


Click it and Unblock the Notifications








