5ജിയും വ്യോമയാന സുരക്ഷയും; ആശങ്കയറിയിച്ച് അമേരിക്കൻ ഏജൻസി
ലോകരാജ്യങ്ങൾ 5ജി റോൾ ഔട്ട് തുടങ്ങിയതിന് പിന്നാലെ പല തരത്തിലുള്ള ആശങ്കകളറിയിച്ച് നിരവധി ഏജൻസികളും വ്യക്തികളും രംഗത്ത് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും അഭ്യൂഹങ്ങളും അർദ്ധസത്യങ്ങളും ആണെന്നതാണ് വാസ്തവം. 5ജി വ്യോമ ഗതാഗതത്തെ അപകടകരമായി ബാധിക്കുമെന്നതാണ് ഏറ്റവും പുതിയ ആശങ്ക. ലോകത്തെ ഏറ്റവും മികച്ച വ്യോമയാന ഏജൻസികളിൽ ഒരെണ്ണം ആണ് ആശങ്ക അറിയിക്കുന്നു എന്നതാണ് വിഷയത്തിന്റെ ഗൌരവം കൂട്ടുന്നത്. അമേരിക്കയിലെ വ്യോമയാന മേഖല നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ആണ് വിഷയത്തിൽ കൺസേൺ അറിയിച്ചിരിക്കുന്നത്. കൂടാതെ 5ജി വയർലെസ് നെറ്റ് വർക്ക് വ്യോമയാന സുരക്ഷയെ ബാധിക്കുമെന്ന് ഔപചാരിക മുന്നറിയിപ്പ് നൽകാൻ എഫ്എഎ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെയും സമീപ മേഖലയിലെയും അന്താരാഷ്ട്ര വ്യോമ ഗതാഗതം നിയന്ത്രിക്കുന്ന ഏജൻസിയാണ് എഫ്എഎ.

സി-ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനേക്കുറിച്ചുള്ള ആശങ്കകൾ നേരത്തെ വ്യോമയാന മേഖലയിലെ വിവിധ കമ്പനികൾ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരു വർഷമായി ഇത്തരം ചർച്ചകൾ സജീവമായിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട വ്യോമയാന ഏജൻസി തന്നെ ഇത്തരമൊരു ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ ചർച്ചകൾ വീണ്ടും ചൂട് പിടിക്കുമെന്ന് ഉറപ്പാണ്. ഡിസംബർ അഞ്ച് മുതൽ രാജ്യത്തെ 46 മേഖലകളിൽ 5ജി സ്പെക്ട്രം ഉപയോഗിച്ച് തുടങ്ങാൻ സർവീസ് പ്രൊവൈഡർമാർ തയ്യാറെടുക്കുമ്പോഴാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സി ബാൻഡിലെ 5ജി നെറ്റ്വർക്ക് പ്രവർത്തനം വിമാനങ്ങളിലെ റഡാർ ആൾട്ടി മീറ്ററിനെ ബാധിക്കുമെന്നാണ് പ്രധാനപ്പെട്ട ആശങ്ക. ആൾട്ടി മീറ്റർ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ വിമാനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. സമാന ആശങ്കകൾ പങ്ക് വയ്ക്കുന്ന, എഫ്എഎ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബ്രാഡ്‌ലി മിംസിന്റെ കത്തിനെക്കുറിച്ചും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. "ഏവിയേഷനും 5ജി സെല്ലുലാർ സാങ്കേതിക വിദ്യയും സുരക്ഷിതമായി ഒന്നിച്ച് പോകാൻ കഴിയുന്ന തരത്തിൽ മറ്റ് ഏജൻസികളുമായി ചർച്ചകൾ തുടരുകയാണ്" എഫ്എഎ വക്താവ് വെള്ളിയാഴ്ച പറഞ്ഞു.

വ്യോമയാന മേഖലയുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് അമേരിക്കയിലെ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളെ നിയന്ത്രിക്കുന്ന ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനും (എഫ്സിസി) പറയുന്നു. പുതിയ സാങ്കേതിക വിദ്യകൾ പുറത്തിറക്കുമ്പോൾ തങ്ങൾക്കുള്ളത് മികച്ച ട്രാക്ക് റെക്കോർഡ് ആണ്. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിൽ എജൻസി പ്രതിജ്ഞാബദ്ധമാണെന്നും കമ്മീഷൻ പറയുന്നു. ഒക്ടോബർ 14ന് ചേർന്ന എഫ്സിസി-എഫ്എഎ യോഗത്തിൽ വിഷയത്തേക്കുറിച്ച് നിരവധി റൌണ്ട് ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ആശങ്കകളെക്കുറിച്ച് പ്രത്യേക ഇൻഫർമേഷൻ ബുള്ളറ്റിനും നിർദേശങ്ങളും പുറപ്പെടുവിക്കാൻ എഫ്എഎ നീക്കം ആരംഭിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വാൾസ്ട്രീറ്റ് ജേർണലും സമാനമായ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

എയ്‌റോസ്‌പേസ്, എയർലൈൻ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികൾ ഓഗസ്റ്റിൽ എഫ്‌സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വ്യോമ ഗതാഗതത്തെ 5ജി റോൾ ഔട്ട് സാരമായി ബാധിക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം അടക്കം വെട്ടിച്ചുരുക്കേണ്ടി വരുമെന്നും കമ്പനികൾ പറഞ്ഞിരുന്നു. അതേ സമയം സി-ബാൻഡ് റോൾ ഔട്ടിനെ പിന്തുണച്ച് അമേരിക്കയിലെ വയർലെസ് ട്രേഡ് ഗ്രൂപ്പ് സിടിഐഎ രംഗത്ത് വന്നിരുന്നു. 5ജി സി ബാൻഡ് സുരക്ഷിതമാണെന്നാണ് സിടിഐഎയുടെ നിലപാട്. ഏവിയേഷൻ ഉപകരണങ്ങളെ ദോഷകരമായി ബാധിക്കാതെ സി-ബാൻഡ് സ്പെക്ട്രം ഉപയോഗിക്കാൻ കഴിയും. 40 ഓളം രാജ്യങ്ങളിൽ ഇപ്പോൾ തന്നെ 5ജി നെറ്റ്വർക്കുകൾ സി ബാൻഡ് ഉപയോഗിക്കുന്നുണ്ട്. ഇനിയും വൈകിയാൽ 5ജി മത്സരത്തിൽ അമേരിക്ക പിന്നിലായി പോകുമെന്നും സിടിഐഎ പറയുന്നു.

എക്കാലത്തും 5ജി-സി ബാൻഡ് ഉപയോഗിക്കാതിരിക്കുന്ന സാഹചര്യത്തേക്കുറിച്ച് ചിന്തിക്കാൻ ആവില്ലെന്ന് വ്യോമയാന മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ തന്നെ പറയുന്നുണ്ട്. ഔട്ട്-ഓഫ്-ബാൻഡ് ഫിൽറ്ററുകൾ ഉപയോഗിച്ച് ആൾട്ടിമീറ്ററുകൾ പുനർ നിർമിക്കുക എന്നതാണ് ദീർഘകാല പരിഹാരം. എന്നാൽ ഈ സാങ്കേതിക വിദ്യ വ്യാവസായികമായി പുറത്തിറങ്ങാൻ വർഷങ്ങൾ സമയം പിടിക്കും. ഈ കാലഘട്ടത്തിൽ സി-ബാൻഡ് പ്രശ്നങ്ങൾ അവഗണിച്ച് വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആകില്ല. അനേകായിരം സിവിൽ വിമാനങ്ങൾ സർവീസ് നടത്താനാകാതെ നിർത്തിയിടേണ്ട സാഹചര്യവും ഉണ്ടായേക്കാം. ഇത് വ്യോമയാന മേഖലയെ പൂർണമായി തകർക്കും. ചർച്ചകൾക്കൊടുവിൽ ഇരു മേഖലകളെയും ഗുരുതരമായി ബാധിക്കാത്ത തരത്തിൽ പ്രശ്നപരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും വ്യോമയാന മേഖല ഒന്നടങ്കം പറയുന്നു.


Click it and Unblock the Notifications








